കെ. പദ്മരാജന്‍ ചുരം കയറി, 201-ാം പത്രിക നല്‍കി
കല്‍പ്പറ്റ: രാജ്യം ഉറ്റുനോക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഇന്നലെ വരണാധികാരിയായ ജില്ലാ കലക്ടര്‍ മുമ്പാകെ ഒരാള്‍ നാമനിര്‍ദേശ പത്രിക നല്‍കി.
ആള്‍ ചില്ലറക്കാരനല്ല, തദ്ധേശ സ്ഥാപന തെരഞ്ഞെടുപ്പ് മുതല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വരെ മത്സരിച്ച് റെക്കോര്‍ഡിട്ട തമിഴ്‌നാട് സേലം ജില്ലയിലെ മേട്ടൂര്‍ ഡാം രാമനഗര്‍ പദ്മ നിവാസില്‍ ഡോ. കെ. പദ്മരാജനാണ് കക്ഷി. തെരഞ്ഞെടുപ്പ് മത്സര രംഗത്തെ തന്റെ 201-ാം പത്രികയാണ് ഇന്നലെ പദ്മരാജന്‍ നല്‍കിയത്. ഇക്കഴിഞ്ഞ 19ന് തമിഴ്‌നാട്ടിലെ ധര്‍മ്മപുരി മണ്ഡലത്തിലും ഇദ്ദേഹം പത്രിക നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെയാണ് തെരഞ്ഞടുപ്പുകളുടെ തോഴനായ അറുപതുകാരനായ പദ്മരാജന്‍ ചുരം കയറിയത്. 1981ല്‍ ഒരു രസത്തിന് തുടങ്ങിയതാണ് തെരഞ്ഞെടുപ്പുകളിലെ മത്സരം. പിന്നീടിത് നിര്‍ത്താതെ ഇപ്പോള്‍ 201-ാം പത്രികയും സമര്‍പ്പിച്ച് കാത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് മത്സരവുമായി ബന്ധപ്പെട്ട് ഗിന്നസ് റെക്കോര്‍ഡുള്ള ഇദ്ദേഹം മൂന്നുതവണ ലിംക ബുക്കിലും ഇടം നേടിയിട്ടുണ്ട്.
ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദമുള്ള പദ്മരാജന്‍ സ്വന്തമായി ടയര്‍ റിപ്പയറിങ് കടയും നടത്തുന്നുണ്ട്. മുന്‍ രാഷ്ട്രപതിമാരായ കെ.ആര്‍ നാരായണന്‍, എ.പി.ജെ അബ്ദുല്‍ കലാം, പ്രതിഭാ പാട്ടീല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, നരസിംഹ റാവു, ഡോ. മന്‍മോഹന്‍ സിങ് എന്നിവര്‍ക്കെതിരേയെല്ലാം മത്സരിച്ചുള്ള തെരഞ്ഞെടുപ്പുകളുടെ രാജാവായ ഡോ. കെ. പദ്മരാജന്‍, മത്സര രംഗത്ത് ഡബിള്‍ സെഞ്ചുറിയടിക്കാനായി കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."