ദേശീയ രാഷ്ട്രീയവും പ്രാദേശിക സമ്മര്‍ദങ്ങളും
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി സംബന്ധിച്ച് ഏറ്റവും നിര്‍ണായകമാണെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. ഇന്നത്തെ ഭരണകക്ഷി ഒരിക്കല്‍ക്കൂടി ജയിച്ചാല്‍ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകാനിടയില്ലെന്ന രീതിയില്‍ ഭരണക്കാര്‍ തന്നെ പറയുന്നുണ്ട്. ഭരണഘടനയും അതിന്റെ അടിസ്ഥാനശിലകളായ മതേതരത്വവും പൗരാവകാശങ്ങളും ആവശ്യമില്ലെന്ന് അവര്‍ കരുതുന്നു. ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള സ്ഥാപനങ്ങളും സുപ്രിംകോടതിയും റിസര്‍വ് ബാങ്കും സി.ബി.ഐയും യു.ജി.സിയും ആസൂത്രണക്കമ്മിഷനും എന്തിന്, തെരഞ്ഞെടുപ്പു കമ്മിഷന്‍ വരെ സ്വതന്ത്രമായി നിലനില്‍ക്കില്ലെന്നു മിക്കവര്‍ക്കും ബോധ്യപ്പെട്ടിരിക്കുന്നു.
ആ അവസ്ഥ തടയല്‍ ഈ തെരഞ്ഞെടുപ്പില്‍ അനിവാര്യമായ കടമയാണെന്നു പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി സമ്മതിക്കുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിനു സമാനമാണ് അവസ്ഥ. പ്രതിപക്ഷത്തുള്ള പ്രത്യയശാസ്ത്ര വ്യത്യാസങ്ങളൊക്കെ അതിനുമുന്നില്‍ അപ്രസക്തമാകുന്നു.
കേവലം മൂന്നിലൊന്നു വോട്ടു മാത്രം കിട്ടിയ ഭരണകക്ഷിക്കു പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടാന്‍ സഹായകമായതു പ്രതിപക്ഷത്തുള്ള അനൈക്യമാണ്. അതുമൂലം വോട്ടു ഭിന്നിച്ചു. ഇനിയും ഈ സര്‍ക്കാര്‍ തുടരാതിരിക്കാനുള്ള ഏക പോംവഴി ഭരണകക്ഷിക്കെതിരായ വോട്ടുകള്‍ ഭിന്നിക്കാതിരിക്കലാണ്. പൊതുവേദികളിലും ചാനല്‍ചര്‍ച്ചകളിലും പ്രതിപക്ഷത്തെ എല്ലാ കക്ഷി നേതാക്കളും ഈ സത്യം അംഗീകരിക്കുന്നു, ആവര്‍ത്തിക്കുന്നു.
പക്ഷേ...
ലോക്‌സഭാ തെരഞ്ഞെടുപ്പു ദേശീയവിഷയങ്ങളെ മാത്രം ആശ്രയിക്കുന്നതല്ല. ഈ രാജ്യത്ത് ഓരോ സംസ്ഥാനത്തിനും അതിന്റേതായ രാഷ്ട്രീയമുണ്ട്. അതിനാല്‍, ദേശീയ തെരഞ്ഞെടുപ്പു പോലും പ്രാദേശികരാഷ്ട്രീയത്തിന്റെ ആകെത്തുകയാണ്. ഇവിടെയാണ് പ്രശ്‌നമുള്ളത്. സങ്കുചിതവും കപടവുമായ വംശീയ, ദേശീയവാദികള്‍ക്കൊഴിച്ചു മറ്റാര്‍ക്കും രാജ്യത്തെ മുഴുവന്‍ ഒറ്റമുദ്രാവാക്യം കൊണ്ട് അഭിസംബോധന ചെയ്യാനാകില്ല. അതിനാല്‍, പ്രാദേശിക സഖ്യരൂപീകരണത്തില്‍ ദേശീയകക്ഷികള്‍ക്കുപോലും പ്രാദേശിക സമ്മര്‍ദങ്ങള്‍ക്കു കീഴ്‌പ്പെടേണ്ടി വരും.
