ബാനിഹാള്‍ സ്ഫോടനം ആസൂത്രിതം; ഒരാള്‍ അറസ്റ്റില്‍
ശ്രീനഗര്‍: കഴിഞ്ഞ ദിവസം ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ബാനിഹാളിനടുത്ത തേതാര്‍ ഗ്രാമത്തില്‍ സി.ആര്.പി.എഫ് വാഹന വ്യൂഹം കടന്നുപോകുന്നതിനിടയില്‍ സ്ഫോടനത്തില്‍ സ്വകാര്യ കാര്‍ തകര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകര സംഘടനയുമായി ബന്ധമുള്ളയാളാണ് അറസ്റ്റിലായത്. സ്ഫോടനം നടന്ന കാറിലെ ഡ്രൈവറാണ് ഇയാള്‍. സ്ഫോടനത്തിന് തൊട്ടുമുന്‍പ് ഇയാള്‍ കാറില്‍ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു.
സി.ആര്.പി.എഫ് വാഹന വ്യൂഹത്തെ ലക്ഷ്യംവച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലിസ് അറിയിച്ചു. സ്ഫോടനത്തില്‍ സി.ആര്.പി.എഫിന്റെ ഒരു വാഹനത്തിന് ചില കേടുപാടുകള്‍ ഉണ്ടായതല്ലാതെ ആളപായമൊന്നും ഉണ്ടായിരുന്നില്ല.
സ്ഫോടനം നടന്ന സ്ഥലത്ത് നടത്തിയ തിരച്ചിലില്‍ നിന്ന് പാചക വാതക സിലിണ്ടര്‍, പെട്രോള്‍ നിറച്ച കാനിന്റെ അവശിഷ്ടങ്ങള്‍, ജലാറ്റിന്‍ സ്റ്റിക്ക്, യൂറിയ, സള്‍ഫര്‍ തുടങ്ങിയവ കണ്ടെടുത്തിരുന്നു. ഇത് ആസൂത്രിതമായ ആക്രമണം ലക്ഷ്യം വച്ചിരുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവര്‍ അറസ്റ്റിലായത്. ഫെബ്രുവരി 14ന് പുല്‍വാമയില്‍ സി.ആര്.പി.എഫ് വാഹന വ്യൂഹത്തിന് നേരെ നടത്തിയ ആക്രമണത്തിന്റെ മാതൃകയിലുള്ള ആക്രമണമായിരുന്നു ഭീകരര്‍ ലക്ഷ്യംവച്ചിരുന്നതെന്ന് പൊലിസ് പറയുന്നു. ബാനിഹാളില്‍ ഫോറന്‍സിക് വിദഗ്ദരും എന്‍.ഐ.എ സംഘവും എത്തി വിവരങ്ങള്‍ ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."