രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി സ്റ്റാര്‍ ക്യാംപയിനര്‍ പ്രിയങ്കയെത്തുന്നു, വയനാട്ടില്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സഹോദരി കൂടിയായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും വയനാട്ടില്‍ എത്തുന്നു. എന്നാണ് പ്രിയങ്ക വരികയെന്ന് വ്യക്തമായിട്ടില്ല. പ്രിയങ്ക കൂടി എത്തുന്നതോടെ കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ സ്റ്റാര്‍ പ്രചരണം തന്നെയാണ് കോണ്‍ഗ്രസിന് നടത്താനാവുക.
കോണ്‍ഗ്രസില്‍ ഔദ്യോഗികമായി രാഷ്ട്രീയപ്രവേശനം നടത്തുന്നതിനു മുന്‍പേ, സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേത്തിയിലും പ്രിയങ്ക സജീവമായി പ്രചരണ പരിപാടികളില്‍ സംബന്ധിക്കുമായിരുന്നു. ഇപ്പോള്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക കഴിഞ്ഞദിവസങ്ങളില്‍ ഈ മണ്ഡലങ്ങളില്‍ പര്യടനം നടത്തിയിരുന്നു.
വലിയ ആള്‍ക്കൂട്ട സമ്മേളനങ്ങളെ അപേക്ഷിച്ച്, ഉള്‍ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ചെറുകൂട്ടങ്ങളെ സംബോധന ചെയ്യുന്നതാണ് പ്രിയങ്കയുടെ രീതി. ഗംഗാ നദീതീരത്തു കൂടി മൂന്നു ദിവസം പ്രിയങ്ക നടത്തിയ ബോട്ട് യാത്ര ഇക്കാര്യത്തില്‍ ശ്രദ്ധേയമായിരുന്നു.
പ്രിയങ്കയെ പ്രചരണത്തിന് എത്തിക്കാന്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ നേരത്തെ ശ്രമം നടത്തിയിരുന്നു. എന്നാല്‍, കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ മാത്രം പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രിയങ്കയെ നിയോഗിച്ചിരുന്നത്. കണ്ണൂരില്‍ എത്തിയാല്‍, കര്‍ണാടകയില്‍ നിന്നടക്കമുള്ള ക്ഷണത്തെ നിരസിക്കാനാവില്ലെന്നതും പിന്തിരിയാല്‍ കാരണമായി. പ്രിയങ്ക കര്‍ണാടകയില്‍ പ്രചരണം നടത്താന്‍ വരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ഉത്തര്‍പ്രദേശില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ നീക്കങ്ങള്‍ക്കും പ്രചരണ പരിപാടികള്‍ക്കും നേതൃത്വം നല്‍കുന്ന തിരക്കിലാണ് ഇപ്പോള്‍ പ്രിയങ്കാ ഗാന്ധി. എങ്കിലും, രാഹുല്‍ ഗാന്ധി മത്സരിക്കുന്ന മണ്ഡലമെന്ന നിലയ്ക്ക് വയനാട്ടിനെ ഒഴിവാക്കാന്‍ പ്രിയങ്കയ്ക്കാവില്ല. ഊരുകളിലും ഗോത്രമേഖലകളിലും സന്ദര്‍ശനം നടത്തി ഉത്തര്‍പ്രദേശ് മോഡല്‍ പ്രചരണം തന്നെയായിരിക്കുമോ വയനാട്ടിലും പ്രിയങ്ക കാഴ്ചവയ്ക്കുന്നതെന്നും പറയാനാവില്ല.
എന്തായാലും വയനാട്ടിനും കേരളത്തിനും ദേശീയ രാഷ്ട്രീയ മുഖം കൂടി കൈവരികയാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ. രാഹുലിനെ പ്രഖ്യാപിച്ചതു മുതല്‍ ആവശേത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും പ്രിയങ്ക കൂടി എത്തുന്നതോടെ കൂടുതല്‍ സജീവമാകും.
വയനാടുമായി നെഹ്‌റു കുടുംബത്തിന് വൈകാരിക ബന്ധവും
രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഏറെ വൈകാരിക ബന്ധം കൂടി വയനാടിനോടുണ്ട്. അച്ഛന്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലി പാപനാശിനിയിലാണ് നിമജ്ജനം ചെയ്തത്. 1991 മെയ് 30ന് കെ. കരുണാകരനും എ.കെ ആന്റണിയും ചേര്‍ന്ന് രാഹുല്‍ ഗാന്ധിയില്‍ നിന്ന് ഏറ്റുവാങ്ങിയാണ് പാപനാശിനിയിലെ നീരുറവയില്‍ ഒഴുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."