ചൂട്: മുന്നറിയിപ്പുമായി സഊദി കാലാവസ്ഥാ വിഭാഗം
ജിദ്ദ: ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കി സഊദി കാലാവസ്ഥാവിഭാഗം. ഹജ്ജ് വേളയില്‍ മിനായിലും അറഫയിലും 45 ഡിഗ്രിയിലേറെ താപനില അനുഭവപ്പെടുമെന്ന് സഊദി കാലാവസ്ഥാ വിഭാഗം അറിയിച്ചു.
കല്ലേറ് കര്‍മം നടക്കുന്ന ജംറകളില്‍ തണുത്ത വെള്ളം സ്‌പ്രേ ചെയ്യാനും തീര്‍ഥാടകര്‍ക്ക് അത്യുഷ്ണത്തെ പ്രതിരോധിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ഹജ്ജ്- ഉംറ മന്ത്രാലയവുമായി സഹകരിച്ച് നടപടികള്‍ നടത്താനും തീരുമാനമായിട്ടുണ്ട്.
അറഫയില്‍ തീര്‍ഥാടകര്‍ പരമാവധി തണലില്‍ ചെലവഴിക്കണം. ആവശ്യത്തിന് വെള്ളവും ജ്യൂസും കുടിക്കാന്‍ ശ്രദ്ധിക്കണം. ദാഹമുണ്ടെങ്കിലും ഇല്ലെങ്കിലും വെള്ളം കുടിച്ചുകൊണ്ടിരിക്കണമെന്നും ഇളം നിറത്തിലുള്ള കുടകള്‍ ഉപയോഗിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. വൃത്തിയുള്ളതും പാകം ചെയ്തതുമായ ഭക്ഷണം മാത്രമാണ് ഉപയോഗിക്കേണ്ടത്.
പഴങ്ങള്‍ നന്നായി കഴുകണം. തിരക്ക് കൂടുതലുള്ളയിടങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും പ്രഭാതം വരെ ഉറക്കമൊഴിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. കൂടാതെ അത്യാവശ്യ ഘട്ടങ്ങളില്‍ കൃത്യമായും വേഗത്തിലും ചികിത്സ ലഭ്യമാക്കാന്‍ സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ ഡോക്ടറുടെ കുറിപ്പുകള്‍, രോഗത്തെക്കുറിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവ കൂടെ കരുതണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."