പട്ടാപ്പകല്‍ മൊബൈല്‍ ഷോറൂം അടിച്ചു തകര്‍ത്തു കിളിമാനൂരില്‍ അക്രമികളുടെ തേര്‍വാഴ്ച
കിളിമാനൂര്‍: പട്ടാപ്പകല്‍ കാറിലെത്തിയ മൂന്നംഗ സംഘം കിളിമാനൂരിലെ പഞ്ചായത്ത് ബസ് സ്റ്റാന്റിനു സമീപത്തെ വോഡാ ഫോണ്‍ ഷോറൂം അടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ ഷോറൂം മാനേജര്‍ക്ക് പരുക്കേറ്റു. വെമ്പായം സ്വദേശി ഷാഹുലി (25) നാണ് പരുക്കേറ്റത്. ഇയാളെ കേശവപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ ശേഷം രക്ഷപെടാന്‍ ശ്രമിച്ച അക്രമികളെ വനിതാ ജീവനക്കാര്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെട്ടു. അക്രമ സംഭവം കണ്ട് ഓടിക്കൂടിയവര്‍ കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നു.
ഇന്നലെ വൈകുന്നരം അഞ്ചു മണിയോടെയാണ് സംഭവം. കാറിലെത്തിയ മൂന്നംഗ സംഘം ഷോറൂമിനുള്ളില്‍ കടന്ന് ജീവനക്കാരുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും കടക്കു നേരെ ആക്രമണം അഴിച്ചു വിടുകയുമായിരുന്നു. പോസ്റ്റ് പെയ്ഡ് പ്രീ പെയ്ഡ് ആക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണെന്നും കരുതികൂട്ടിയുള്ള ആക്രമണമായിരുന്നുവെന്നും പറയപ്പെടുന്നു. കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ കിളിമാനൂരില്‍ വ്യാപാര സ്ഥാപങ്ങള്‍ക്കു നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.
മാമിയ സ്റ്റുഡിയോ,തുഷാര ട്രയിഡേഴ്സ് എന്നിവക്ക് നേരെയാണ് നേരത്തേ ആക്രമണം നടന്നത്. കൃത്യമായി ഇടപെടുന്നതില്‍ പൊലിസ് പരാജയപ്പെടുകയാണെന്ന് ആക്ഷേപമുണ്ട്.
ഇന്നലത്തെ സംഭവത്തിനു പിന്നില്‍ കിളിമാനൂരിലെ ഒരു ഗുണ്ടയും ഉള്‍പെട്ടിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. ഇയാള്‍ക്ക് കിളിമാനൂര്‍ പൊലിസുമായി അവിഹിത ഇടപാടുകള്‍ ഉള്ളതായും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."