പ്രകൃതി സ്നേഹികളെ കാത്ത് ആനപ്പാറ കുന്ന്
പെരിന്തല്‍മണ്ണ: പ്രകൃതിയുടെ സൗന്ദര്യം നുകരാനെത്തുന്ന സഞ്ചാരികള്‍ക്ക് എന്നും വിസ്മയമാണ് നരിമടകുന്നെന്നറിയപ്പെടുന്ന ആനപ്പാറകുന്ന്. ഏലംകുളത്തിനടുത്ത മപ്പാട്ടുകര എന്ന സ്ഥലത്തുള്ള ഈ മനോഹരമായ കുന്നിന്‍ മുകളിലേറിയാല്‍ കിഴക്ക് ദൂരെ അനേകം കുന്നുകള്‍ക്കിടയിലൂടെ ഒഴുകിവരുന്ന കുന്തിപ്പുഴ കാണാം.
ഹരിത ഭംഗിയും ഗ്രാമീണ കാഴ്ചകളും കണ്ണിനെ കുളിര്‍മയണിയിക്കുന്ന പച്ച പുതച്ച വയലേലകളും ഈ പ്രദേശത്തിന്റെ വേറിട്ട അനുഭവമാണ്. വള്ളുവനാടന്‍ ഗ്രാമത്തിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞ മൊട്ടക്കുന്നുകളും താഴ് വാരത്തിലെ ഇളംകാറ്റും ആസ്വദിക്കാന്‍ നൂറുകണക്കിനാളുകളാണ് ഇവിടേക്കെത്തുന്നത്. കുന്നിന്‍ ചെരുവിലെ പാറക്കിടയിലെ ഗുഹയ്ക്ക് ചുറ്റുഭാഗങ്ങളിലായി മുന്‍പ് പുലിയും നരിയുമെല്ലാം ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു .
പെരിന്തല്‍മണ്ണ പട്ടാമ്പി റൂട്ടില്‍ ചെറുകര യില്‍ നിന്നും ഏലംകുളം മുതുകുര്‍ശ്ശി റോഡില്‍ 9 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ ആനപ്പാറ കുന്നിലെത്താം. പട്ടാമ്പി പെരിന്തല്‍മണ്ണ റോഡില്‍ കൊപ്പത്ത് നിന്നും മുളയങ്കാവ് വന്ന് മപ്പാട്ടുകര വഴിയും ആനപ്പാറ കുന്നിലേക്കെത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."