സര്‍ക്കാര്‍ ഉത്തരവ് കെ.എസ്.ആര്‍.ടി.സിക്ക് ബാധകമല്ലേ?
കൊച്ചി: കൊവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖല ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനോട് മുഖംതിരിച്ച് കെ.എസ്.ആര്‍.ടി.സി.
സ്ഥലപരിമിതി മൂലം സാമൂഹിക അകലം പാലിച്ചും കൊവിഡ് നിര്‍വ്യാപന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചും പ്രവര്‍ത്തിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളില്‍ അന്‍പതു ശതമാനം വീതം ജീവനക്കാര്‍ ഓരോ രണ്ടാഴ്ച വീതം ജോലിക്കെത്തണമെന്നാണ് ഉത്തരവ്. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഉത്തരവ് നടപടിയായില്ല.
ഇതിനെതിരേ ജീവനക്കാര്‍ക്കിടയില്‍ കടുത്ത അമര്‍ഷമാണുള്ളത്. കഴിഞ്ഞ 18നാണ് ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളോടെയുള്ള ഉത്തരവിറങ്ങിയത്. ലോക്ക്ഡൗണ്‍ ഇളവു നടപ്പിലാക്കിയതു മുതല്‍ എല്ലാ ദിവസവും ദൂരെ സ്ഥലങ്ങളില്‍നിന്ന് ഡ്യൂട്ടിക്കെത്തിയിരുന്ന കണ്ടക്ടര്‍മാര്‍, ഡ്രൈവര്‍മാര്‍ അടക്കമുള്ള എല്ലാ ജീവനക്കാര്‍ക്കും ഉത്തരവ് ആശ്വാസമായിരുന്നു. എന്നാല്‍ കോര്‍പറേഷന്‍ എം.ഡിയുടെ പ്രത്യേക ഉത്തരവ് ഇറങ്ങാത്തതിനാല്‍ ജീവനക്കാരുടെ ബുദ്ധിമുട്ട് തുടരുകയാണ്.
നിരന്തരം ജോലിക്കെത്തുന്നതിന്റെ ബുദ്ധിമുട്ടും പൊതുജനങ്ങളുമായി ഇടപെടുന്നതിലെ ആശങ്കയുമാണ് ജീവനക്കാരുടെ ആവശ്യത്തിനു പിന്നില്‍. ഈ സാഹചര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയാറാകണമെന്നാണ് ജീവനക്കാരുടെ ആവശ്യം. എന്നാല്‍ എം.ഡിയുടെ പ്രത്യേക ഉത്തരവില്ലാത്തതിനാല്‍ ഡിപ്പോ ചുമതലക്കാരും നിസഹായരാണ്.
ഉത്തരവിറങ്ങിയതിനു പിന്നാലെ 19നു തന്നെ ഇതു സംബന്ധിച്ച ഫയല്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ മുന്നിലെത്തിയതാണ്. ഇന്നുവരെ ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടില്ല. എം.ഡിയുടെ ഉത്തരവ് ഉടനുണ്ടാകുമെന്നാണ് കോര്‍പറേഷന്‍ ഉന്നതരുടെ പ്രതികരണം. അതിനിടെ ഉത്തരവ് നടപ്പാക്കി ജീവനക്കാരുടെ ആശങ്കകള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി ഗതാഗതമന്ത്രിക്ക് 22നു വീണ്ടും കത്തുനല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."