നേപ്പാളില്‍ ചുഴലിക്കാറ്റ്: 27 പേര് മരിച്ചു; 600 പേര്‍ക്ക് പരുക്ക്
കാഠ്മണ്ഡു: നേപ്പാളിലെ തെക്കന്‍ പ്രദേശങ്ങളിലുണ്ടായ അപ്രതീക്ഷിത ചുഴലിക്കാറ്റില്‍ 27 പേര് മരിച്ചു. 600 പേര്‍ക്ക് പരുക്കേറ്റു. ബാര ജില്ലയിലും സമീപപ്രദേശങ്ങളിലുമാണ് ഞായറാഴ്ച രാത്രി മുതല്‍ ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും മന്ത്രാലയം പറഞ്ഞു.
യാത്രക്കാരുമായി പോവുകയായിരുന്ന ബസുകള്‍ കാറ്റിനെ തുടര്‍ന്ന് തകര്‍ന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കെട്ടിടങ്ങള്‍, മരങ്ങള്‍ എന്നിവ തകര്‍ന്ന് പ്രദേശത്ത് വൈദ്യുതി നിലച്ചു. പ്രാദേശിക ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാല്‍ ഗുരുതര പരുക്കുകളുള്ളവരെ ചികിത്സയ്ക്കായി കാഠ്മണ്ഡുവിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം കൊണ്ടുപോയി.
ഇത്തരത്തിലുള്ള ചുഴലിക്കാറ്റ് ഇതുവരെ കണ്ടിട്ടില്ലെന്നും വീടുകള്‍, കുടുംബം എല്ലാം കാറ്റിലൂടെ നഷ്ടപ്പെട്ടെന്ന് ബാര സ്വദേശിയായ രാം ബാബു പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാത്രി ഭക്ഷണത്തിന് തയാറാവുമ്പോഴാണ് കാറ്റ് ആഞ്ഞുവീശിയത്. അവിശ്വസനീയമായിരുന്നു. എല്ലാം നഷ്ടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. മണ്ണിടിച്ചില്‍, പ്രളയം എന്നിവയെ തുടര്‍ന്ന് നേപ്പാളില്‍ മണ്‍സൂണ്‍ കാലങ്ങളില്‍ നിരവധി പേര് മരിക്കാറുണ്ടെങ്കിലും ചുഴലിക്കാറ്റ് അസാധാരണമാണ്. ആവശ്യമായ സൗകര്യങ്ങളില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."