ഗാല്‍വാന്‍ ആക്രമണം വ്യാജപ്രചാരണം നയതന്ത്രത്തിന് പകരമാകില്ല
വാക്കുകള്‍ കരുതലോടെ വേണം
ന്യൂഡല്‍ഹി: ഗാല്‍വാന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്. വ്യാജ പ്രചാരണം നയതന്ത്രത്തിനും മികച്ച തീരുമാനങ്ങളെടുക്കുന്ന നേതൃത്വത്തിനും പകരമാവില്ലെന്നു അദ്ദേഹം പറഞ്ഞു. അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പുറത്തുവിടരുത്. വാക്കുകള്‍ കരുതലോടെ ഉപയോഗിക്കണം. അവ തങ്ങളുടെ വാദത്തെ ന്യായീകരിക്കുന്നതിന് ഉപയോഗിക്കാന്‍ ചൈനയെ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചു കടന്നിട്ടില്ലെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്‍മോഹന്‍ സിങിന്റെ പ്രതികരണം. ജീവത്യാഗം ചെയ്ത സൈനികരോട് നീതി പുലര്‍ത്തണം. വ്യാജ പ്രജാരണങ്ങള്‍ക്കൊണ്ട് സത്യങ്ങളെ മറച്ചുവയ്ക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
' 20 ധീര സൈനികര്‍ രാജ്യത്തിനായി അവസാന ശ്വാസംവരെ പോരാടി. അവരുടെ ത്യാഗം വെറുതെയാകാന്‍ പാടില്ല. ഇപ്പോള്‍ എടുക്കുന്ന ഏതുതീരുമാനവും വരുന്ന തലമുറ വിലയിരുത്തും. പവിത്രമായ ഒരു കടമയാണ് രാജ്യം ഭരിക്കുന്ന നേതൃത്വത്തിന് നിര്‍വഹിക്കാനുള്ളത്. ജനാധിപത്യത്തില്‍ ഈ പരമമായ ഉത്തരവാദിത്തം ഉള്ളത് പ്രധാനമന്ത്രിക്കാണ്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി തന്റെ വാക്കുകളും പ്രഖ്യാപനങ്ങളും രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും തന്ത്രപരമായ താല്‍പര്യങ്ങള്‍ക്കും എന്ത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നത് മനസ്സിലാക്കി മാത്രമെ സംസാരിക്കാന്‍ പാടുള്ളൂ,' അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയിട്ടില്ലെന്ന് മോദി പറഞ്ഞതിന് പിന്നാലെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."