കേരളത്തിലെ ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പു വിഷയങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതും പെടുന്നതും രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വമാണ്. രാഹുല്‍ കേരളത്തില്‍ മത്സരിക്കാനിടയുണ്ടെന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രഖ്യാപനം മുതല്‍ അതു സംബന്ധിച്ച ചര്‍ച്ചയും തര്‍ക്കങ്ങളും ആരംഭിച്ചു. ദിവസങ്ങളോളം രാഹുലും എ.ഐ.സി.സിയും മൗനം പാലിച്ചപ്പോള്‍ അതിനെക്കുറിച്ചായി ചര്‍ച്ച. ഏറ്റവുമൊടുവില്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന ഔദ്യോഗികപ്രഖ്യാപനം ഉണ്ടായപ്പോഴും വാദപ്രതിവാദങ്ങള്‍ മുറുകി.
ഉപരിപ്ലവമായ തര്‍ക്കങ്ങള്‍ക്കപ്പുറം അതുന്നയിക്കുന്ന രാഷ്ട്രീയപ്രശ്‌നമെന്താണ്. ഒരു രാഷ്ട്രീയ വിദ്യാര്‍ഥിയെന്ന നിലയില്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ വരരുതായിരുന്നു എന്ന നിലപാടെടുത്തയാളായിരുന്നു ഈ ലേഖകന്‍. അദ്ദേഹം ഒരിക്കലും വയനാട്ടില്‍ മത്സരിക്കില്ലെന്നായിരുന്നു എന്റെ വിശ്വാസം. ഇതു തുടക്കം മുതല്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയരാഷ്ട്രീയം പരിഗണിച്ചാണ് അങ്ങനെ പറഞ്ഞത്. ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ അത് എന്റെ കക്ഷിയുടെ രാഷ്ട്രീയം കൂടി പരിഗണിച്ച നിലപാടാണ്.
ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തിലെ ഇരുപതു സീറ്റിലും എല്‍.ഡി.എഫിനോ യു.ഡി.എഫിനോ മാത്രമേ വിജയസാധ്യതയുള്ളൂ. എന്തൊക്കെ അവകാശവാദങ്ങള്‍ ഉന്നയിച്ചാലും തിരുവനന്തപുരത്തുള്‍പ്പെടെ കേരളത്തിലൊരിടത്തും എന്‍.ഡി.എ ജയിക്കില്ല. അതായത്, കേരളത്തില്‍ ആരു ജയിച്ചാലും മതേതര മുന്നണിക്കാണ് അവരുടെയെല്ലാം പിന്തുണ കിട്ടുക. അതുകൊണ്ടു തന്നെ കേരളത്തിന്റെ തെരഞ്ഞെടുപ്പു ഫലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാര്യമായ ഒരു വ്യത്യാസവുമുണ്ടാക്കില്ല. ഉണ്ടാക്കാവുന്ന ഏക വ്യത്യാസം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗബലത്തിലുണ്ടാകുന്ന ചെറിയ ഏറ്റക്കുറച്ചിലാണ്.
എന്നിട്ടുമെന്തേ രാഹുല്‍ വരുന്നതിനെ ഇത്ര വലിയ ചര്‍ച്ചയാക്കി. രാഹുല്‍ വന്നിരുന്നില്ലെങ്കിലും വയനാട്ടിലുള്‍പ്പെടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും മത്സരം ഇരു മതേതര മുന്നണികളും തമ്മിലായിരിക്കും. എല്‍.ഡി.എഫ് വയനാട്ടില്‍ എതിര്‍ക്കേണ്ടി വരിക യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിയെയായിരിക്കും. അതു സിദ്ദിക്ക് ആവാമായിരുന്നു, മുരളീധരന്‍ ആവാമായിരുന്നു അതുപോലെ ആരെങ്കിലുമൊക്കെ ആവാമായിരുന്നു.
