കേള്‍ക്കാതെപോകുന്ന നിലവിളികള്‍
മികച്ച ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കഥാകാരന്‍ എസ്.ആര്‍ ലാലിന്റെ കഥയിലെ ഒരുവരി ആരുടെയും ഹൃദയം പൊള്ളിക്കുന്നതാണ്. 'കടല്‍ജലത്തില്‍ കുഞ്ഞുങ്ങളുടെ കണ്ണീര്‍ വീണലിഞ്ഞാണ് അതിന് ഉപ്പുരസമുണ്ടായ'തെന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വാചകത്തെ അന്വര്‍ഥമാക്കുന്ന സംഭവങ്ങളാണ് സാക്ഷരമെന്ന് അഭിമാനിക്കുന്ന കേരളീയ സമൂഹത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
ജീവന്റെയും മരണത്തിന്റെയും നൂല്‍പ്പാലത്തിലൂടെ ഒരു പാവം ബാലന്‍ അബോധാവസ്ഥയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായി. അമ്മയുടെ സുഹൃത്തിന്റെ കൊടും ക്രൂരതയാണു ജീവിതത്തെ അടുത്തറിയന്നതിന് മുന്‍പേ അവസാനിക്കാന്‍ വിധിക്കപ്പെട്ട ഏഴുവയസുകാരന്റെ ഹതവിധി. തൊടുപുഴയിലെ കുമാരമംഗലത്ത് അരുണ്‍ ആനന്ദ് എന്ന മനുഷ്യന്റെ പൈശാചിക മര്‍ദനത്താല്‍ തലയോട് പൊട്ടി തലച്ചോര്‍ പുറത്തേക്ക് തെറിച്ചു. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനു വേണ്ടി പൊരുതുകയാണ് ആ ഏഴു വയസുകാരന്‍.
സുകുമാര്‍ അഴീക്കോടിന്റെ 'സാക്ഷരരായ രാക്ഷസന്മാര്‍' എന്ന പ്രയോഗം അക്ഷരാര്‍ഥത്തില്‍ നടപ്പിലായിക്കൊണ്ടിരിക്കുന്നു ഈ കൊച്ചുകേരളത്തില്‍. തലക്കടിച്ചു വീഴ്ത്തിയശേഷം കുട്ടിയെ കാലില്‍ തൂക്കി ചുമരില്‍ ആഞ്ഞടിക്കുകയായിരുന്നു ആ മനുഷ്യപ്പിശാച്.
ഇതിനിടയില്‍ തന്നെയാണ് ഇന്നലെ മറ്റൊരു വാര്‍ത്തയും പുറത്തു വന്നിരിക്കുന്നത്. കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുന്ന പന്ത്രണ്ട് അംഗ സംഘത്തെ എ.ഡി.ജി.പി മനോജ് അബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലിസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതിനെത്തുടര്‍ന്നു സംസ്ഥാനവ്യാപകമായി ഓപ്പറേഷന്‍ ഹണ്ട് എന്ന പേരില്‍ പൊലിസ് തിരച്ചില്‍ നടത്തി. പതിനാറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്റര്‍പോളിന്റെ നിര്‍ദേശാനുസരണം കേരളത്തില്‍ ഇത്തരമൊരു വേട്ട നടക്കണമെങ്കില്‍ സംസ്‌കാര സമ്പന്നര്‍ എന്നഭിമാനിക്കുന്ന കേരളീയസമൂഹം എവിടെ എത്തിനില്‍ക്കുന്നു എന്ന പ്രസക്തചോദ്യമാണ് ഉയരുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും കേരളത്തില്‍ കൂടുതല്‍ കുട്ടികള്‍ മര്‍ദനത്തിനും പീഡനത്തിനും ഇരയാകുന്നത് വര്‍ധിച്ചുവരികയാണെന്നു ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
2008 മുതലാണ് കുട്ടികളോടുള്ള ക്രൂരത വര്‍ധിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞവര്‍ഷം മാത്രം 4008 കേസുകളാണു കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഓര്‍ക്കുമ്പോള്‍ കുട്ടികളോടുള്ള മുതിര്‍ന്നവരുടെ ഇടപെടല്‍ എന്തുമാത്രം മാറിയിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണു ലഭിക്കുന്നത്. 2011ല്‍ ഇത്തരത്തിലുള്ള കേസുകളുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ധനവുണ്ടായി. കഴിഞ്ഞവര്‍ഷം ക്രൂരമായ മര്‍ദനങ്ങള്‍ക്കിരയായി 22 കുട്ടികളാണു കൊലചെയ്യപ്പെട്ടത്.
