മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം പതിവാകുന്നു
തൊടുപുഴ: കൊടുംചൂടില്‍ വൈദ്യുതി വിതരണം പതിവായി തടസപ്പെടുന്നത് ജനങ്ങളെ വലയ്ക്കുന്നു. മുന്നറിയിപ്പില്ലാതെയാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുന്നത്. വൈദ്യുതി മുടക്കം പതിവായതോടെ ഫാനും എ.സിയും ഇല്ലാതെ വ്യാപാര സ്ഥാപനങ്ങളിലും ഓഫിസുകളിലും മറ്റു തൊഴിലിടങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികള്‍ വിയര്‍ത്തൊലിച്ച് ജോലി ചെയ്യേണ്ട അവസ്ഥയാണ്.
വൈദ്യുതി വിതരണം തടസപ്പെടുന്ന വിവരം മുന്‍കൂട്ടി അറിയിക്കാത്തതു മൂലം വിവിധ ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നതായും വ്യാപക പരാതിയുണ്ട്. രാത്രിയും പകലുമില്ലാതെ വൈദ്യുതി വിച്ഛേദിച്ചാണ് വൈദ്യുതി ബോര്‍ഡ് ജനങ്ങളെ ദുരിതത്തിലേക്കു തള്ളിവിടുന്നത്. ഉപഭോക്താക്കള്‍ക്ക് തടസം കൂടാതെ വൈദ്യുതി ലഭിക്കുന്നതിനും വൈദ്യുതി പ്രസരണത്തിലൂടെയുള്ള വിതരണനഷ്ടം ഒഴിവാക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന ഐ.പി.ഡി.എസ് (ഇന്റഗ്രേറ്റഡ് പവര്‍ ഡവലപ്പ്‌മെന്റ് സ്‌കീം) പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ഇടവിട്ട് വൈദ്യുതി ബന്ധം വിശ്ചേദിക്കുന്നതെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് പുതിയ ഏരിയല്‍ ബണ്ടിള്‍ഡ് കേബിള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. കേബിള്‍ പോസ്റ്റുകള്‍ വഴി കടന്നുപോകുന്നതിനാലാണ് വൈദ്യുതി ബന്ധം വിശ്ചേദിക്കുന്നത്. വൈദ്യുതി ഇല്ലാതാകുന്നതോടെ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ദുരിതത്തിനു പുറമെ വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായും ഇവര്‍ പറയുന്നു.
ഐസ്‌ക്രീം പാര്‍ലറുകള്‍, കൂള്‍ബാറുകള്‍, ഫോട്ടോസ്റ്റാറ്റ്, ഡി.ടി.പി സ്ഥാപനങ്ങള്‍, സ്റ്റുഡിയോ, പ്രിന്റിങ് പ്രസുകള്‍ തുടങ്ങി വിവിധ സ്ഥാപന നടത്തിപ്പുകാര്‍ വൈദ്യുതി പോകുന്നതിനാല്‍ ബുദ്ധിമുട്ടിലാണ്.
കൂടാതെ അടിക്കടിയുള്ള വൈദ്യുതി മുടക്കം ധനകാര്യസ്ഥാപനങ്ങളുടെയും പത്രസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് തൊഴിലാളികളും ദുരിതമനുഭവിക്കുന്നത്.
രാവിലെ ജോലി സ്ഥലത്തെത്തുമ്പോഴായിരിക്കും വൈദ്യുതി വിതരണം തടസപ്പെട്ട വിവരം അറിയുന്നത്. മുന്‍കൂട്ടി പത്രങ്ങളിലും മറ്റും അറിയിപ്പ് നല്‍കിയാല്‍ മറ്റു സ്ഥലങ്ങളില്‍ ജോലിക്കു പോകാന്‍ സാധിക്കുമെന്നാണു തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്.
ടൈല്‍ പാകുന്ന ജോലികളിലും കെട്ടിടങ്ങളുടെ വെല്‍ഡിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്നവരുമാണ് ഏറെ കഷ്ടപ്പെടുന്നത്. രാവിലെ ഉച്ചഭക്ഷണവും കരുതി ജോലി സ്ഥലത്തെത്തുമ്പോഴാണ് വൈകിട്ടുവരെ വൈദ്യുതി വിതരണം തടസപ്പെടുന്ന കാര്യം അറിയുന്നത്. ഇതുമൂലം തൊഴില്‍ നഷ്ടവും ഇവര്‍ക്ക് സംഭവിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."