വാട്ടര്‍ കിയോസ്‌ക്കുകള്‍ ഉടന്‍ റെഡിയാകും; പക്ഷേ, വെള്ളമെത്തുമോ?
മഞ്ചേരി: കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പത്തു വില്ലേജുകളില്‍ വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. പാണക്കാട്, പാണ്ടിക്കാട്, കാരക്കുന്ന്, എളങ്കൂര്‍, എടവണ്ണ, കാവനൂര്‍, കിഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, നറുകര, പയ്യനാട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ വാട്ടര്‍കിയോസ്‌ക്കുകള്‍ സജ്ജമാകുന്നത്. എന്നാല്‍, ഇവയിലേക്കു വെള്ളമെത്തിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കുന്നതിന്റെ അവസാനഘട്ട പ്രവൃത്തികളാണിപ്പോള്‍ പുരോഗമിക്കുന്നത്. അയ്യായിരം മുതല്‍ പതിനായിരം ലിറ്റര്‍വരെ വെള്ളം സംഭരിക്കാവുന്ന വലിയ സിന്‍ടെക്‌സ് ടാങ്കുകള്‍ സ്ഥാപിച്ചു കുടിവെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി.
ജനങ്ങള്‍ക്കു വെള്ളം ശേഖരിക്കുന്നതിന് ഒരു വാട്ടര്‍ കിയോസ്‌ക്കില്‍ രണ്ടു ടാപ്പുകളാണുള്ളത്. കിയോസ്‌ക്കുകളിലേക്കു ജല അതോറിറ്റിയുടെ ജലസംഭരണികളില്‍നിന്നാണ് ആവശ്യമായ വെള്ളം എത്തിക്കേണ്ടത്. ഇതിനു പക്ഷേ, ടാങ്കര്‍ ലോറി ഉടമകള്‍ തയാറാകാത്തതാണ് കാര്യങ്ങള്‍ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നതെന്നാണ് റവന്യൂവകുപ്പ് അധികൃതര്‍ പറയുന്നത്.
ഒരു കിലോമീറ്റര്‍ ദൂരത്തേക്കു വെള്ളമെത്തിക്കാന്‍ 240 രൂപ കണക്കില്‍ ലോറി ഉടമകളില്‍നിന്നു ക്വട്ടേഷന്‍ ക്ഷണിക്കാനായിരുന്നു ആദ്യഘട്ടത്തില്‍ തീരുമാനം. എന്നാല്‍, ഈ രീതിയില്‍ വിതരണം ചെയ്യാന്‍ ടാങ്കര്‍ ലോറി ഉടമകള്‍ തയാറായില്ല.
തുടര്‍ന്നു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളില്‍ 10 കിലോമീറ്ററിനു 1,050 രൂപ നിരക്കില്‍ നല്‍കാമെന്നാക്കിയെങ്കിലും അതും ഫലം കണ്ടിട്ടില്ല. അതേസമയം, ജില്ലയിലാകട്ടെ, മിക്ക പഞ്ചായത്തുകളും അതിരൂക്ഷമായ കുടിവെള്ള പ്രതിസന്ധിയെ നേരിടുകയുമാണ്.
പ്രധാനമായും പട്ടികജാതി, പട്ടികവര്‍ഗ കോളനികള്‍, ആദിവാസി സെറ്റില്‍മെന്റുകള്‍, സ്‌കൂളുകള്‍, പുനരധിവാസ പാക്കേജുകള്‍ നടപ്പാക്കിയ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് പദ്ധതിക്കു പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. എന്നാല്‍, തുടക്കത്തലെ കല്ലുകടി പരിഹരിച്ചില്ലങ്കില്‍ കുടിനീരില്ലാതെ ഗ്രാമങ്ങളും നഗരങ്ങളും വലയുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."