ഉദുമല്‍പ്പേട്ട് ദുരഭിമാനക്കൊല വധശിക്ഷ റദ്ദാക്കി; പെണ്‍കുട്ടിയുടെ പിതാവിനെ ഹൈക്കോടതി വെറുതെവിട്ടു
മറ്റു അഞ്ചു പ്രതികള്‍ക്കും ശിക്ഷയിളവ്
ചെന്നൈ: കോളിളക്കമുണ്ടാക്കിയ ഉദുമല്‍പ്പേട്ട് ദുരഭിമാന കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ചിന്നസ്വാമിയെ മദ്രാസ് ഹൈക്കോടതി വെറുതെവിട്ടു. മറ്റു അഞ്ചു പ്രതികളുടെ വധശിക്ഷ കോടതി 25 വര്‍ഷം തടവായി കുറച്ചു. ജസ്റ്റിസുമാരായ സത്യനാരായണന്‍, എം. നിര്‍മല്‍ കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. ചിന്നസ്വാമിയുടെ മകള്‍ കൗസല്യയുടെ ഭര്‍ത്താവ് 22കാരനായ ശങ്കറാണ് കൊല്ലപ്പെട്ടത്. കേസിലെ മറ്റു പ്രതികളായ കൗസല്യയുടെ മാതാവ് അന്നലക്ഷ്മി, അമ്മാവന്‍ പാണ്ടി ദുരെ എന്നിവരെ കീഴ്‌ക്കോടതി വെറുതെ വിട്ടിരുന്നു. ഇത് ഹൈക്കോടതി ശരിവച്ചു.
പട്ടിക ജാതിക്കാരനായ ശങ്കറിനെ കൗസല്യ പ്രണയിച്ച് വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് കൗസല്യയുടെ ബന്ധുക്കള്‍ ശങ്കറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. എഞ്ചിനീയറിങ് വിദ്യാര്‍ഥിയായിരുന്നു ശങ്കര്‍. രണ്ടു വര്‍ഷം മുന്‍പാണ് പ്രതികള്‍ക്ക് കീഴ്‌ക്കോടതി വധശിക്ഷ വിധിച്ചത്. കൗസല്യയുടെ അമ്മയെയും അമ്മാവനെയും വെറുതെ വിട്ട കീഴ്‌ക്കോടതി നടപടിക്കെതിരേ പോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഉദുമല്‍പ്പേട്ട് ബസ്റ്റാന്റില്‍ വച്ചാണ് ഏഴുപേരടങ്ങുന്ന ഗുണ്ടാ സംഘം ശങ്കറിനെ കുത്തിക്കൊന്നത്. കൊലയുടെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും തമിഴ്‌നാട്ടില്‍ കടുത്ത പ്രതിഷേധമുയരുകയും ചെയ്തു.
ചിന്നസ്വാമിയാണ് ശങ്കറിനെ കൊലപ്പെടുത്താന്‍ ഗുണ്ടകളെ അയച്ചതെന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തല്‍.
പ്രതികളെല്ലാം അറസ്റ്റിലാവുകയും ചെയ്തു. കൊല നടക്കുന്നതിന് രണ്ടു വര്‍ഷം മുന്‍പ് പൊള്ളാച്ചി എഞ്ചിനീയറിങ് കോളജില്‍ പഠിക്കവെയാണ് ശങ്കറും കൗസല്യയും കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്തത്. ഇവരുടെ ബന്ധത്തെ കൗസല്യയുടെ ബന്ധുക്കള്‍ എതിര്‍ത്തു. എന്നാല്‍ ഇരുവരും വിവാഹിതരാവുകയും കൗസല്യ ശങ്കറിന്റെ വീട്ടില്‍ താമസമാക്കുകയും ചെയ്തു. എട്ടു മാസത്തിന് ശേഷം ശങ്കറിന്റെ ജന്‍മദിനാഘോഷത്തിനായി പുതുവസ്ത്രമെടുക്കാന്‍ ഇരുവരും ഉദുമല്‍പ്പേട്ട് എത്തിയപ്പോഴായിരുന്നു കൊല. ആക്രമണത്തില്‍ കൗസല്യക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കൗസല്യ പിന്നീട് ശങ്കറിന്റെ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. കേസില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ക്ക് പുറമെ കൗസല്യയുടെ മൊഴിയും നിര്‍ണായകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."