'മാപ്പുസാക്ഷിയാകാന്‍ ഓഫറുകള്‍ വച്ച് നിര്‍ബന്ധിക്കുന്നു': മൂന്ന് മണിക്കൂര്‍ പരോളില്‍ കോഴിക്കോട്ടെത്തിയ അലന് ശുഹൈബ്
കോഴിക്കോട്: മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പരോള്‍ അനുവദിച്ചതിനെ തുടര്‍ന്ന് പന്തീരാങ്കാവ് യു.എ.പി.എ കേസിലെ ഒന്നാം പ്രതി അലന് ശുഹൈബ് കോഴിക്കോട്ടെ ബന്ധുവീട്ടിലെത്തി മടങ്ങി. അസുഖബാധിതയായ അമ്മൂമ്മയുടെ സഹോദരിയെ കാണാന്‍ പരോള്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി അലന് കൊച്ചി എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പരോള്‍ അനുവദിച്ചത്.
'മാപ്പുസാക്ഷിയാക്കാന്‍ തനിക്ക് മുന്നില്‍ ഓഫറുകള്‍ വച്ചു'
മാപ്പുസാക്ഷിയാകാന്‍ എന്‍.ഐ.എ നിര്‍ബന്ധിക്കുന്നതായി അലന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവര്‍ തനിക്ക് മുന്നില്‍ ഓഫറുകള്‍ വച്ചതായും ജയിലിലേക്ക് മടങ്ങവേ വാഹനത്തില്‍ വച്ച് അലന് പറഞ്ഞു. തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രാവിലെ പത്തരയോടെയാണ് അലന് പന്നിയങ്കര പാലാട്ട് നഗറിലെ മാതൃസഹോദരിയുടെ വീട്ടിലെത്തിയത്. ജയിലില്‍നിന്നും തിരിച്ചും ഉള്ള യാത്രാസമയം കൂട്ടാതെയാണ് മൂന്ന് മണിക്കൂര്‍ പരോള്‍ അനുവദിച്ചത്.
എന്‍.ഐ.എ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വന്‍ സുരക്ഷാസന്നാഹത്തോടെയാണ് വീടിനോട് ചേര്‍ന്നുള്ള ബന്ധുവീട്ടിലേക്ക്അലനെ കൊണ്ടുവന്നത്. ഉച്ചക്ക് ഒന്നരയോടെ പരോള്‍ സമയം അവസാനിച്ചതിനെ തുടര്‍ന്ന് ജയിലിലേക്ക് കൊണ്ടുപോയി. പിതാവ് ശുഹൈബും മാതാവ് സബിത മഠത്തിലും അടുത്ത ബന്ധുക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ വീട്ടിലേക്ക് പ്രവേശിപ്പിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."