സ്വന്തം സീറ്റില്‍ ഏതു സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നു തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് അവകാശമുണ്ടല്ലോ. ആ അവകാശത്തിന്റെ ബലത്തില്‍ അവര്‍ രാഹുല്‍ഗാന്ധിയെ തീരുമാനിച്ചിരിക്കുന്നു. പിന്നെന്തിനാണ് ഇടതുപക്ഷം, അവരുടെ മുഖ്യമന്ത്രിയടക്കം അതിനെ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജില്ലാ നേതാവോ, സംസ്ഥാന നേതാവോ അഖിലേന്ത്യ നേതാവോ ആയാല്‍ അത് അവരുടെ കാര്യമല്ലേ. അതിലെന്തിനാണു മറ്റുള്ളവര്‍ താല്‍പ്പര്യം കാണിക്കുന്നത്.
ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഒരേസമയം മത്സരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്. അത്തരമൊരു കാര്യം രാഹുല്‍ ചെയ്യുമ്പോള്‍, 'ബി.ജെ.പി വിരുദ്ധപോരാട്ടത്തിന്റെ നായകനായ രാഹുല്‍ കേരളത്തില്‍ മത്സരിച്ചാല്‍ എന്തു സന്ദേശമാണു നല്‍കുക' തുടങ്ങിയ പ്രത്യയശാസ്ത്ര തടസ്സവാദങ്ങള്‍ ഉന്നയിക്കുന്ന ഇടതുപക്ഷം അവരുടെ സംസ്ഥാന താല്‍പ്പര്യം മാത്രമാണു പരിഗണിക്കുന്നത്. തങ്ങളുടെ സീറ്റിന്റെ എണ്ണം കുറയുമോ എന്നാണു ഭയം. സി.പി.എമ്മിന്റെ ദേശീയകക്ഷിയെന്ന അംഗീകാരം പ്രശ്‌നമാണല്ലോ. ഈ വിഷയത്തില്‍ ഡി.എം.കെയും എസ്.പിയും വരെ ഇടപെട്ടുവെന്നാണു വാര്‍ത്ത. ഇക്കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇത്ര ബലം പിടിക്കുന്നതിനു പിന്നിലും ദേശീയതാല്‍പ്പര്യമില്ല. കേരളത്തിലെ അവരുടെ ഗ്രൂപ്പ് തര്‍ക്കവുമായി ഇതിനു ബന്ധമുണ്ടെന്നു വ്യക്തം. ഇവിടെ ചിലരെ പൊക്കാനും മറ്റു ചിലരെ ഒതുക്കാനുമുള്ള ആയുധം മാത്രം. ഒടുവില്‍ അന്യകക്ഷികളുടെ ഇടപെടല്‍ മൂലമാണ് രാഹുല്‍ കേരളത്തില്‍ വരാതിരുന്നതെന്ന പ്രസ്താവന അത്യന്തം ദയനീയമായിപ്പോയെന്നും പറയാതിരിക്കാന്‍ കഴിയില്ല.
ഇതു കേരളത്തിന്റെ മാത്രം അവസ്ഥയല്ല. ഇന്ത്യയിലെ പ്രമുഖസംസ്ഥാനങ്ങളിലെല്ലാം ഇതു കാണാം. ഇതാണു ഭരണകക്ഷിക്കു ധൈര്യം നല്‍കുന്ന പ്രധാന ഘടകം. ഇതില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായ ഒരു നിലപാട് ആം ആദ്മി പാര്‍ട്ടി എടുത്തുവെന്നതു ശ്രദ്ധേയമാണ്. തങ്ങള്‍ക്കു ജയിക്കാന്‍ സാധ്യതയില്ലാത്ത ഇടങ്ങളില്‍ ഒരിടത്തും മത്സരിക്കേണ്ടതില്ലെന്നതാണ് ആദ്യതീരുമാനം. 2014 ല്‍ പാര്‍ട്ടി മത്സരിച്ചു കാര്യമായ സാന്നിധ്യം തെളിയിച്ച ഇടങ്ങളില്‍പ്പോലും മതേതര വോട്ടുകള്‍ ഭിന്നിക്കരുതെന്ന ലക്ഷ്യത്തോടെ മത്സരിക്കുന്നില്ലെന്നു പ്രഖ്യാപിച്ചു.
