പി.ആര്‍ വര്‍ക്കുകളില്‍ നിലനില്‍ക്കുന്ന ഭരണകൂടങ്ങള്‍
ഭരണകൂടത്തിന്റെ വികസനങ്ങളും വിജയപഥങ്ങളും പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് പൊതുഖജനാവില്‍നിന്ന് വലിയ പണം മുടക്കി പൊതുജന ബന്ധം ഉറപ്പിക്കുന്ന ഔദ്യോഗിക സംവിധാനമാണ് പബ്ലിക് റിലേഷന്‍സ് വകുപ്പ്. ഇന്ത്യയിലെ പെട്രോള്‍ പമ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള ബോര്‍ഡ് കാണാം. എണ്ണ അടിക്കാന്‍ വരുന്ന ഡ്രൈവറും യാത്രക്കാരും എണ്ണവിലയില്‍ വ്യാകുലപ്പെട്ടു നെറ്റിയും മനസ്സും ചുളിച്ചാണ് തിരിച്ചുപോകാറുള്ളത്. അവരുടെ പോക്കറ്റ് ചോര്‍ത്തിയിട്ടാണ് ഇത്തരം പൊതുജന ബന്ധ പരസ്യങ്ങള്‍ സര്‍ക്കാരുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. അച്ചടി മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും അസത്യവും അര്‍ധ സത്യവും കലര്‍ന്ന സര്‍ക്കാര്‍വക പരസ്യപ്രളയങ്ങള്‍ ഇല്ലാത്തദിവസങ്ങള്‍ കുറവാണ്. നികുതിദായകരുടെ പണം കൊണ്ട് തെറ്റിദ്ധരിപ്പിക്കുന്ന ഏര്‍പ്പാട് കൂടിയാണ് പരസ്യങ്ങള്‍. വികസന വാതില്‍ തുറന്നില്ലെങ്കിലും രാഷ്ട്രീയ പരസ്യമാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിക്കുന്നു.
പുരാതന ബാബിലോണിയയില്‍ രാജാക്കന്മാരുടെ അപദാനങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രത്യേകം ചുമതലപ്പെട്ടവരുണ്ടായിരുന്നു. ഫറോവ ചക്രവര്‍ത്തിമാര്‍ക്ക്, ദൈവമെന്നും വലിയ ദൈവമെന്നും പ്രചരിപ്പിക്കാന്‍ മത്സരങ്ങള്‍ തന്നെ നടന്നു. ഫാസിസ്റ്റ് ജര്‍മ്മനിയില്‍ ഹിറ്റ്‌ലറുടെ കീഴില്‍ ഇതിനുവേണ്ടി മാത്രം മന്ത്രിയുണ്ടായി. ഗീബല്‍സിനെ ഹിറ്റ്‌ലര്‍ നന്നായി ഉപയോഗിച്ചു. രണ്ടാം ലോകമഹായുദ്ധം സഖ്യസേന വിജയിച്ചു മുന്നേറി ബര്‍ലിന്‍ കൊട്ടാരത്തിനടുത്തു എത്തിയപ്പോഴും ജര്‍മന്‍ റേഡിയോവിലൂടെ നാസി പട്ടാളം വിജയകുതിപ്പിലാണ് എന്നായിരുന്നു അടിക്കടി റേഡിയോ വഴി പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നത്. ആധുനിക ജനാധിപത്യ ഭരണകൂടങ്ങളും അസത്യങ്ങളുടെ പ്രചാരണത്തിന്റെ പിന്നാലെയാണെന്നതാണ് ദുഃഖം. ഇല്ലാ കഥകളും പൊതുഫണ്ട് ഉപയോഗപ്പെടുത്തിയുള്ള ഇമേജ് ബില്‍ഡിങ്ങും മുടക്കമില്ലാതെ തുടരുന്നു.
