ഫ്രാന്‍സ് സെമിയില്‍; ഇത് ആറാം തവണ
നിഷ്‌നിനോവ്ഗരേഡ്: പ്രതിരോധ ഫുട്‌ബോളിലൂടെ ക്വാര്‍ട്ടര്‍ ജയിക്കാനെത്തിയ ഓസ്‌കാര്‍ ടബേരസിന്റെ കുട്ടികള്‍ക്കും മടങ്ങാം. ആവേശകരമായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഉറുഗ്വെയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ഫ്രാന്‍സ് സെമിഫൈനലിന് യോഗ്യത നേടി. ഫ്രാന്‍സിന് വേണ്ടി റാഫേല്‍ വരാനെ, അന്റോണിയോ ഗ്രീസ്മാന്‍ എന്നിവര്‍ നിറയൊഴിച്ചു. ഇത് ആറാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് സെമിഫൈനലിലെത്തുന്നത്. ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത ഗ്രീസ്മാനാണ് ഫ്രാന്‍സിന്റെ വിജയശില്‍പി.
കവാനിയുടെ കുറവ് നികത്താനാകാത്തതാണെന്ന് ഉറുഗ്വെ ഇന്നലെ മനസ്സിലാക്കി. കവാനിയില്ലാത്ത ഉറുഗ്വെ മുന്നേറ്റം വട്ടപൂജ്യമെന്ന് തന്നെ പറയാം. കിട്ടിയ അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ഫ്രാന്‍സും പാഴാക്കാന്‍ ഉറുഗ്വെയും മത്സരിച്ചു. ഉറുഗ്വെയുടെ മുന്നേറ്റത്തോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. പതുക്കെ പന്ത് കൈവശപ്പെടുത്തിയ ഫ്രാന്‍സ് ഉറുഗ്വെയെ ആക്രമിക്കാന്‍ തുടങ്ങി. എംപാപ്പെയും ഗ്രിസ്മാനും ജിറൂദും ഉറുഗ്വെ ഗോള്‍മുഖത്തേക്ക് ഇരമ്പിയാര്‍ത്തെങ്കിലും ഗോഡിന്റെ കീഴിലുള്ള ഉറുഗ്വെ പ്രതിരോധം ഉറച്ചു നിന്നു. മത്സരത്തില്‍ മികച്ചുനിന്നത് ഫ്രാന്‍സ് തന്നെയായിരുന്നു. കളിയുടെ 62 ശതമാനം പന്ത് കൈവശം വച്ച ഫ്രാന്‍സ് കിട്ടിയ അവസരം മുതലെടുത്താണ് ഉറുഗ്വെ ഒരുക്കിയ പ്രതിരോധ കോട്ട തകര്‍ത്തത്. ഗോള്‍ ലക്ഷ്യത്തിലേക്ക് വെറും രണ്ട് ഷോട്ടുകള്‍ മാത്രം ഉതിര്‍ത്ത ഫ്രാന്‍സ് അത് രണ്ടും വലയില്‍ കയറ്റി.
40ാം മിനുട്ടിലാണ് ഉറുഗ്വെയെ ഞെട്ടിച്ച് ഫ്രാന്‍സ് ലീഡ് നേടിയത്. ഫ്രാന്‍സ് താരം ടോളിസോയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ആദ്യ ഗോള്‍ പിറന്നത്. ഗ്രീസ്മാന്‍ അളന്നുമുറിച്ച് നല്‍കിയ ഫ്രീകിക്കില്‍ നിന്ന് ഹെഡ്ഡറിലൂടെ വരാനെയാണ് ഫ്രാന്‍സിന്റെ ഗോള്‍ നേടിയത്. 43ാം മിനുട്ടില്‍ സമനില നേടാന്‍ ലഭിച്ച മികച്ച അവസരം ഉറുഗ്വെ ക്യാപ്റ്റന്‍ ഗോഡിന്‍ പുറത്തേക്കടിച്ചു കളഞ്ഞു.
ഒരു ഗോളിന്റെ ലീഡുമായി കളംവിട്ട ഫ്രാന്‍സ് രണ്ടാം പകുതിയിലും ആക്രമിച്ച് കളിച്ചു. 61 ാം മിനുട്ടില്‍ ഫ്രാന്‍സ് രണ്ടാം ഗോളും നേടി. ഗ്രിസ്മാനായിരുന്നു ഗോള്‍ നേടിയത്. ടോളിസോ നല്‍കിയ പന്ത് വലംകാലില്‍ സ്വീകരിച്ച് ബോക്‌സിന് പുറത്ത് വച്ച് ഗ്രീസ്മാന്‍ തൊടുത്ത ഇടംകാലന്‍ ഷോട്ട് ഉറുഗ്വെ ഗോള്‍കീപ്പര്‍ മുസ്‌ലേരയുടെ കൈയില്‍ തട്ടി വലയില്‍കയറി. അവസാന മിനുട്ടുകളില്‍ ഉറുഗ്വെ തിരിച്ചടിക്കാന്‍ ശ്രമം നടത്തിയെങ്കിലും ദെഷാംപ്‌സും കുട്ടികളും ചിരിച്ചു തുടങ്ങിയിരുന്നു.
1985 മുതലുള്ള ഫ്രാന്‍സിന്റെ കാത്തിരിപ്പിന്റെ അന്ത്യമാണ് ഈ മത്സരത്തില്‍ വരാനെ നേടിയഗോള്‍. 1985 മുതല്‍ ഇതുവരെ ഉറുഗ്വേക്ക് എതിരേ ഗോള്‍ നേടാന്‍ ഫ്രാന്‍സിന് കഴിഞ്ഞിരുന്നില്ല.
1985ല്‍ ജോസെ ടൂറെയാണ് അവസാനമായി ഉറുഗ്വേക്കെതിരേ ഗോള്‍ നേടിയ ഫ്രാന്‍സ്താരം. അതിനു ശേഷം ലോകകപ്പിലും സൗഹൃദ മത്സരങ്ങളിലുമായി അഞ്ച് തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നെങ്കിലും ഫ്രാന്‍സിന് ഗോളടിക്കാന്‍ കഴിഞ്ഞിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."