ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ നിയമനം യോഗ്യതയിലും വെള്ളം ചേര്‍ത്ത് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് യോഗ്യതകള്‍ മറികടന്ന് രാഷ്ട്രീയ നിയമനം നടത്താന്‍ മാനദണ്ഡങ്ങളിലും മാറ്റം വരുത്തി സര്‍ക്കാര്‍. അംഗങ്ങള്‍ക്കാവശ്യമായ യോഗ്യത ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിന് വേണ്ടെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ വ്യക്തമാക്കുന്നു.
ബാലാവകാശ കമ്മിഷന്‍ അംഗമാകുന്നതിനു അപേക്ഷിക്കാന്‍ കുട്ടികളുടെ സംരക്ഷണം, ബാലാവകാശ നിയമം, വിദ്യാഭ്യാസം തുടങ്ങി കുട്ടികളുമായി ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് പത്തുവര്‍ഷത്തെ അനുഭവസമ്പത്ത് വേണമെന്നാണ് ഈ വര്‍ഷം മാര്‍ച്ച് 22ന് സര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷനില്‍ പറയുന്നത്. എന്നാല്‍ ചെയര്‍പേഴ്‌സണ്‍ നിയമനത്തിനു അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷനില്‍ ഈ യോഗ്യതാമാനദണ്ഡം ഉള്‍പ്പെടുത്തിയിട്ടില്ല.
കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയും ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ ഉള്ള അവാര്‍ഡുകളും ഈ മേഖലയിലെ പ്രവൃത്തിപരിചയവുമാണ് ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കുള്ള യോഗ്യതയായി മുന്‍ വര്‍ഷങ്ങളില്‍ നിശ്ചയിച്ചിരുന്നത്.
അതല്ലെങ്കില്‍ സര്‍ക്കാര്‍ സര്‍വിസില്‍ സെക്രട്ടറി റാങ്കില്‍ പ്രവര്‍ത്തിച്ചിരിക്കണം. എന്നാല്‍ ഈ വര്‍ഷം പുറത്തിറക്കിയ നോട്ടിഫിക്കേഷനില്‍ ഈ യോഗ്യതകളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. ഫലത്തില്‍ അംഗമാകാന്‍ വേണ്ട യോഗ്യത പോലും കമ്മിഷന്‍ ചെയര്‍പേഴ്‌സണിന് വേണ്ടെന്ന വിചിത്രമായ നിലപാടാണ് സാമൂഹിക നീതി വകുപ്പും സര്‍ക്കാരും സ്വീകരിച്ചത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിക്കുമ്പോള്‍ തന്നെ രാഷ്ട്രീയ നിയമനത്തിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നുവെന്നാണ് വ്യക്തമാകുന്നത്. സംസ്ഥാനത്ത് കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പദിവിയിലേക്ക് ജില്ലാ ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവരെ മറികടന്ന് തലശ്ശേരിയിലെ ഒരു അഭിഭാഷകന്‍ മാത്രമായ മനോജ്കുമാറിനെ നിയമിക്കാനുള്ള നീക്കം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. സ്‌കൂള്‍ പി.ടി.എയില്‍ പ്രവര്‍ത്തിച്ചുവെന്നതായിരുന്നു കുട്ടികളുമായി ബന്ധപ്പെട്ട് മനോജ്കുമാറിനുള്ള അനുഭവ സമ്പത്ത്. കാസര്‍കോട് ജില്ലാ ജഡ്ജി എസ്.എച്ച് പഞ്ചാപകേശന്‍, തലശേരി ജില്ലാ ജഡ്ജി ടി.ഇന്ദിര തുടങ്ങിയവര്‍ റാങ്ക് ലിസ്റ്റില്‍ പിന്നിലാവുകയും മനോജ്കുമാര്‍ ഒന്നാമതെത്തുകയും ചെയ്തു. മന്ത്രി കെ.കെ ശൈലജ ഉള്‍പ്പെട്ട സമിതിയായിരുന്നു അഭിമുഖം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."