പഴുതടച്ചുള്ള കൈയേറ്റമൊഴിപ്പിക്കലിന് ആര്‍. ശ്രീറാം; ചിന്നക്കനാല്‍ 'ക്ലീന്‍' ആക്കുക ആദ്യ ലക്ഷ്യം
തൊടുപുഴ: എല്ലാ പഴുതുകളുമടച്ചുള്ള കൈയേറ്റമൊഴിപ്പിക്കലിനാണ് മൂന്നാറില്‍ റവന്യു വകുപ്പ് തുടക്കമിട്ടിരിക്കുന്നത്. ദേവികുളം സബ് കലക്ടര്‍ ആര്‍. ശ്രീറാമിന്റെ നേതൃത്വത്തില്‍ ദേവികുളം, ഉടുമ്പന്‍ചോല തഹസില്‍ദാര്‍മാരും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിച്ചിരിക്കുന്നു.
ഭൂമാഫിയ കൈയേറിയ ഭൂമിയെ കുറിച്ചുള്ള മുഴുവന്‍ രേഖകളും പരിശോധിക്കുകയും അതില്‍ വ്യാജ പട്ടയങ്ങള്‍ ഉപയോഗിച്ച് കൈയേറിയ ഭൂമിയും തരംതിരിക്കുകയും ചെയ്തിരുന്നു. വന്‍കിട കൈയേറ്റങ്ങളുടെ ലിസ്റ്റ് വില്ലേജ് അടിസ്ഥാനത്തില്‍ തരംതിരിച്ച് തയാറാക്കി തഹസില്‍ദാര്‍മാര്‍ സബ് കലക്ടര്‍ക്ക് കൈമാറി. ഇതില്‍ കോടതികളില്‍ കേസ് നടക്കുന്ന ഭൂമിയുണ്ടോയെന്നും പരിശോധിച്ച ശേഷമാണ് കൈയേറ്റ ഭൂമിയുടെ അന്തിമ ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സബ് കലക്ടര്‍ ആര്‍ ശ്രീറാം വിളിച്ചു ചേര്‍ത്ത ദേവികുളം താലൂക്കിലെ റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള അന്തിമ രൂപരേഖ തയാറാക്കുകയും ചെയ്തു.
കൈയേറ്റമൊഴിപ്പിക്കുമ്പോള്‍ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൂടുതല്‍ പൊലിസിനെ സംരക്ഷണത്തിനായി നിയമിക്കുകയും ചെയ്തു.
അന്തിമ ലിസ്റ്റും രൂപ രേഖയും ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍ അംഗീകരിച്ചതോടെയാണ് കൈയേറ്റമൊഴിപ്പിക്കല്‍ റവന്യു വകുപ്പ് പുനരാരംഭിച്ചത്. ഏറ്റവും കൂടുതല്‍ വന്‍കിട കൈയേറ്റങ്ങള്‍ നടന്നിട്ടുള്ള ചിന്നക്കനാല്‍ വില്ലേജിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് റവന്യു സംഘത്തിന്റെ തീരുമാനം.
വരുംദിവസങ്ങളിലും കൂടുതല്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ് റവന്യു സംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."