ട്രംപിന്റെ തീരുമാനം ഇന്ത്യയ്ക്ക് ഹാനികരം
അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഈ വര്‍ഷം ഏപ്രിലില്‍ ഏര്‍പ്പെടുത്തിയ കുടിയേറ്റ തൊഴില്‍ വിസാ വിലക്ക്, കഴിഞ്ഞ ദിവസം ദീര്‍ഘിപ്പിച്ചുകൊണ്ട് എടുത്ത തീരുമാനം ഇന്ത്യയില്‍നിന്നുള്ള തൊഴിലന്വേഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. തൊഴില്‍ വിസയായ എച്ച് 1 ബി അധികവും ഉപയോഗപ്പെടുത്തുന്നത് ഇന്ത്യയില്‍നിന്നുള്ള തൊഴിലന്വേഷകരാണ്. വിസാ വിലക്ക് നീട്ടുന്നതോടെ തൊഴിലന്വേഷകരുടെ സ്വപ്നങ്ങളിലാണ് കരിനിഴല്‍ വീഴുന്നത്. ഇതര രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പകരം അമേരിക്കക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാനാണ് ഇത്തരമൊരു തീരുമാനമെന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും നവംബറില്‍ നടക്കാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാം ഊഴത്തിന് കച്ചകെട്ടിയിറങ്ങിയ ട്രംപ് അമേരിക്കന്‍ യുവജനതയെ ഒരിക്കല്‍ കൂടി വശീകരിക്കാനാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ തെരഞ്ഞെടുപ്പില്‍ പ്രയോഗിച്ച അതേ തന്ത്രം വീണ്ടും പയറ്റുകയാണ് വിസാ നിയന്ത്രണത്തിലൂടെ ട്രംപ്.
കുടിയേറ്റക്കാര്‍ക്കെതിരേയും അമേരിക്ക, അമേരിക്കക്കാര്‍ക്കെന്നും പ്രചരിപ്പിച്ചായിരുന്നു കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് പ്രചാരണം ട്രംപ് കൊഴുപ്പിച്ചിരുന്നത്. കറുത്ത വര്‍ഗക്കാരോടുള്ള വിദ്വേഷ പ്രകടനവും വെളുത്ത വര്‍ഗക്കാരുടെ വോട്ട് വാരിക്കൂട്ടാന്‍ ട്രംപിനെ സഹായിച്ചു.
എച്ച് 1 ബി വിസ റദ്ദാക്കുന്നതോടെ ഇന്ത്യയില്‍നിന്നുള്ള ഐ.ടി തൊഴിലന്വേഷകരെയാണ് അത് ഗുരുതരമായി ബാധിക്കുക. വിലക്ക് അനിശ്ചിതമായി നീണ്ടാല്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്കു പോലും അമേരിക്കയില്‍ നിന്നുള്ളവരെ നിയമിക്കേണ്ടി വരും. അമേരിക്കക്ക് തന്നെയാണ് ആത്യന്തികമായി എച്ച് 1 ബി വിസ റദ്ദാക്കുന്നതിലൂടെ ഏറെയും നഷ്ടം സംഭവിക്കുക. 65,000 എച്ച് 1 ബി വിസയായിരുന്നു ഓരോ വര്‍ഷവും നല്‍കിവന്നിരുന്നത്. പുറമേ നിന്നുള്ള ഐ.ടി വിദഗ്ധരെ തഴഞ്ഞ് അമേരിക്കയില്‍നിന്നുള്ള തൊഴില്‍ പ്രാവീണ്യമില്ലാത്തവരെ നിയമിക്കേണ്ടി വരുമ്പോള്‍ വമ്പന്‍ കമ്പനികള്‍ക്കായിരിക്കും അത് തിരിച്ചടിയാവുക. അതിനാല്‍ തന്നെ ട്രംപിന്റെ തീരുമാനത്തിനെതിരേ ഗൂഗിള്‍, ആപ്പിള്‍, ആമസോണ്‍, ടെസ്‌ല തുടങ്ങിയ കമ്പനികള്‍ രംഗത്തു വന്നിട്ടുണ്ട്.
2018 മുതല്‍ ട്രംപ് ഇത്തരം നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ എച്ച് 1 ബി വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നവരെ തിരിച്ചയക്കുന്ന ഒരു പദ്ധതിയും നിലവില്‍ പരിഗണനയില്‍ ഇല്ലെന്ന് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വിസസ് മാധ്യമ വിഭാഗം മേധാവി ജോനാഥന്‍ വി തിങ്ടണ്‍ അന്ന് പറഞ്ഞിരുന്നു. മാത്രമല്ല അമേരിക്കക്കാര്‍ക്ക് എല്ലാ മേഖലകളിലും കൂടുതല്‍ അവസരം നല്‍കാന്‍ നിരവധി മാര്‍ഗങ്ങള്‍ വേറെയുമുണ്ടെന്നും അന്നദ്ദേഹം സൂചിപ്പിച്ചതുമാണ്. എന്നാല്‍ ട്രംപിന്റെ തീവ്ര ദേശീയതയിലൂന്നിയ തീരുമാനം തന്നെ നടപ്പിലാവുകയായിരുന്നു. ഏഴര ലക്ഷം ഇന്ത്യക്കാരെയാണ് വിസാ വിലക്ക് ബാധിച്ചിരിക്കുന്നത്. പുറമെ അമേരിക്കന്‍ കമ്പനികളുടെ പുറംകരാര്‍ ജോലി ഏറ്റെടുത്ത് നടത്തിയിരുന്ന ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ ക്ഷയവും ആരംഭിച്ചു.
