യൂത്ത് ബ്രിഗേഡിനെ രംഗത്തിറക്കി എല്‍.ഡി.എഫ്; അക്രമ രാഷ്ട്രീയത്തിനെതിരേ യു.ഡി.എഫ്
എടച്ചേരി: പി. ജയരാജന്‍ മത്സരിക്കുന്ന വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍.ഡി.എഫ് പുതിയ തന്ത്രങ്ങള്‍ മെനയുകയാണ്.
കണ്ണൂര്‍ ജില്ലയിലെ കൊലപാതക രാഷ്ട്രീയം കോഴിക്കോട് ജില്ലയിലേക്കും വ്യാപിപ്പിക്കാനാണ് പി. ജയരാജനെ വടകരയില്‍ മത്സരിപ്പിക്കുന്നതെന്ന എതിരാളികളുടെ ആരോപണത്തെ നേരിടാന്‍ ജീവകാരുണ്യവും സാമൂഹിക പ്രതിബദ്ധതയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം കൊടുക്കാനാണ് പാര്‍ട്ടിയുടെ നീക്കം. ഇതിനായി വടകര മണ്ഡലത്തിലെ ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച യൂത്ത് ബ്രിഗേഡ് എന്ന സന്നദ്ധ സംഘടനയെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കിയിരിക്കുകയാണ്. ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, യുവ ജനതാദള്‍ എന്നീ യുവജന സംഘടനകളിലെ പ്രവര്‍ത്തകരാണ് യൂത്ത് ബ്രിഗേഡില്‍ അണിനിരന്നിരിക്കുന്നത്. വടകര മണ്ഡലത്തിലെ വിവിധ ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുക, കുടിവെള്ള വിതരണം നടത്തുക, കിടപ്പുരോഗികള്‍ക്ക് സഹായമെത്തിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ നടത്തുക.
കണ്ണൂര്‍ ജില്ലയില്‍ ജയരാജന്റെ നേതൃത്വത്തില്‍ നടത്തിയ കിടപ്പുരോഗികള്‍ക്കുള്ള സാന്ത്വന പ്രവര്‍ത്തനങ്ങളും എല്‍.ഡി.എഫ് പ്രചാരണ ആയുധമാക്കുന്നുണ്ട്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാവായി പി. ജയരാജനെ ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം.
അതേസമയം അക്രമ രാഷ്ട്രീയത്തിന്റെ അമരക്കാരനായാണ് ജയരാജനെ മറുപക്ഷം പ്രചരിപ്പിക്കുന്നത്. അരിയില്‍ ശുക്കൂര്‍ ഉള്‍പ്പെടെയുള്ള കൊലപാതകങ്ങളില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച ജയരാജനെ സ്ഥാനാര്‍ഥിയാക്കിയത് അക്രമ രാഷ്ടീയം വടകരയിലും കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് യു.ഡി.എഫിന്റെ പ്രധാന ആരോപണം.
ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം അടക്കമുള്ള സംഭവം ഇതിന് ഉദാഹരണമായി അവര്‍ കാണിക്കുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമരാഷ്ടീയത്തിന്റെ തിക്തമായ അനുഭവങ്ങള്‍ പരമാവധി വോട്ടര്‍മാരിലെത്തിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. കഴിഞ്ഞ ദിവസം വടകരയിലെ മടപ്പള്ളിയില്‍ സ്വന്തം ഘടകകക്ഷിയില്‍ പെട്ട എല്‍.ജെ.ഡി പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ അക്രമിച്ച സംഭവം വടകരയില്‍ സി.പി.എം നടത്താനിരിക്കുന്ന അക്രമ രാഷ്ട്രീയത്തിന്റെ തുടക്കമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ഈ ആരോപണങ്ങളെല്ലാം അതിജീവിക്കാന്‍ യൂത്ത് ബ്രിഗേഡിന്റെ കാരുണ്യ പ്രവര്‍ത്തനം കൊണ്ട് സാധ്യമാവുമെന്നാണ് എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എടച്ചേരിയില്‍ നടന്ന ജയരാജന്റെ പര്യടന പരിപാടിയോടനുബന്ധിച്ച് യൂത്ത് ബ്രിഗേഡിന്റെ ഉദ്ഘാടനവും നടന്നു. എടച്ചേരിയില്‍ നടന്ന പരിപാടി എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ഥി പി. ജയരാജന്‍ യൂത്ത് ബ്രിഗേഡിന്റെ ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിച്ചു. അന്നു തന്നെ യൂത്ത് ബ്രിഗേഡ് അംഗങ്ങള്‍ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയും പരിസരവും ശുചീകരിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."