ഗര്‍ഭിണിയായത് കൊണ്ട് മാത്രം സഫൂറ സര്‍ഗാറിന് ജാമ്യം നല്‍കരുതെന്ന് ഡല്‍ഹി പൊലിസ്
സഫൂറ പൗരത്വനിയമ ഭേദഗതിക്കെതിരേ ആളുകളെ സംഘടിപ്പിച്ചെന്നു പൊലിസ്
ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്നേക്ക് മാറ്റി
ന്യൂഡല്‍ഹി: ഗര്‍ഭിണിയാണെന്ന കാരണത്താല്‍ ജാമിഅ വിദ്യാര്‍ഥി സഫൂറ സര്‍ഗാറിന് ജാമ്യം നല്‍കേണ്ടതില്ലെന്ന് ഡല്‍ഹി പൊലിസ്. സഫൂറയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഡല്‍ഹി പൊലിസ് ഈ നിലപാട് സ്വീകരിച്ചത്. ഡല്‍ഹി കലാപത്തില്‍ സഫൂറയ്ക്ക് നേരിട്ടു പങ്കുണ്ടെന്നതിന് ശക്തമായ തെളിവുണ്ടെന്ന് പറഞ്ഞ ഡല്‍ഹി പൊലിസ് എന്നാലത് എന്താണെന്ന് കോടതി മുമ്പാകെ വെളിപ്പെടുത്താന്‍ തയാറായില്ല. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും അത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നുമായിരുന്നു പൊലിസ് വാദം. 24 ആഴ്ച ഗര്‍ഭിണിയായ സഫൂറ ഇപ്പോള്‍ തിഹാര്‍ ജയിലിലാണുള്ളത്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ സഫൂറ സര്‍ഗാര്‍ ആളുകളെ സംഘടിപ്പിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തതായി പൊലിസ് കോടതിയില്‍ പറഞ്ഞു.
ഡല്‍ഹിയില്‍ 21 സ്ഥലത്ത് ഷഹീന്‍ ബാഗ് മോഡല്‍ റോഡ് ബ്ലോക്ക് സമരം നടത്തി. സമരസ്ഥലത്ത് രഹസ്യമായി ഓഫിസ് സ്ഥാപിക്കുകയും സമരത്തിന് ആവശ്യമായ മുദ്രാവാക്യങ്ങള്‍, പ്രസംഗങ്ങള്‍ തുടങ്ങിയവ രഹസ്യമായി തയാറാക്കുകയും ചെയ്തു. ഗൗരവമുള്ള കുറ്റമാണ് സഫൂറ ചെയ്തതെന്നും ഡല്‍ഹി പൊലിസ് ചൂണ്ടിക്കാട്ടി. ഗര്‍ഭിണിയാണെന്നതു കൊണ്ട് കുറ്റത്തിന്റെ ഗൗരവം കുറയില്ല. ഗര്‍ഭിണികള്‍ തടവില്‍ തുടരുന്നതിന്റെ മുന്‍ ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. സഫൂറയെ ഒരു സെല്ലില്‍ തനിച്ചാണ് പാര്‍പ്പിച്ചിരിക്കുന്നത്.
അതിനാല്‍ കൊവിഡ് ബാധിക്കുമെന്ന പേടി വേണ്ട. ജയിലില്‍ പ്രസവം നടക്കുന്നതിന് മാര്‍ഗരേഖ തന്നെയുണ്ടെന്നും ഡല്‍ഹി പൊലിസ് ഡപ്യൂട്ടി കമ്മീഷണര്‍ പി.എസ് കുശാവ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. സഫൂറയുടെ ജാമ്യാപേക്ഷയില്‍ മറുപടി സമര്‍പ്പിക്കാന്‍ കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി ഡല്‍ഹി പൊലിസിനോട് നിര്‍ദേശിച്ചത്.
വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാന്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 751 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും 14 പേര്‍ അറസ്റ്റിലായതായും പൊലിസ് കോടതിയെ അറിയിച്ചു. അതേസമയം ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ് ചെയ്ത സ്‌കൂള്‍ മാനേജറെ തെളിവുകളുടെ അഭാവത്തില്‍ കോടതി ജാമ്യത്തില്‍ വിട്ടു. ശിവ് വിഹാറിലെ രാജ്ധാനി പബ്ലിക് സ്‌കൂള്‍ മാനേജര്‍ ഫൈസല്‍ ഫാറൂഖിനെയാണ് ജാമ്യത്തില്‍ വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."