വിഴിഞ്ഞം കമ്മിഷന് ഗജേന്ദ്ര ഹാല്‍ദിയയെ വിസ്തരിക്കും
കൊച്ചി: ആസൂത്രണ കമ്മിഷന് ഉപദേശകന് ഗജേന്ദ്ര ഹാല്‍ദിയയെ വിഴിഞ്ഞം ജുഡീഷ്യല്‍ കമ്മിഷന് വിസ്തരിക്കും.ഹാല്‍ദിയയുടെ ആവശ്യപ്രകാരം തന്നെയാണ് ജുഡീഷ്യല്‍ കമ്മിഷന് വാദം കേള്‍ക്കുന്നത്.
23ന് ആയിരിക്കും വാദം കേള്‍ക്കുക. വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാറിന് അടിസ്ഥാനമായ കേന്ദ്ര ആസൂത്രണ കമ്മിഷന് മാതൃകാ കരാറിന് രൂപം നല്‍കിയത് ഗജേന്ദ്ര ഹാല്ദിയയാണ്. ഇന്ത്യയില്‍ അഞ്ഞൂറിലേറെ വന്‍കിട പദ്ധതികള്‍ക്ക് ആസൂത്രണ കമ്മിഷന്റെ ഈ മാതൃകാ കരാര്‍ തന്നെയാണ് ആധാരമാക്കിയതെന്നും മറ്റൊരിടത്തും ഇതേവരെ ഉണ്ടാകാത്ത ആരോപണങ്ങളാണ് കരാറിനെതിരേ കേരളത്തില്‍ ഉയര്‍ന്നിരിക്കുന്നതെന്നും ഗജേന്ദ്ര ഹാല്‍ദിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
തനിക്ക് പറയാനുള്ളതു കേള്‍ക്കാതെ കമ്മിഷന് തെറ്റായ നിഗമനത്തിലെത്തിയാല്‍ മറ്റുസംസ്ഥാനങ്ങളില്‍ പുരോഗമിക്കുന്ന സമാനസ്വഭാവമുള്ള പദ്ധതികളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം കമ്മിഷനെ അറിയിച്ചിരുന്നു.
ഹാല്‍ദിയയെ വിസ്തരിക്കണമെന്ന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് തുടക്കം മുതലേ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരെയും വിളിച്ചു വരുത്താന്‍ ഉദ്ദേശ്യമില്ലെന്നും സ്വയം ഹാജരാകുന്നതില്‍ തടസമില്ലെന്നുമായിരുന്നു കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് നായരുടെ നിലപാട്. ഇതോടെയാണ് ഹാല്‍ദിയ തന്നെ കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചത്. തുടര്‍ന്നാണ് ഹാല്‍ദിയയെ കേള്‍ക്കാന്‍ കമ്മിഷന് തയാറായത്. പദ്ധതി നടപ്പാക്കാന്‍ ആത്മാര്‍ഥമായ ശ്രമങ്ങളാണ് മുന്‍സര്‍ക്കാര്‍ നടത്തിയതെന്നും കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് രാമചന്ദ്രന് നായര്‍ നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."