മറ്റു നിരവധി വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ബി.ജെ.പി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്തിക്കു വോട്ടു ചെയ്യുകയെന്നതാണു മറ്റൊരു നിലപാട്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഗോവ പോലുള്ള പാര്‍ട്ടി മത്സരിക്കുന്ന സംസ്ഥാനങ്ങളില്‍ മതേതര കക്ഷികളുടെ ഐക്യമുണ്ടാക്കാന്‍ ഏതു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും വ്യക്തമാക്കി. എ.എ.പിക്കു സമ്പൂര്‍ണാധിപത്യമുള്ള ഡല്‍ഹിയില്‍ ഏഴില്‍ ഏഴു സീറ്റും പിടിക്കാമെന്ന ധൈര്യമുണ്ട്. എന്നാല്‍, അതില്‍ ഒരുവിധ പാളിച്ചയും ഉണ്ടാകാതിരിക്കാന്‍ ഡല്‍ഹിയില്‍ പോലും കോണ്‍ഗ്രസിനു സീറ്റ് നല്‍കി സഖ്യത്തിനു ശ്രമിക്കുകയാണ് ആം ആദ്മി പാര്‍ട്ടി.
തങ്ങള്‍ക്കല്‍പ്പം സീറ്റ് നഷ്ടപ്പെട്ടാലും മോദി ഭരണം വരാതിരിക്കാന്‍ എല്ലാ വിട്ടുവീഴ്ചയും ചെയ്യണമെന്ന നിലപാടു മറ്റൊരു രാഷ്ട്രീയകക്ഷിയും കൈക്കൊള്ളുന്നില്ലെന്നതു ദുഃഖകരമായ സത്യമാണ്. ഡല്‍ഹിയില്‍ സമ്പൂര്‍ണ തകര്‍ച്ചയിലാണെന്നു ബോധ്യമായിട്ടും ബി.ജെ.പി ജയിച്ചാലും എ.എ.പി തോല്‍ക്കണമെന്നു കരുതുന്ന കോണ്‍ഗ്രസ് നേതാവാണു ഷീല ദീക്ഷിതെന്നു കോണ്‍ഗ്രസുകാര്‍ തന്നെ സമ്മതിക്കുന്നു.
മതേതരകക്ഷികളുമായി യോജിച്ചു നിന്നാല്‍ പലേടത്തും ബി.ജെ.പിയെ തടയാമെന്നിരിക്കെ പ്രാദേശിക താല്‍പ്പര്യങ്ങള്‍ മാറ്റിവച്ച് അതിനു നേതൃത്വം കൊടുക്കേണ്ടതു കോണ്‍ഗ്രസ് തന്നെയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളുടെ ഫലം ഇക്കാര്യം വ്യക്തമാക്കുന്നു. എന്നിട്ടും ഇതിനു ശ്രമിക്കാത്തതിനു പിന്നില്‍ സങ്കുചിത താല്‍പ്പര്യങ്ങള്‍ മാത്രം.
പശ്ചിമബംഗാള്‍ മറ്റൊരു ഉദാഹരണം. മമത ബാനര്‍ജി സി.പി.എമ്മിനും കോണ്‍ഗ്രസിനും ആജന്മശത്രുവാണെന്നതു സത്യം. പക്ഷേ, ഇപ്പോള്‍ അവിടെ ബി.ജെ.പി രണ്ടാമത്തെ കക്ഷിയാണ്. അവരെ പിന്നിലാക്കാന്‍ കോണ്‍ഗ്രസ് സി.പി.എം ധാരണയ്ക്കു കഴിയുമെന്നു കണക്കുകള്‍ പറയുന്നു. അവിടെയും ഇതിനു തടസ്സമായതു കോണ്‍ഗ്രസാണ്. രാഹുല്‍ ഗാന്ധി, ഹൈക്കമാന്‍ഡ് എന്നൊക്കെ ബഹുമാനത്തോടെ പറയുമ്പോഴും സംസ്ഥാനങ്ങളെക്കൊണ്ടു രാഷ്ട്രീയനയം അംഗീകരിപ്പിക്കാന്‍ കഴിയുന്നില്ല.
