പുസ്തകം മൊഴി മാറ്റാനുണ്ടോ...
''സാര്‍, നാളെ തന്നെ അത്യാവശ്യമായി ഒന്ന് നേരില്‍ കാണണം. ഒരു പ്രധാന കാര്യം സംസാരിക്കാനാണ്...'' രാത്രിയില്‍ ഫോണില്‍ തമിഴും മലയാളവും കലര്‍ന്ന ശബ്ദം. 'താങ്കള്‍ ആരാണ്'എനിക്ക് ആകാംക്ഷ അടക്കാനായില്ല. 'എന്റെ പേര് സെല്‍വരാജ്.സാറിന്റെ ഒരു പുസ്തകം ട്രാന്‍സ്‌ലേറ്റ് ചെയ്യുന്ന കാര്യം സംസാരിക്കാനാണ്. ബാക്കിയെല്ലാം വിശദമായി നേരില്‍ പറയാം. വീട്ടിലേക്കുള്ള വഴിയൊന്ന് പറഞ്ഞുതരുമോ.' സെല്‍വരാജിന്റെ അപേക്ഷ കേട്ടപ്പോള്‍ ഞാനൊന്ന് സംശയിച്ചു. ആദ്യമായിട്ടാണ് ഇങ്ങനൊരാളുടെ കാര്യം കേള്‍ക്കുന്നത്. എന്താണ് അയാളുടെ ഉദ്ദേശ്യമെന്ന് വ്യക്തമായി അറിയില്ല.ഏതായാലും വന്നിട്ട് പോകട്ടെ,കാര്യമെന്തെന്ന് അറിയാമല്ലോ. തലസ്ഥാനത്തു നിന്നും എന്റെ വീട്ടിലേക്കെത്താനുള്ള വഴി വിശദമായിത്തന്നെ ഞാന്‍ പറഞ്ഞു കൊടുത്തു. എന്റെ പുസ്തകം മറ്റൊരു ഭാഷയില്‍ തര്‍ജമ ചെയ്യപ്പെടുകയും അവിടെയും ഞാനൊരു എഴുത്തുകാരനായി അംഗീകരിക്കപ്പെടുകയും ചെയ്യുന്ന മനോഹര സ്വപ്നവും കണ്ട് കിടന്നുറങ്ങാന്‍ തുടങ്ങുമ്പോള്‍ പതിവുപോലെ ഉടക്കുമായി ഭാര്യ എത്തി. 'വല്ല തട്ടിപ്പുകാരാണോയെന്ന് തിരക്കിയിട്ട് വേണേ ഇവരുമായിട്ടൊക്കെ ബന്ധപ്പെടാന്‍.' എന്റെ പുസ്തകം മറ്റൊരു ഭാഷയില്‍ വന്ന് അവരും എന്നെ അംഗീകരിച്ചാലോ എന്ന അസൂയയല്ലാതെ മറ്റൊന്നുമല്ലിത്,ഞാനുറപ്പിച്ചു. രാവിലെ തന്നെ എത്തുമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും രാവിലെ എത്തുമെന്ന് ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല. അയാളാണ് എന്നെ വിളിച്ചുണര്‍ത്തിയതെന്ന് തന്നെ പറയാം. ഇയാള്‍ ഉറങ്ങാതെ രാത്രി തന്നെ ഇങ്ങോട്ട് വച്ചു പിടിച്ചോ? ഞാന്‍ സംശയിച്ചു. 'വണക്കം സാര്‍...,' സെല്‍വരാജ് വെളുക്കെ ചിരിച്ചുകൊണ്ട് കൈ കൂപ്പി.'നമസ്‌കാരം.' ഞാന്‍ തിരിച്ച് അഭിവാദ്യം ചെയ്ത് അയളെ അകത്തേക്ക് ആനയിച്ചു. 'സാറിന്റെ ഈ പുസ്തകമാണ് തമിഴിലേക്ക് തര്‍ജമ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.' സെല്‍വരാജ് എന്റെ ഒരു പുസ്തകം എടുത്തു കാട്ടി.