കേരളം ഭരിക്കുന്നത് കരുണയില്ലാത്ത സര്‍ക്കാര്‍: തിരുവഞ്ചൂര്‍
കോട്ടയം: കേരളം ഭരിക്കുന്നത് കരുണയില്ലാത്ത സര്‍ക്കാരാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ലീഗ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്ന ഇന്ത്യന്‍ യൂനിയന്‍ ദലിത് ലീഗ് കോട്ടയം മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുരിതമനുഭവിക്കുന്നവരെ കൂടുതല്‍ കഷ്ടപ്പെടുത്തുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നത്. പ്രളയത്തിന്റെ പേരില്‍ പിരിച്ച പണം കെട്ടിപ്പൊതിഞ്ഞ് വച്ചിരിക്കുകയാണ്. യഥാര്‍ഥത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് പണം കൊടുത്തിട്ടില്ലെന്ന് തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
കേരളത്തിലെ ട്രഷറികളില്‍ ബില്ലുകള്‍ മാറിക്കിട്ടുന്നില്ല. കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷനും കൊടുക്കുന്നില്ല. സാധാരണക്കാര്‍ക്ക് ഒരു മാസം എട്ടു കിലോ ആയി റേഷന്‍ അരിയുടെ വിഹിതം വെട്ടിക്കുറച്ചു. പൊതുമാര്‍ക്കറ്റില്‍ അരിക്ക് ഇരട്ടി വിലയാണ്. കര്‍ഷകരടക്കമുള്ളവര്‍ കടുത്ത ദുരിതത്തിലാണ്. ജീവിതഭാരം കൂടിക്കൂടി വരുന്നു. തെരഞ്ഞെടുപ്പില്‍ ജനവിരുദ്ധസര്‍ക്കാരിനെതിരായി വിധിയെഴുത്തുണ്ടാകുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ദലിത് ലീഗ് ജില്ലാ പ്രസിഡന്റ് വി. ബാബു അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ് മണിമല, ഡി.സി.സി മെമ്പര്‍ നന്തിയോട് ബഷീര്‍, ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സോമന്‍ പുതിയാത്ത്, കെ.റ്റി.യു.സി (എം) സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍കാല, കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ് കുട്ടി, ദലിത് ലീഗ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ.ജി മോഹനന്‍, സംസ്ഥാന കൗണ്‍സിലംഗം സോമന്‍ പി.എസ്, ജില്ലാ ട്രഷറര്‍ സോമന്‍ അമ്പലക്കടവ്, വനിതാ ദലിത് ലീഗ് സംസ്ഥാന സെക്രട്ടറി ഷേര്‍ളി രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ദലിത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ സജികുമാര്‍ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് എ.സി തങ്കസ്വാമി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."