മാളയുടെ കായിക സ്വപ്നങ്ങള്‍ കരിനിഴലില്‍
നജീബ് അന്‍സാരി
മാള: മാളയുടെ കായിക സ്വപ്നങ്ങള്‍ കരിനിഴലില്‍. മൂന്നര കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച കെ. കരുണാകരന്‍ സ്മാരക സ്‌പോര്‍ട്‌സ് അക്കാദമിയുടെ പ്രവര്‍ത്തനം ഇനിയും തുടങ്ങാനായിട്ടില്ല. സംസ്ഥാന പുരാവസ്തു വകുപ്പ് മാളയിലെ യഹൂദ സ്മാരകങ്ങള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതോടെയാണ് ആധുനിക സ്‌പോര്‍ട്‌സ് അക്കാദമിയുടെ നിര്‍മാണം അനിശ്ചിതാവസ്ഥയിലായത്. ആധുനിക സ്‌പോര്‍ട്‌സ് അക്കാദമി നിലകൊള്ളുന്നത് യഹൂദ സെമിത്തേരിയിലാണ്. പതിറ്റാണ്ടുകളായി കായിക പ്രേമികളുടെ സ്വപ്നമായിരുന്ന മാളയിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് സ്റ്റേഡിയം ഇനിയും യാഥാര്‍ഥ്യമാകാത്തതിനാല്‍ കടുത്ത ആശങ്കയിലാണ് മാളയിലെ കായിക പ്രേമികള്‍.
മാളയില്‍ 200 മീറ്റര്‍ ട്രാക്കില്ലാത്തതിനാല്‍ കാലങ്ങളായി മാള ഉപജില്ലാ കായിക മേള ചാലക്കുടിയിലാണ് നടത്തിവരുന്നത്. മാളയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം വരുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്ന് കരുതിയിരിക്കേയാണ് സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തി രണ്ട് വര്‍ഷത്തോളം മുന്‍പ് സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ണമായും നിലച്ചത്. മാളയിലെ കെ. കരുണാകരന്‍ സ്മാരക സ്‌പോര്‍ട്‌സ് അക്കാദമി സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. സ്റ്റേഡിയം ഉപയോഗയോഗ്യമാക്കാനായി വിദേശത്ത് നിന്നെത്തിച്ച കൃത്രിമപുല്ലും അനുബന്ധ വസ്തുക്കളും ഉപയോഗക്ഷമമല്ലാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു.
സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഫുട്‌ബോള്‍ കോര്‍ട്ടില്‍ വിരിക്കാനായി ഫിന്‍ലന്‍ഡില്‍നിന്നുമെത്തിച്ച കൃത്രിമപുല്ലും പുല്ലിനടിയില്‍ പാകേണ്ടതായ റബര്‍ പെല്ലറ്റും പശയുമടങ്ങിയ വസ്തുക്കളാണ് ആരാലും ശ്രദ്ധിക്കപ്പെടാതെ നശിക്കുന്നത്. 60 ലക്ഷം രൂപ ചെലവഴിച്ച് എത്തിച്ച ഇവയെല്ലാം സ്റ്റേഡിയത്തിനകത്തുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇവ പാകുന്നതിനോ ഫുട്‌ബോള്‍ കോര്‍ട്ടടക്കമുള്ള സിന്തറ്റിക്ക് ട്രാക്ക് പ്രവര്‍ത്തന സജ്ജമാക്കുന്നതിനോ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നീക്കവുമുണ്ടാകുന്നില്ല. 3.535 മീറ്റര്‍ വീതിയും 400 മീറ്റര്‍ നീളവുമുള്ള 15 റോള്‍ കൃത്രിമപുല്ലിന്റെ ഷീറ്റുകളാണ് ഇറക്കുമതി ചെയ്തത്. ഷീറ്റിനൊപ്പമെത്തിച്ച റബര്‍ തരികളും ഷീറ്റ് ഒട്ടിക്കാനായുള്ള പശയും ഇവിടെ എത്തിച്ചിട്ട് രണ്ട് വര്‍ഷത്തിലധികമായി. ഇവ ഉപയോഗിക്കുന്നത് വൈകിയാല്‍ പശയടക്കമുള്ളവ ഉപയോഗശൂന്യമാകും. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് . 2012 നവംബര്‍ 23 ന് അന്നത്തെ കായിക വകുപ്പുമന്ത്രി കെ. ബി ഗണേഷ്‌കുമാറാണ് എട്ടു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. 2016 ഏപ്രില്‍ മാസത്തിനകം രണ്ടര കോടി രൂപ ചെലവഴിച്ച് ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചു. മൂന്നര കോടിയിലധികം രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. ഇന്‍ഡോര്‍ കോര്‍ട്ടിന്റെയും ഫുട്‌ബോള്‍ കോര്‍ട്ടിന്റെയും ഭാഗിക നിര്‍മാണമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ശുചിമുറികളും ഓഫിസും ഒരുക്കിയിട്ടുണ്ട്. 2500 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഇന്‍ഡോര്‍ വുഡന്‍ മള്‍ട്ടി പര്‍പ്പസ് കോര്‍ട്ട്, 200 മീറ്റര്‍ ഓപ്പണ്‍ സിന്തറ്റിക് ട്രാക്ക്, കൃത്രിമപുല്ല് പാകിയ ഫുട്‌ബോള്‍ കോര്‍ട്ട്, കായിക താരങ്ങള്‍ക്ക് വസ്ത്രം മാറുന്നതിനും പ്രാഥമിക കാര്യങ്ങള്‍ക്കും കുളിക്കുന്നതിനുമുള്ള മുറികള്‍, കളികള്‍ക്കിടയില്‍ മഴ പെയ്താല്‍ മിനിറ്റുകള്‍ക്കകം വെള്ളം ഒഴുകി പോകുന്നതിനുള്ള ഡ്രെയിനേജ് സംവിധാനം തുടങ്ങിയവയാണ് ഇനിയൊരുക്കേണ്ടത്. ആദ്യഘട്ടത്തില്‍ അനുവദിച്ച ഫണ്ടുപയോഗിച്ചാണ് കൃത്രിമപുല്ലടക്കമുള്ളവ ഇറക്കുമതി ചെയ്തത്. തുടര്‍പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ ഒന്നാം ഘട്ടത്തിലെ നിര്‍മിതികള്‍ നശിച്ചു കൊണ്ടിരിക്കുകയാണ്. മുസിരിസ് പൈതൃക പദ്ധതിയില്‍ ഇതടക്കം പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ട അധികൃതര്‍ എത്തി സ്റ്റേഡിയമടക്കം എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനമെടുക്കുമെന്നുമാണ് മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍ പറയുന്നത്. ഒന്നര വര്‍ഷം മുന്‍പുണ്ടായിരുന്ന സെക്രട്ടറി സ്റ്റേഡിയം കേസിലകപ്പെട്ടിരിക്കയാണെന്ന തെറ്റായ റിപ്പോര്‍ട്ട് തിരുവനന്തപുരത്തേക്ക് അയച്ചതാണ് പണി പുനരാരംഭിക്കുന്നതിന് തടസമായതെന്ന് വാര്‍ഡംഗം നിത ജോഷി പറഞ്ഞു. ശ്മശാന ഭൂമി മതില്‍ കെട്ടി സംരക്ഷിക്കുന്നതിന് തയാറായാല്‍ സ്റ്റേഡിയം നിര്‍മാണത്തിന് തടസമുണ്ടാക്കില്ലെന്നും പൈതൃക സംരക്ഷണ സമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."