സംസ്ഥാനത്തെ റീസര്‍വേ നിര്‍ത്തിവച്ചു
മലപ്പുറം: സംസ്ഥാനത്തെ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. മന്ത്രിതല യോഗം പോലും ചേരാതെയാണ് 14 ജില്ലകളിലെ വിവിധ വില്ലേജുകളില്‍ നടന്നുവന്നിരുന്ന റീസര്‍വേ നിര്‍ത്തലാക്കിയിരിക്കുന്നത്്. റീസര്‍വേയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇനി സ്വകാര്യമേഖലക്കെന്നാണ് സൂചന.
സര്‍വേ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ജൂണ്‍ 28ന് വിഡിയോ കോണ്‍ഫറന്‍സ് നടന്നിരുന്നു. സംസ്ഥാന, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗമാണ് പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതിയില്ലെന്ന പേരില്‍ 32 വില്ലേജുകളിലെ റീസര്‍വേ നിര്‍ത്തിവച്ചത്്. ഓഗസ്റ്റ് 31നകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാവുന്ന സ്ഥലങ്ങളില്‍ മാത്രമേ ഇനി പ്രവൃത്തി നടക്കുകയുള്ളൂ.
ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വേ വകുപ്പിലെ സര്‍വെയര്‍, ഹെഡ് സര്‍വെയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍, ഹെഡ് ഡ്രാഫ്റ്റ്‌സ്മാന്‍ എന്നിവരെ കൂട്ടത്തോടെ താലൂക്ക് ഓഫിസുകളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സര്‍വേ പ്രവര്‍ത്തനങ്ങള്‍ അംഗീകൃത ഏജന്‍സികള്‍ക്ക് കൈമാറി ഡിജിറ്റല്‍ സര്‍വേ നടത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. കൂടാതെ ജില്ലകളില്‍ വിവിധ ഭാഗങ്ങളില്‍ ഫയല്‍ അദാലത്ത് സംഘടിപ്പിച്ച് ലാന്റ് റെക്കോര്‍ഡ്‌സ് ആന്‍ഡ് മെയിന്റനന്‍സ് (എല്‍.ആര്‍.എം) പരാതികള്‍ തീര്‍പ്പാക്കാനുമാണ് വകുപ്പിലെ ജീവനക്കാരെ സ്ഥലംമാറ്റിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വിവരം.
താലൂക്ക് ഓഫിസുകളില്‍ സര്‍വേ സംബന്ധമായി കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാനെന്ന പേരിലാണ് ഈ ഉത്തരവെങ്കിലും ഡിസംബര്‍ വരെ സംസ്ഥാനത്ത് എവിടെയും ഇനി റീസര്‍വേ സംബന്ധിച്ച യാതൊരു പുതിയ ജോലിയും നടക്കില്ല. തുടര്‍ന്ന് ജനുവരി ഒന്നുമുതല്‍ സര്‍ക്കാര്‍ അംഗീകരിക്കുന്ന സ്വകാര്യ ഏജന്‍സിക്ക് ഈ പ്രവര്‍ത്തനം കൈമാറാനും നീക്കം നടക്കുന്നുണ്ട്. പുതിയ ക്രമീകരണത്തിന്റെ ഭാഗമായി ഡ്രാഫ്റ്റ്‌സ്മാന്‍, ഹെഡ് ഡ്രാഫ്റ്റ്‌സ്മാന്‍ എന്നിവര്‍ ഫീല്‍ഡില്‍ റീസര്‍വേ, എല്‍.ആര്‍.എം എന്നിവരുടെ ജോലി ചെയ്യേണ്ടിവരും.
നിലവിലെ രീതി പ്രകാരം സര്‍വെയര്‍മാര്‍ ഫീല്‍ഡില്‍ തയാറാക്കുന്ന റെക്കോഡുകള്‍ ഓഫിസില്‍ ഡ്രാഫ്റ്റ്‌സ്മാന്‍മാര്‍ പരിശോധിച്ച് അപാകതകള്‍ ഉണ്ടെങ്കില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താറുണ്ട്്. ഡ്രാഫ്റ്റ്‌സ്മാന്‍മാരെ ഫീല്‍ഡില്‍ നിയോഗിക്കുന്നതോടെ ഇത് ഇല്ലാതാവും. നിലവിലുള്ള സര്‍വേ ചട്ടത്തിന് വിരുദ്ധമാണ് ഈ തീരുമാനമെന്നും ജീവനക്കാര്‍ പറയുന്നു.
എല്‍.ആര്‍.എം വിഭാഗം അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി താലൂക്ക് അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസത്തോടെ ഡയറക്ടറേറ്റ് ശേഖരിച്ചിരുന്നു. മൂന്നുമാസം കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ എല്‍.ആര്‍.എം അപേക്ഷകളും പൂര്‍ത്തിയാക്കാനാണ് പുതിയ ക്രമീകരണം എന്നാണ് വാദം. എന്നാല്‍, സ്വകാര്യ മേഖലയുമായി സഹകരിച്ചുള്ള ഡിജിറ്റല്‍ സര്‍വേ നടപ്പാകുന്നതോടെ കാലങ്ങളായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന സര്‍വേ, ഭൂരേഖ വകുപ്പ് ജീവനക്കാര്‍ അപ്രസക്തരാവുന്ന സ്ഥിതിയാണുണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."