എച്ച്.എന്‍.എല്‍ സ്വകാര്യവല്‍ക്കരണം: 10ന് സംരക്ഷണ കണ്‍വന്‍ഷന്‍
കോട്ടയം: എച്ച്.എന്‍.എല്‍ സ്വകാര്യവല്‍ക്കരണ നീക്കത്തിനെതിരേ 10ന് വെള്ളൂരില്‍ പൊതുമേഖലാ സംരക്ഷണ കണ്‍വന്‍ഷന്‍ നടക്കും. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്ന നീക്കങ്ങള്‍ക്കെതിരേ സംസ്ഥാനാടിസ്ഥാനത്തില്‍ പ്രക്ഷോഭം രൂപപ്പെട്ടുവരികയാണെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. കൊച്ചി കപ്പല്‍ശാല, ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് തുടങ്ങി പ്രധാനപ്പെട്ട കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവല്‍ക്കരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഇതിനെതിരേ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടും സംസ്ഥാനസര്‍ക്കാര്‍ എച്ച്.എന്‍.എല്‍ എറ്റെടുക്കാന്‍ തയാറാണെന്നറിയിച്ചിട്ടും കേന്ദ്രം നിഷേധാത്മക നിലപാട് തുടരുകയാണ്.
10ന് ഉച്ചകഴിഞ്ഞ് മൂന്നിന് വെള്ളൂര്‍ എച്ച്. എന്‍.എല്‍ റിക്രിയേഷന്‍ ഹാളില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ അധ്യക്ഷനാകും.
വാര്‍ത്താസമ്മേളനത്തില്‍ ട്രേഡ് യൂനിയന്‍ നേതാക്കളായ ടി.ആര്‍ രഘുനാഥന്‍, ഫിലിപ്പ് ജോസഫ്, അഡ്വ. വി കെ സന്തോഷ് കുമാര്‍, ടി.വി ബേബി പങ്കെടുത്തു.
3
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."