കൊവിഡ് വരുന്നത് ഇന്ത്യയില്‍ നിന്ന്; ആരോപണം ആവര്‍ത്തിച്ച് നേപ്പാള്‍
കാഠ്മണ്ഡു: രാജ്യത്തെ കൊവിഡ് ബാധിതരില്‍ 90 ശതമാനവും വിദേശത്തുനിന്ന് വരുന്നവരാണെന്നും ഇതിലധികവും ഇന്ത്യയില്‍ നിന്ന് വന്നവരാണെന്നും ആരോപിച്ച് നേപ്പാള്‍. കൊവിഡ് ബാധിതരുടെ എണ്ണം 10,000ത്തിനടുത്ത് എത്തിയ സാഹചര്യത്തിലാണ് ഇന്ത്യക്കെതിരേ പുതിയ ആരോപണം ഉന്നയിച്ചത്. നേരത്തെ ചൈനയില്‍ നിന്നുള്ളതിനേക്കാള്‍ മാരകമാണ് ഇന്ത്യയില്‍ നിന്നുള്ള വൈറസെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി ആരോപിച്ചിരുന്നു.
നേപ്പാളിലെ 77 ജില്ലകളില്‍ 75ലും കൊവിഡ് വ്യാപിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തില്‍ കൊവിഡ് ബാധ കുറവായിരുന്ന രാജ്യത്ത് ഞായറാഴ്ച മാത്രം 421 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് അടുത്തിടെ മടങ്ങിയെത്തിയ തൊഴിലാളികളാണ് കൊവിഡ് ബാധിതരില്‍ 90 ശതമാനവുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പകര്‍ച്ചവ്യാധി വിഭാഗം ഡയറക്ടര്‍ ഡോ. ബസുദേവ് പാണ്ഡെ പറഞ്ഞു. ഇതില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. കൊവിഡ് ബാധിതരില്‍ 98 ശതമാനവും പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ രാഷ്ട്രീയഭൂപടം പുറത്തിറക്കിയതും അതിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്. നേപ്പാള്‍ കാലാപാനിക്കു സമീപം പട്ടാള ക്യാംപ് നിര്‍മിക്കുമെന്ന് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."