ഇതു മിക്ക കക്ഷികള്‍ക്കും ബാധകമായ കാര്യമാണ്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. ഒരു കക്ഷിക്കും രാജ്യതാല്‍പ്പര്യമോ പ്രത്യയശാസ്ത്രമോ അല്ല പ്രധാനം. മറിച്ച്, സങ്കുചിത പ്രാദേശിക താല്‍പ്പര്യങ്ങളാണ്. വ്യക്തികള്‍ക്കും പാര്‍ട്ടി താല്‍പ്പര്യത്തിനപ്പുറം സ്വാര്‍ഥതാല്‍പ്പര്യമാണുള്ളത്.
ഇനി ഒരു തമാശ കൂടി പറയാം. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും ഉപേക്ഷിച്ച തെരഞ്ഞെടുപ്പ് യന്ത്രം (ഇ.വി.എം) ഇന്ത്യയില്‍ തുടരുമെന്നു പറയുന്നതിലെ താല്‍പ്പര്യമെന്തണെന്നു പ്രതിപക്ഷവും സുപ്രിംകോടതിയും വരെ ചോദിക്കുന്നു. കോടിക്കണക്കിനു രൂപ മുടക്കി ഈ യന്ത്രങ്ങളില്‍ വി.വി പാറ്റ് ഘടിപ്പിക്കുന്നത് ഇതിന്റെ വിശ്വാസ്യത ഉറപ്പാക്കാനാണ്. അതുകൊണ്ടു തന്നെ അവയില്‍ അമ്പത് ശതമാനമെങ്കിലും എണ്ണണമെന്ന ആവശ്യം അംഗീകരിക്കപ്പെടേണ്ടതാണ്. തങ്ങള്‍ ചെയ്യുന്ന വോട്ടുകള്‍ തങ്ങള്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ലഭിക്കുന്നുവെന്ന ഉറപ്പു ജനാധിപത്യത്തിന്റെ ആധാരശിലയാണ്.
പക്ഷേ, തെരഞ്ഞെടുപ്പു കമ്മിഷന്‍ അതിനെ എതിര്‍ക്കുന്നതു വിചിത്രമായ കാരണം പറഞ്ഞാണ്. അങ്ങനെ എണ്ണിയാല്‍ ഫലം വരാന്‍ ആറു ദിവസത്തെ കാലതാമസമുണ്ടാകുമത്രേ. മുഴുവന്‍ സീറ്റുകളിലും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നല്ലോ നാം തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്. അന്നുപോലും പരമാവധി രണ്ടു ദിവസത്തിനകം ഫലം വന്നിരുന്നു. അതിന്റെ പകുതി മാത്രം, അതും കേവലം സ്ലിപ്പുകള്‍ മാത്രം എണ്ണിയാല്‍ ആറു ദിവസം എടുക്കുന്നതെങ്ങനെയെന്ന ചോദ്യമുണ്ട്. തന്നെയുമല്ല അടുത്ത അഞ്ചു വര്‍ഷക്കാലത്തേക്കു രാജ്യം ആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ് ഫലം രണ്ടോ മൂന്നോ അങ്ങേയറ്റം ആറു ദിവസം വരെയോ വൈകിയാല്‍ എന്താണു കുഴപ്പം. തെറ്റെന്നു സംശയിക്കുന്ന ഫലം നേരത്തേ അറിഞ്ഞതു കൊണ്ടെന്തു ഗുണം. ഇതിനൊന്നും ആരും മറുപടി പറയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."