ഇത്തരം നടപടികളിലൂടെയും തീവ്ര ദേശീയതാ പ്രചാരണത്തിലൂടെയും അമേരിക്കയിലെ അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ യുവാക്കളുടെ പിന്തുണ നേടിയെടുക്കുക എന്നതായിരുന്നു ട്രംപ് ലക്ഷ്യം വച്ചിരുന്നത്. പിരിച്ചുവിടപ്പെട്ട അമേരിക്കന്‍ പൗരന്മാരായ തൊഴിലാളികള്‍ ഡിസ്‌നി വേള്‍ഡിനെതിരേ നടത്തിയ നിയമനടപടികളെ കഴിഞ്ഞ പ്രാവശ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ട്രംപ് ആയുധമാക്കിയിരുന്നു. എച്ച് 1 ബി വിസയുടെ നിരോധനം നീട്ടുന്നത് വഴി അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് തന്നെ കാര്യമായ ക്ഷതമേല്‍പിക്കുമെന്നാണ് അമേരിക്കയിലെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
14 ദശലക്ഷം വിദേശ തൊഴിലാളികളാണ് അമേരിക്കയിലെ കാര്‍ഷിക, വ്യവസായ, ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ് ഭൂരിപക്ഷവും. ഐ.ടി മേഖലയിലെ കരാര്‍ ജോലികളില്‍ 90 ശതമാനവും ലഭിക്കുന്നത് ഇന്ത്യക്കാണ്. ചൈനക്ക് വെറും അഞ്ചു ശതമാനം മാത്രമാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ എച്ച് 1 ബി വിസയുടെ നിരോധനം നീട്ടുന്നതിലൂടെ ഇന്ത്യയില്‍ നിന്നുള്ളവരെയായിരിക്കും അത് ഗുരുതരമായി ബാധിക്കുക. ഐ.ടി മേഖലയിലെ തൊഴിലുകള്‍ക്കായി വിദേശത്തുനിന്ന് തൊഴില്‍ നൈപുണ്യമുള്ളവരെ കൊണ്ടുവരുന്നതിനാണ് അമേരിക്ക എച്ച് 1 ബി വിസ ഏര്‍പ്പെടുത്തിയത്. അതിനാല്‍ തന്നെ ഈ വിസയിന്‍മേല്‍ അമേരിക്ക ഏര്‍പ്പെടുത്തുന്ന ഏതൊരു നിരോധനവും ഏറ്റവും കൂടുതലായി ബാധിക്കുക ഇന്ത്യയെയായിരിക്കും. ആഗോള സാമ്പത്തിക മാന്ദ്യം അമേരിക്കയെ ഗുരുതരമായി ബാധിച്ചപ്പോഴാണ് കുറഞ്ഞ ചെലവില്‍ ഐ.ടി ജോലികള്‍ നിര്‍വഹിക്കാനായി അമേരിക്കയിലെ വമ്പന്‍ കമ്പനികള്‍ പുറംകരാര്‍ തൊഴില്‍ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത്.
ഇപ്പോഴും കമ്പനികള്‍ ഇതേ നയം തന്നെയാണ് തുടരുന്നത്. ട്രംപ് സ്വദേശിവല്‍ക്കരണ മുദ്രാവാക്യം വീണ്ടും തേച്ചുമിനുക്കി പുറത്തെടുത്തിരിക്കുന്നത് അമേരിക്കന്‍ യുവതയെ ആകര്‍ഷിക്കാന്‍ വേണ്ടി മാത്രമാണ്. ട്രംപ് തിരഞ്ഞെടുത്ത ഈ മാര്‍ഗം അമേരിക്കന്‍ കമ്പനികളോ സാമ്പത്തിക വിദഗ്ധരോ അംഗീകരിക്കുന്നില്ല. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വേതനം കുറവാണ്. ഇവരെ ഒഴിവാക്കി അമേരിക്കന്‍ പൗരന്മാരെ നിയമിക്കേണ്ടി വരുമ്പോള്‍ ഉല്‍പാദന ചെലവ് വര്‍ധിക്കും. അപ്പോള്‍ ഉല്‍പന്നത്തിന്റെ വില വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. ഇതോടെ വിദേശ വിപണികളില്‍ ഉള്‍പ്പെടെ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് മത്സരിക്കാന്‍ കഴിയാതെ വരും. ഇത് അമേരിക്കയുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കും. അത്തരമൊരു തീരുമാനമാണ്, എച്ച് 1 ബി വിസ നിരോധനം നീട്ടുന്നതിലൂടെ ട്രംപ് എടുത്തിരിക്കുന്നത്. അതിനാല്‍ തന്നെ അമേരിക്കന്‍ യുവാക്കളെ മാത്രം സന്തോഷിപ്പിക്കുന്ന തീരുമാനത്തില്‍നിന്ന് വൈകാതെ ട്രംപിന് പിന്മാറേണ്ടി വരും.
ട്രംപിന്റെ ഏറ്റവുമടുത്ത സുഹൃത്തായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ വിഷയത്തില്‍ ട്രംപിനുമേല്‍ സ്വാധീനം ചെലുത്താന്‍ കഴിയും. അമേരിക്കയില്‍ ഹൗഡി മോഡി നടത്തിയും ഇന്ത്യയില്‍ നമസ്‌തേ ട്രംപ് നടത്തിയും ഇരുവരും പരസ്പരമുള്ള ബന്ധം അരക്കിട്ട് ഉറപ്പിച്ചതാണ്. അതിനാല്‍ ഇന്ത്യക്ക് ദോഷകരമായി ബാധിക്കുന്ന എച്ച് 1 ബി വിസാ വിലക്ക് നീട്ടിയത് റദ്ദാക്കാന്‍ ട്രംപിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ മോദിക്ക് നിഷ്പ്രയാസം കഴിയും. അതദ്ദേഹം നിറവേറ്റുമെന്നാശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."