എനിക്ക് സന്തോഷമായി. എന്റെ ഒരു പുസ്തകം തപ്പിപ്പിടിച്ച് അയാള്‍ കൊണ്ടു വന്നല്ലോ. 'പരിഭാഷയുടെയും പ്രസിദ്ധീകരണത്തിന്റെയും ചിലവിലേക്ക് അയ്യായിരം രൂപ സാറ് തരണം. പ്രകാശനമൊക്കെ ഞങ്ങള്‍ തന്നെ നടത്തും.' അയാളുടെ വാക്കുകള്‍ കേട്ട് കൂടുതല്‍ എന്തെങ്കിലും ആലോചിക്കുന്നതിന് മുമ്പ് അയാള്‍ എഗ്രിമെന്റ് എടുത്തു കാണിച്ചു. നൂറ് രൂപയുടെ മുദ്രപത്രത്തില്‍ എഗ്രിമെന്റൊക്കെ ടൈപ്പ് ചെയ്ത് റെഡിയാക്കി കൊണ്ടു വന്നിരിക്കുകയാണ്. എന്റെ പുസ്തകം തമിഴന്‍മാരെക്കൊണ്ട് വായിപ്പിച്ചേ അടങ്ങൂ എന്ന് തീരുമാനിച്ച മട്ടിലാണയാള്‍. കാശെടുക്കാന്‍ അകത്തു ചെന്നപ്പോള്‍ ഭാര്യ പറഞ്ഞു. 'ഒന്നു കൂടെ ആലോചിച്ചിട്ട് മതി.ആദ്യം കാണുന്നയാള്‍ക്ക് ആദ്യം തന്നെ കാശും കൊടുത്തു വിടണ്ട'. 'എടീ,ഒരാള്‍ പുസ്തകം തര്‍ജമ ചെയ്യാമെന്നു പറഞ്ഞ് ഇങ്ങോട്ട് വന്നതു തന്നെ നമ്മുടെ ഭാഗ്യമെന്ന് കരുതിയാല്‍ മതി. പിന്നെ മുദ്രപത്രത്തില്‍ ഞങ്ങള്‍ തമ്മില്‍ എഗ്രിമെന്റും ഒപ്പിടുന്നുണ്ട്.' പ്രിയതമയ്ക്ക് എന്തോ അതത്രയ്ക്ക് വിശ്വാസം വന്ന മട്ടില്ല. സന്തോഷപൂര്‍വം സെല്‍വരാജ് കാശ് കൈനീട്ടി വാങ്ങി. 'ഒരു മാസത്തിനുള്ളില്‍ പുസ്തകം പുറത്തിറങ്ങും. എറണാകുളത്തു വച്ചായിരിക്കും പ്രകാശനം. വിശദവിവരങ്ങള്‍ സാറിനെ അറിയിച്ചു കൊണ്ടേയിരിക്കും'. മോഹനവാഗ്ദാനങ്ങളും നല്‍കി എഗ്രിമെന്റും ഒപ്പിടുവിച്ച്, ചായയും കുടിച്ച് സെല്‍വരാജ് പടിയിറങ്ങി... എന്റെ പുസ്തകത്തിന്റെ പരിഭാഷയും സ്വപ്നം കണ്ട് ഒരു മാസത്തോളം ഞാന്‍ കാത്തിരുന്നു. വിളിച്ചു കൊണ്ടിരിക്കും എന്ന് പറഞ്ഞയാളെപ്പറ്റി ഒരു വിവരവുമില്ല. അങ്ങോട്ട് പലവട്ടം വിളിച്ചു. ഒരുവട്ടം ഫോണെടുത്തു.'സാറിന്റെ പുസ്തകം റെഡിയായിക്കൊണ്ടിരിക്കുന്നു. പ്രകാശനത്തിന്റെ കാര്യം വിശദമായി സംസാരിക്കാനുണ്ട്'. അയാളുടെ മധുരമായ മറുപടി കേട്ടപ്പോള്‍ ഞാനോര്‍ത്തു, ഈ പാവത്തെയാണ് വെറുതെ സംശയിച്ചത്. എങ്കിലും ഒന്നു കൂടെ ഉറപ്പു വരുത്തണമല്ലോ എന്നു കരുതി എന്റെ പുസ്തകം പ്രകാശനം ചെയ്ത പ്രസാധകനെ വിളിച്ച് സെല്‍വരാജിനെക്കുറിച്ച് തിരക്കി.'