ദേരയില്‍ വിമതരുമായി കരാറില്‍ എത്തിച്ചേര്‍ന്നു
ദമസ്കസ്: വിമത കേന്ദ്രമായ ദേരയില്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ തുടരുന്ന ആക്രമണങ്ങള്‍ക്ക് വിരാമം. റഷ്യന്‍ പ്രതിനിധികളും വിമതരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വെടിനിര്‍ത്തല്‍ കരാറില്‍ എത്തിച്ചേര്‍ന്നത്. ജോര്‍ദാന്റെ മധ്യസ്ഥിതിയിലുള്ള ചര്‍ച്ചകളാണ് കരാറില്‍ എത്തിച്ചേരാന്‍ സഹായിച്ചത്.
റഷ്യന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആയുധങ്ങള്‍ കൈമാറുമെന്ന് വിമത വക്താവ് ഇബ്രാഹിം ജബാവി പറഞ്ഞു. ജോര്‍ദാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ റഷ്യന്‍ സൈന്യത്തെ വിന്യസിക്കും.
സിറിയയില്‍ പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് വിമതര്‍ ഒഴിഞ്ഞുപോവുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് റഷ്യന്‍ പ്രതിനിധികളുടെയോ ബഷാറുല്‍ അസദ് സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.
മൂന്ന് വര്‍ഷമായി വിമതരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന നസീബ് അതിര്‍ത്തിയില്‍ പത്തോളം റഷ്യന്‍, സിറിയന്‍ സൈന്യത്തിന്റെ ട്രക്കുകള്‍ ഇന്നലെ പ്രവേശിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ കിഴക്കന്‍ ദേരയിലേക്ക് സര്‍ക്കാര്‍ സൈന്യത്തിന് എളുപ്പത്തില്‍ പ്രവേശിക്കാന്‍ സാധിക്കും. വിമതര്‍ക്ക് പിന്തുണയുള്ള പ്രദേശമാണിത്. ദേരയില്‍ ജൂണ്‍ 19 മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 320,000 പേര് പലായനം ചെയ്തുവെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."