ശരീരവും മനസും പാകമാകുന്നതിന് മുന്‍പേ മരണത്തിലേക്ക് വലിച്ചെറിയപ്പെട്ട ഹതഭാഗ്യരായ കുട്ടികള്‍. കുട്ടികളെ ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കുന്നതും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ടു 1204 കേസുകളാണു കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കുട്ടികളെ ലൈംഗികമായി പീഡനങ്ങള്‍ക്കിരയാക്കുന്നതുമായി ബന്ധപ്പെട്ട പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ട്) കേസുകളില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് വൈകുന്നത് ഇത്തരം കേസുകളിലെ തുടര്‍നടപടികള്‍ക്കു തിരിച്ചടിയാകുന്നുണ്ട്. സംസ്ഥാനത്ത് ഇങ്ങിനെ 1300ലധികം കേസുകളാണ് കെട്ടികിടക്കുന്നത്.
സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ദുര്‍ബലരാണു കുട്ടികള്‍. അവരെ സംരക്ഷിക്കേണ്ട ബാധ്യത രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമാണ്. എന്നാല്‍, ഇവരില്‍നിന്നാണ് കുട്ടികള്‍ ഏറിയപങ്കും പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികള്‍ ഏറിയകൂറും കൊല്ലപ്പെടുന്നതും അവരുടെ വീടകങ്ങളില്‍തന്നെ. പോക്‌സോ 2012ല്‍ നിലവില്‍ വന്നെങ്കിലും കുട്ടികളോടുള്ള അതിക്രമങ്ങള്‍ക്കു ശമനമുണ്ടായിട്ടില്ല.
നേരത്തേ അകന്ന ബന്ധുക്കളില്‍നിന്നും കുടുംബ സുഹൃത്തുക്കളില്‍ നിന്നുമായിരുന്നു കുട്ടികള്‍ പീഡനങ്ങള്‍ക്കിരയായിരുന്നതെങ്കില്‍ ഇപ്പോഴതു സ്വന്തം വീടുകളില്‍ നിന്നുതന്നെയായിരിക്കുന്നു. ഇത് ഏറെ ഭയാനകമാണ്. മനുഷ്യത്വവും കാരുണ്യവും വറ്റിയ ഒരുപറ്റം മനുഷ്യര്‍ കേരളീയ സമൂഹത്തില്‍ പടര്‍ന്നു പന്തലിച്ചു വരുന്നതിന്റെ കാരണം അന്വേഷിക്കേണ്ടതുണ്ട്. മദ്യവും മയക്കുമരുന്നും ലഹരി പദാര്‍ഥങ്ങളും സുലഭമായി ലഭിച്ചുകൊണ്ടിരിക്കുന്ന ഒരവസ്ഥയാണോ കുട്ടികള്‍ക്ക് നേരെയുള്ള മര്‍ദനങ്ങള്‍ പെരുകാന്‍ കാരണമെന്നു പഠനത്തിനു വിധേയമാക്കേണ്ടതുണ്ട്.
പല കേസുകളും മാതാപിതാക്കള്‍തന്നെ മൂടിവയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ സ്‌കൂളുകളില്‍ നടക്കുന്ന കൗണ്‍സിലുകളിലൂടെയാണ് കുട്ടികള്‍ അനുഭവിക്കുന്ന നരകയാതനകളുടെ കഥകള്‍ പുറത്തുവരുന്നത്. രക്ഷിതാക്കള്‍ പീഡനങ്ങള്‍ മറച്ചുവയ്ക്കുമ്പോള്‍ കുറ്റവാളികള്‍ക്ക് ഇത് പ്രോത്സാഹനമായി മാറുകയാണ്. അഞ്ചു മുതല്‍ പതിനൊന്ന് വയസുവരെ പ്രായമുള്ള കുട്ടികളാണ് കുടുംബത്തിനുള്ളില്‍നിന്നുള്ള മര്‍ദനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്. പുറത്തുള്ളവരെപ്പോലെതന്നെ അകത്തുള്ളവരെയും കുട്ടികള്‍ പേടിക്കേണ്ട ഒരു ചീത്തകാലത്തിലൂടെയാണ് അവര്‍ കടന്നുപൊയിക്കൊണ്ടിരിക്കുന്നത്.
ആരോരുമറിയാതെ എത്രയോ കുട്ടികള്‍ മനഃസാക്ഷി മരിച്ചവരുടെ ക്രൂരമര്‍ദനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടിട്ടുണ്ടാകണം. നമ്മള്‍ കേള്‍ക്കാതെപോയ കുട്ടികളുടെ നിലവിളികളായിരുന്നു അതത്രയും. അവിഹിത ബന്ധങ്ങള്‍ക്ക് തടസമാകുമ്പോള്‍ ഓമനിച്ച് വളര്‍ത്തേണ്ട കുട്ടികളെ നിഷ്‌കരുണം കൊലചെയ്യുന്ന ഹൃദയശൂന്യരായ മനുഷ്യര്‍ നമുക്കിടയില്‍ വര്‍ധിച്ചുവരികയാണ്. അവരില്‍ ഒരാളാണ് അരുണ്‍ ആനന്ദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."