കൊള്ളാം, ഞാനയാളെ തിരക്കാന്‍ ഇനി ഒരു സ്ഥലവും ബാക്കിയില്ല. ഇവിടെ വന്ന് സാറിന്റെതുള്‍പ്പെടെ കുറേ പുസ്തകങ്ങള്‍ വാങ്ങി ഒരു ചെക്കും നല്‍കി... ചെക്ക് ഇതുവരെ മാറിയിട്ടില്ല. സാമ്പത്തിക ഇടപാടൊന്നും അയാളുമായി നടത്താതിരിക്കുകയാണ് നല്ലതെന്ന് തോന്നുന്നു.' ഏതായാലും കാശ് കൊടുത്ത കാര്യം ഞാന്‍ പ്രസാധകനോട് മിണ്ടിയില്ല. ഈശ്വരാ,കാര്യങ്ങള്‍ കുഴപ്പത്തിലായോ. നേരത്തെ തന്നെ ഒന്ന് വിശദമായി തിരക്കിയിട്ട് കൊടുത്താല്‍ മതിയായിരുന്നു. ഞാന്‍ വീണ്ടും സെല്‍വരാജിനെ വിളിച്ചു,ഫോണെടുക്കുന്നില്ല. കുറേ കഴിഞ്ഞപ്പോള്‍ അങ്ങനെയൊരു നമ്പര്‍ നിലവിലില്ലെന്നായി പ്രതികരണം...എന്റെ കാശും പോയി, പരിഭാഷയെന്ന സ്വപ്നവും പോയ ലക്ഷണമാണ്. സെല്‍വരാജിന്റെ തട്ടിപ്പിന്റെ രീതികള്‍ പതിയെ പതിയെ എനിക്ക് മനസ്സിലായി തുടങ്ങി. കൈയിലെ കാശ് പോകുമ്പോഴാണല്ലോ പലതും നമുക്ക് മനസ്സിലായി തുടങ്ങുന്നത്. കുറച്ചു പുസ്തകങ്ങള്‍ വാങ്ങി അതിലെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് പരിഭാഷയെന്ന മോഹനവാഗ്ദാനവും നല്‍കി കാശ് തട്ടുക. വലിയ തുകയല്ലാത്തത് കൊണ്ട് പലരും പരാതിപ്പെടില്ല എന്ന സൗകര്യവും. ആകെ ചിലവ് വണ്ടിക്കൂലിയും കുറച്ചു മുദ്രപ്പത്രങ്ങള്‍ വാങ്ങുന്നതും. പല തുള്ളി പെരുവെള്ളം.തട്ടിപ്പിന് എന്തെല്ലാം രീതികള്‍... കാശ് പോയതിനെക്കാള്‍ വിഷമം നാണക്കേടോര്‍ത്തായിരുന്നു. എത്ര പേരോട് ഇക്കാര്യം പറഞ്ഞു.'എന്റെ പുസ്തകം ഉടന്‍ തമിഴില്‍ ഇറങ്ങും. സാറിന് ഒരു കോപ്പി തീര്‍ച്ചയായും തരാം. പ്രകാശനത്തിന് വരുന്ന കാര്യം മറക്കരുത് . ഇക്കാര്യം ഭാര്യയെങ്ങാനുമറിഞ്ഞാല്‍ പിന്നെ തീര്‍ന്നു'. 'ഇവിടെ തന്നെ നിങ്ങളുടെ പുസ്തകമെന്നും കഥയെന്നുമൊക്കെ കേട്ടാല്‍ ആളുകള്‍ പേടിച്ചോടും,പിന്നെയാ തമിഴില്‍...' എന്ന് തന്നെ അവള്‍ പറയുമെന്നതില്‍ ഒരു സംശയവുമില്ല. എഗ്രിമെന്റ് ഒപ്പിടീച്ച് കൊണ്ട് പോയതിനാല്‍ ഞാനറിയാതെ അയാള്‍ പരിഭാഷ ഇറക്കിയോ എന്നുമറിയില്ല.'സാറിന്റെ തമിഴ് പുസ്തകത്തിന്റെ കാര്യമെന്തായി' എന്ന് തിരക്കി വരുന്നവരോട് എന്ത് മറുപടി പറയും എന്ന ആലോചനയിലായിരുന്നു ഞാന്‍...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."