കൊവിഡ് - 19 ലോകം നേരിട്ട മഹാ വെല്ലുവിളിയാണ്. ഈ പ്രതിസന്ധി 'അവസരമാക്കി' മാറ്റാന്‍ ശ്രമങ്ങളുണ്ടായത് മാനുഷിക മൂല്യങ്ങളുമായി മനുഷ്യര്‍ രാജിയായി എന്ന് പറയാതെ പറയലാണ്. ഗുണനിലവാരമില്ലാത്ത പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിച്ചു വലിയ വിലക്ക് വിറ്റവരും സര്‍ക്കാര്‍ ചെലവില്‍ അര്‍ധ സത്യം പ്രചരിപ്പിച്ചവരും നൈതികത മറന്നവര്‍ തന്നെ. ഇന്ത്യയില്‍ കൊവിഡ് പോസിറ്റീവുകള്‍ വര്‍ധിച്ചുവരുമ്പോഴും രോഗികളുടെ എണ്ണത്തില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനം കൈവരിച്ചപ്പോഴും നമ്മളാണ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ലോക ഒന്നാമന്‍ എന്ന് പൊതുഫണ്ട് ഉപയോഗിച്ച് ലോകമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കിയവരും അസത്യ പ്രചാരകരാണ്. എനിക്ക് ശ്വാസം കിട്ടുന്നില്ല, എന്നെ ചികിത്സിക്കാന്‍ ബന്ധപ്പെട്ടവര്‍ താല്‍പര്യം കാണിക്കുന്നില്ല എന്നിങ്ങനെയുള്ള ശബ്ദ സന്ദേശം അയച്ചത് കേരളത്തിലെ ഒരു പൊലിസ് ഉദ്യോഗസ്ഥനാണ്. അപ്പോഴും നമ്മള്‍ പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങള്‍ നിങ്ങള്‍ ഭയപ്പെടേണ്ട, സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നായിരുന്നു. എല്ലാ സംവിധാനങ്ങളും സുസജ്ജമാണെന്ന് എല്ലാ ദിവസവും പത്രക്കാരോട് പറഞ്ഞവര്‍ ഒന്നും ചെയ്യാന്‍ കഴിയാതെ കൈമലര്‍ത്തുന്ന അവസ്ഥ, അതായിരുന്നു ഏറെ അസഹനീയം.
ആശുപത്രി വ്യവസായം കേരളത്തില്‍ ജ്വല്ലറി വ്യവസായം പോലെ വികസിതമാണ്. രോഗി സമൂഹത്തെ നിര്‍മിക്കുന്നതില്‍ പങ്കാളികളാവുന്നവര്‍ തന്നെയാണ് മരുന്നും നിര്‍മിക്കുന്നത്. ആധുനിക മനുഷ്യരുടെ അപചയത്തിന്റെ അടയാളമാണിത്. സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളും സമ്പൂര്‍ണ സജ്ജമെന്ന് എത്രയോ തവണ നമ്മുടെ ഭരണാധികാരികള്‍ ആവര്‍ത്തിച്ചു. വിദേശരാജ്യങ്ങളില്‍ ജോലിയും താമസവും ഭക്ഷണവും ഇല്ലാതെ, സാമൂഹിക അകലം പാലിക്കാന്‍ കഴിയാതെ ഒറ്റമുറിയില്‍ താമസിച്ചു പൊട്ടിക്കരഞ്ഞു സഹായമഭ്യര്‍ഥിച്ചപ്പോള്‍ 1522 റിയാല്‍ (30626 രൂപ) ചെലവഴിച്ച് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് മാത്രമേ വിമാനടിക്കറ്റ് നല്‍കാവൂ എന്ന് വാശിപിടിച്ച ഭരണകൂട ഭീകരത ഇന്ത്യയില്‍ മാത്രമുള്ള പ്രതിഭാസമാണ്. എല്ലാ ലോക രാജ്യങ്ങളും അവരുടെ പൗരന്മാരെ മാന്യമായി നാട്ടിലേക്ക് കൊണ്ടുപോയി. നമ്മുടെ പൗരന്മാര്‍ സഹായത്തിന് കൈ നീട്ടിയപ്പോള്‍ കഴുത്തറുക്കാനുള്ള കത്തിയെടുക്കുകയാണ് ഭരണകൂടം ചെയ്തത്.
