എച്ച്-1ബി വിസ യു.എസ് നിര്‍ത്തിവച്ചു; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി നിരോധനം ഡിസംബര്‍ 31 വരെ
വാഷിങ്ടണ്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ തൊഴിലില്ലായ്മയ്ക്ക് താല്‍ക്കാലിക പരിഹാരമുണ്ടാക്കുന്നതിനായി ഈവര്‍ഷം അവസാനം വരെ വിദഗ്ധ തൊഴിലാളികള്‍ക്കുള്ള എച്ച്-1ബി, എച്ച്-2ബി വിസകള്‍ വിദേശികള്‍ക്ക് നല്‍കുന്നത് നിര്‍ത്തിവയ്ക്കുന്ന ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കുന്നതിനുള്ള വിലക്കു നീട്ടുകയും ചെയ്തു. അതേസമയം വിസാ വിലക്ക് നിലവില്‍ യു.എസിലുള്ളവരെ ബാധിക്കില്ല. എന്നാല്‍ യു.എസിനു പുറത്തുള്ളവര്‍ക്ക് തിരിച്ചുവരാനുള്ള അവസരം ഇല്ലാതാക്കും.
കമ്പനി മാറുന്നതിനുള്ള എല്‍1 വിസയും ഡോക്ടര്‍മാരും ഗവേഷകരും കൂടുതലായി ഉപയോഗപ്പെടുത്തുന്ന ജെ1 വിസയും നിര്‍ത്തിവച്ചവയില്‍ പെടുന്നു. എന്നാല്‍ കൊവിഡുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ഇളവുണ്ട്.
യു.എസില്‍ ഓരോ വര്‍ഷവും എച്ച്-1ബി വിസ നേടുന്നവരില്‍ 70 ശതമാനവും ഇന്ത്യക്കാരാണ്. ട്രംപിന്റെ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്ന് ഇന്ത്യന്‍ വംശജനും ഗൂഗിള്‍ സി.ഇ.ഒയുമായ സുന്ദര്‍ പിച്ചൈ പറഞ്ഞു. ഗൂഗിള്‍, ആമസോണ്‍, ഫേസ്ബുക്ക് തുടങ്ങിയ വന്‍കിട യു.എസ് ഐ.ടി കമ്പനികളിലെല്ലാം ജോലിചെയ്യുന്നവരില്‍ കൂടുതലും വിദേശികളാണ്. നിരോധനം മൂന്നു മാസത്തേക്കായി ചുരുക്കണമെന്ന് ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ വിഭാഗം സംഘടനയായ നാസ്‌കോം ആവശ്യപ്പെട്ടു.
ഇതുവഴി ഡിസംബര്‍ 31 വരെ യു.എസ് പൗരന്മാര്‍ക്ക് 5,25,000 ജോലികള്‍ ലഭ്യമാകുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. നവംബറില്‍ രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനുതകുന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചത്. അതേസമയം ട്രംപിന്റെ നടപടി യു.എസ് സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിനെ ദോഷകരമായി ബാധിക്കുമെന്ന് യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സും പ്രമുഖ ടെക് കമ്പനികളും മുന്നറിയിപ്പു നല്‍കി.
ഈവര്‍ഷം ഫെബ്രുവരിക്കും ഏപ്രിലിനുമിടയില്‍ രണ്ടു കോടി യു.എസ് പൗരന്മാര്‍ക്ക് പ്രധാന വ്യവസായസ്ഥാപനങ്ങളില്‍ ജോലി നഷ്ടപ്പെട്ടതായാണ് ട്രംപ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."