മോളൂര്‍ ഇബ്രാഹീം മുസ്‌ലിയാരെ ഇന്ന് ആദരിക്കും
നെല്ലായ: മോളൂര്‍ മഹല്ല് നേതൃസ്ഥാനത്ത് അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വി.പി ഇബ്രാഹീം മുസ്‌ലിയാരെ മഹല്ല് നിവാസികള്‍ ആദരിക്കുന്നു. അല്‍ ബിര്‍റ് മോളൂര്‍ മഹല്ല് പ്രവാസി കൂട്ടായ്മ പള്ളിക്കുവേണ്ടി നിര്‍മ്മിച്ചു നല്‍കുന്ന കാന്റീന്‍ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. വാഴക്കാപറമ്പില്‍ മുഹമ്മദ് കുട്ടി മുസ്ലിയാരുടെയും ബീവിയുമ്മയുടെയും മകനായി 1940 ല്‍ മോളൂരില്‍ ജനിച്ച ഇബ്രാഹീം മുസ് ലിയാര്‍ പ്രാഥമിക പഠനം ബാപ്പയില്‍ നിന്നാണ് അഭ്യസിച്ചത്. പതിനഞ്ചാം വയസ്സിലാണ് ദര്‍സ് പഠനം ആരംഭിക്കുന്നത്. മോളൂര്‍, വല്ലപ്പുഴ, മേച്ചേരി, മാരായമംഗലം, അന്‍വരിയ്യ, ആലത്തൂര്‍പടി തലക്കടത്തൂര്‍, പൊടിയാട് തുടങ്ങിയ സ്ഥലങ്ങളിലെ പഠനത്തിന് ശേഷം 1969ല്‍ പട്ടിക്കാട് അറബിക് കോളജില്‍ ഉപരിപഠനം നടത്തി. തുടര്‍ന്ന് 1971ല്‍ പഠനം കഴിഞ്ഞ് തിരിച്ചെത്തി മോളൂര്‍ മഹല്ലിന്റെ നേതൃപദവി ഏറ്റെടുക്കുകയായിരുന്നു. ദര്‍സ് പഠനകാലത്തുതന്നെ പിതാവിന് പകരം ജുമുഅക്ക് നേതൃത്വം നല്‍കാറുണ്ടായിരുന്നു. മോളൂര്‍ മഹല്ല് കൂടാതെ വല്ലപ്പുഴ യാറം, പൊട്ടച്ചിറ മലയില്‍, പേങ്ങാട്ടിരി, അരങ്ങത്തുകുണ്ട് തുടങ്ങിയ സ്ഥലങ്ങളിലും ഖാസി സ്ഥാനം വഹിക്കുന്നു. ശംസുല്‍ ഉലമ ഇകെ അബൂബക്കര്‍ മുസ്‌ലിയാര്‍, കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാര്‍, നാട്യമംഗലം വീരന്‍ മുസ്‌ലിയാര്‍,ആലിപ്പറമ്പന്‍ കുഞ്ഞീതു മുസ്‌ലിയാര്‍,അബ്ദുല്‍ റഹ്മാന്‍ ഫള്ഫരി, കെ.കെ ഹസ്‌റത്ത്, ജേഷ്ഠ സഹോദരന്‍ ഉണ്ണീന്‍ കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരാണ് ഗുരുവര്യര്‍. ഇന്ന് രാത്രി ഏഴ് മണിക്ക് നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, ഷിയാസലി വാഫി വടക്കാഞ്ചേരി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."