പരസ്യങ്ങളില്‍ ഒതുങ്ങുകയാണ് ഭരണം. തെരഞ്ഞെടുപ്പ് വിജയങ്ങളുടെ ഗതി നിര്‍ണയിക്കുന്നതും പരസ്യങ്ങളാണ്. അന്താരാഷ്ട്ര പ്രശസ്തരായ പരസ്യ ഭീമന്മാരെയും വിദഗ്ധരെയും വന്‍തുകയ്ക്ക് വിലക്കെടുത്തു വോട്ടുകള്‍ കൊള്ളയടിക്കുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് ഇന്ത്യയില്‍ ഇപ്പോഴുള്ളത്. അമേരിക്ക ഉള്‍പ്പെടെയുള്ള പല രാഷ്ട്രങ്ങളും പയറ്റി വിജയം കണ്ട രീതി കൂടിയാണിത്. ഡൊണാള്‍ഡ് ട്രംപ് എന്ന വംശീയവെറിയനെ മഹത്വം ചാര്‍ത്തി ബിംബവല്‍ക്കരിച്ചു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി അവതരിപ്പിക്കാന്‍ വ്യവസായിയായ ട്രംപിന്റെ വന്‍ പണം നിമിത്തമായി. ഇന്ത്യയിലും നടന്നത് ഇതുതന്നെ. വംശീയ ഉന്മൂലന പ്രവര്‍ത്തിപരിചയമുള്ള നരേന്ദ്ര മോദിയും അമിത്ഷായും അധികാരത്തില്‍ എത്താനും ഉപയോഗപ്പെടുത്തിയത് വന്‍ വ്യാജപരസ്യങ്ങള്‍ തന്നെ.
മാര്‍ക്കറ്റില്‍ വ്യാജ ഉല്‍പന്നങ്ങള്‍ തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് പ്രയാസമാണ്. രാഷ്ട്രീയവും ഏതാണ്ട് ഈ അവസ്ഥ പ്രാപിച്ചിരിക്കുന്നു. പ്രത്യയശാസ്ത്രം ബൈലോ താളുകളില്‍ ഒതുങ്ങുന്നു. കാര്യങ്ങള്‍ നിശ്ചയിക്കുന്നത് വ്യാജപ്രചരണങ്ങളാണ്. ന്യൂനപക്ഷ പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി നിലവില്‍വന്ന ആം ആദ്മി പാര്‍ട്ടി പോലും ആപ്പിലായി. ഭരണ മന്ദിരത്തിലേക്കുള്ള ചവിട്ടുപടികള്‍ മാത്രമായിരുന്നു അടിസ്ഥാനവര്‍ഗ്ഗം. സ്വയം പ്രബുദ്ധരാകുന്ന കാലഘട്ടമുണ്ടായാല്‍ മാത്രമേ തിന്മകളുടെ അച്ചുതണ്ടുകള്‍ പിടിച്ചുകെട്ടാന്‍ കഴിയുകയുള്ളൂ. പൊതുജനം നിരന്തരം വഞ്ചിക്കപ്പെടുന്നു. 2014 നരേന്ദ്രമോദി അധികാരത്തില്‍ വരുമ്പോള്‍ എന്തൊക്കെ വാഗ്ദാനങ്ങളാണ് നല്‍കിയിരുന്നത്. എന്തെങ്കിലും ഒന്ന് നടപ്പിലായോ എന്ന് ചോദിച്ചാല്‍ ഹിന്ദു രാജ്യത്തിലേക്കുള്ള വഴിതുറന്നു എന്ന് മാത്രമാണ് ശരിയായ ഉത്തരം.
ചൈനയും നേപ്പാളും മ്യാന്‍മറും പാകിസ്താനും ഇന്ത്യയുമായി നല്ല ബന്ധത്തിലല്ല. ചൈന അതിര്‍ത്തി കടന്നുവന്നു നമ്മുടെ 20 ധീര ജവാന്മാരെ വധിക്കുകയും ചെയ്തു. എന്താണ് അതിര്‍ത്തിയില്‍ നടന്നത് എന്ന് കൃത്യമായി ഭരണകൂടം രാജ്യത്തെ ജനങ്ങളോട് പറഞ്ഞിട്ടില്ല. ഓരോ ഭാരതീയന്റെയും ആത്മാഭിമാനത്തിന് മുറിവേറ്റപ്പോള്‍ വളരെ വൈകിയുള്ള പലതും മറച്ചുവച്ചുള്ള പ്രഖ്യാപനം മാത്രമാണ് മോദിയില്‍ നിന്നുണ്ടായത്. നമ്മുടെ മണ്ണില്‍ ചൈനീസ് പട്ടാളത്തിന് എങ്ങനെ കടന്നു കയറി വരാന്‍ കഴിഞ്ഞു, ഇന്റലിജന്‍സ് വിഭാഗം എന്തുകൊണ്ട് മുന്നറിയിപ്പുനല്‍കിയില്ല, അഥവാ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ എന്തുകൊണ്ട് മുന്‍കരുതല്‍ എടുത്തില്ല തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."