യു.ഡി.എഫ് നേതൃമാറ്റം ചര്‍ച്ചയാക്കി ഒരുവിഭാഗം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് യു.ഡി.എഫിലെ നേതൃമാറ്റം ചര്‍ച്ചയാക്കി കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും ഒരു വിഭാഗം രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പോടെ പുതിയ നേതൃത്വത്തിലേക്ക് യു.ഡി.എഫിനെ എത്തിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നീക്കങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിയെ മുന്‍നിര്‍ത്തിയുള്ള നീക്കത്തിനാണ് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. കെ.സി.വേണുഗോപാല്‍ ദേശീയ നേതൃത്വത്തില്‍ നേടിയ മേല്‍കൈയുടെ അടിസ്ഥാനത്തില്‍ ഐ ഗ്രൂപ്പിലുണ്ടായ ദ്രുവീകരണം മുതലെടുക്കുകയെന്നതും ഉമ്മന്‍ചാണ്ടി തിരച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരുടെ ഇപ്പോഴത്തെ അജണ്ടയാണ്. ഈ നീക്കത്തിന്റെ ഭാഗമെന്ന നിലയിലാണ് കഴിഞ്ഞ ദിവസം മുല്ലപ്പള്ളിക്കെതിരേ കോണ്‍ഗ്രസിനെ, പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടിക്കുവേണ്ടി നിലകൊള്ളുന്ന പത്രത്തില്‍ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്. ഉമ്മന്‍ചാണ്ടിയെ വീണ്ടും മുന്‍നിരയിലേക്ക് എത്തിക്കുന്നതിനൊപ്പം യു.ഡി.എഫിലെ ശക്തമായ സാന്നിധ്യമാക്കുകയും ഇതിനു പിന്നിലെ ലക്ഷ്യമായിരുന്നു. മുസ്‌ലിം ലീഗിലെ ഒരു വിഭാഗവും യു.ഡി.എഫിലെ ചില ഘടകകക്ഷികളും ഈ നീക്കങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. ലീഗിന്റെ പ്രമുഖ നേതാവും ഈ നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് സൂചന. പ്രത്യക്ഷമായ അഭിപ്രായ പ്രകടനത്തിന് സമയമാകുമ്പോള്‍ തുറന്ന അഭിപ്രായം പറയാമെന്ന നിശബ്ദ നിലപാടിലാണ് മറ്റു ഘടകകക്ഷികളില്‍ ചിലര്‍. ഇവരെല്ലാം ഉമ്മന്‍ചാണ്ടി തിരിച്ചെത്തിയാല്‍ മാത്രമേ യു.ഡി.എഫിലെ കാര്യങ്ങള്‍ മെച്ചപ്പെടൂ എന്നും കേരള കോണ്‍ഗ്രസ് എമ്മിലെ പ്രശ്‌നങ്ങള്‍ പോലും നിലവിലെ നേതൃത്വത്തിന് പരിഹരിക്കാന്‍ കഴിയുന്നില്ലെന്നും പരിതപിക്കുന്നു.
അതേസമയം ചെന്നിത്തലയുടേയും എം.കെ.മുനീറിന്റെയും നേതൃത്വത്തില്‍ രൂപപ്പെട്ടിരിക്കുന്ന പുതിയ ചേരി ഇക്കാര്യങ്ങള്‍ കരുതലോടെയാണ് കാണുന്നത്. യു.ഡി.എഫ് നേതൃത്വം മോശമാണെന്ന പ്രചാരണം എതിര്‍ ചേരി ആസൂത്രിതമായി ഉയര്‍ത്തുകയാണെന്നത് ഇവര്‍ കാണുന്നുണ്ട്. മുന്‍പ് ഉമ്മന്‍ ചാണ്ടിയും കെ.എം.മാണിയും പി.കെ.കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് യു.ഡി.എഫിനെ നിയന്ത്രിച്ചിരുന്നതില്‍നിന്നു കാര്യങ്ങള്‍ മാറ്റിയെടുക്കാനായെന്ന ആശ്വാസം ഇവര്‍ക്കുണ്ട്. മുന്നണിയിലെ പരമാവധി പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി എതിര്‍ പ്രചാരണങ്ങളെ ചെറുത്ത് നിലവിലെ സ്ഥിതി തുടരാനാണ് ചെന്നിത്തലയുടെ ശ്രമം. ഇതിനിടെയാണ് ഐ ഗ്രൂപ്പിനുള്ളില്‍തന്നെ തനിക്കെതിരായ നീക്കങ്ങള്‍ ചിലര്‍ നടത്തുന്നത് എന്നതും ചെന്നിത്തലയ്ക്ക് തലവേദനയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."