പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി
സംസ്ഥാന മനുഷ്യാവകാശകമ്മിഷനും ദേശീയ വനിതാകമ്മിഷനും റിപ്പോര്‍ട്ട് തേടി
കൊല്ലം: യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് ചന്തുലാലിനും ഭര്‍തൃമാതാവ് ഗീതാ ലാലിനുമെതിരേ പൊലിസ് കൊലക്കുറ്റത്തിന് കേസെടുത്തു. സ്ത്രീധനത്തുകയായ രണ്ടു ലക്ഷം രൂപ നല്‍കാത്തതിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിടുകയായിരുന്നെന്ന് പ്രതികള്‍ പൊലിസിനോട് പറഞ്ഞു. യുവതി അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ചതിനാല്‍ സ്ത്രീധനപീഡന മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍ പൊലിസ് അന്വേഷണത്തില്‍ കൊലപാതകം ആസൂത്രിതമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കൊലക്കുറ്റം ചുമത്തിയത്.. ചന്തുലാലിനും ഗീതാലാലിനും പുറമെ ചന്തുലാലിന്റെ സഹോദരിക്കെതിരേയും കേസെടുക്കണമെന്ന് മരണമടഞ്ഞ തുഷാരയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
കേസില്‍ അന്വേഷണം കാര്യക്ഷമമാക്കാന്‍ ദേശീയ വനിതാകമ്മിഷന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ടും ദേശീയവനിതാ കമ്മിഷന്‍ തേടിയിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. റൂറല്‍ ജില്ലാ പൊലിസ് മേധാവി സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് കമ്മിഷനംഗം കെ. മോഹന്‍ കുമാര്‍ ആവശ്യപ്പെട്ടു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. മാര്‍ച്ച് 21ന് ചെങ്കുളം പറണ്ടോട്ടുള്ള ഭര്‍തൃഗൃഹത്തില്‍ അവശനിലയിലായ തുഷാരയെ (27) കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തുഷാരയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവായ ചന്തുലാലിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു.
ബന്ധുക്കള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹപരിശോധന നടത്തി. ഏറെനാളായി തുഷാരയ്ക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്നും പോഷകാഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് മരണമെന്നും കണ്ടെത്തി. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും കണ്ടെത്തിയിരുന്നു. 2013ലായിരുന്നു തുഷാരയുടെയും ചന്തുലാലിന്റെയും വിവാഹം. മൂന്നു മാസമായപ്പോള്‍ മുതല്‍ രണ്ടുലക്ഷം രൂപ സ്ത്രീധനം നല്‍കണമെന്ന് ചന്തുലാല്‍ തുഷാരയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തുക നല്‍കിയിരുന്നില്ല. തുടര്‍ന്ന് ചന്തുലാലും അമ്മയും ചേര്‍ന്ന് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
കല്യാണം കഴിഞ്ഞതിന് ശേഷം സ്വന്തം വീട്ടുകാരുമായി ബന്ധം പുലര്‍ത്താന്‍ പോലും യുവതിയെ അനുവദിച്ചിരുന്നില്ല. ബന്ധുക്കള്‍ എത്തിയാല്‍ കാണാന്‍ അനുവദിച്ചിരുന്നില്ല. ബന്ധുക്കള്‍ വന്നതിന്റെ പേരില്‍ ഭര്‍ത്താവും മാതാവും ചേര്‍ന്ന് യുവതിയെ ക്രൂര മര്‍ദനത്തിനിരയാക്കുകയും ചെയ്തിരുന്നു. പഞ്ചസാരവെള്ളവും അരി കുതിര്‍ത്തതും മാത്രമാണ് തുഷാരയ്ക്ക് നല്‍കിയിരുന്നതെന്ന് പൊലിസ് പറഞ്ഞു. ചന്തുലാലിന്റെ വീടിന് ചുറ്റും തകരഷീറ്റ് കൊണ്ട് നാലുപാടും ഉയരത്തില്‍ മറച്ചിരുന്നു. ഗീതാലാല്‍ വീട്ടില്‍ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്നതായും ഇതിനായി സന്ദര്‍ശകര്‍ എത്തിയിരുന്നതായും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."