കുറ്റാന്വേഷണവും ക്രമസമാധാനവും വേര്‍തിരിക്കുന്നതിന് നടപടി സ്വീകരിക്കും: ഡി.ജി.പി
തിരുവനന്തപുരം: കേസന്വേഷണം കൂടുതല്‍ ഫലപ്രദമാക്കുന്നതിന് കുറ്റാന്വേഷണവും ക്രമസമാധാനവും വേര്‍തിരിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കേരള പോലീസ് പ്രതിവര്‍ഷം 7.5 ലക്ഷത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നുണ്ട്. ഇതില്‍ 90 ശതമാനത്തിലേറെ കേസുകളിലും കുറ്റപത്രവും നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും മികച്ച ശിക്ഷാനിരക്കും കേരളത്തിലാണ്. ദേശീയതലത്തില്‍ കോടതിയിലെത്തുന്ന കേസുകളില്‍ ശരാശരി 45 ശതമാനത്തില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ കേരളത്തിലത് 79% ആണ്. ഇവിടത്തെ അന്വേഷണ മികവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും കേസന്വേഷണം കൂടുതല്‍ കാര്യക്ഷമവും സമയബന്ധിതവും ആക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികളും പിന്തുണാസംവിധാനങ്ങളും കൂടുതലായി സംസ്ഥാന പോലീസില്‍ ഏര്‍പ്പെടുത്തിവരുകയാണ്. ശാസ്ത്രീയ അന്വേഷണത്തിനുള്ള പരിശോധനകള്‍ക്കായി ഒരു സംസ്ഥാനതല ഫോറന്‍സിക് സയന്‍സ് ലാബും രണ്ട് റീജിയണല്‍ കേന്ദ്രങ്ങളുമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ശാസ്ത്രീയ കുറ്റാന്വേഷണത്തിന് കൂടുതല്‍ ലാബറട്ടറി സംവിധാനങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കേണ്ടതായുണ്ട്.
ഇതോടൊപ്പം പോലീസ് സ്റ്റേഷന്‍ ചുമതല ഓരോ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കുകയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കീഴില്‍ കുറ്റാന്വേഷണത്തിനും ക്രമസമാധാനപാലനത്തിനും പ്രത്യേക സബ്ബ് ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിക്കുകയും ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങളും സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്.
പരിശീലനം പൂര്‍ത്തിയാവുന്നതോടെ കുറ്റാന്വേഷണം കൂടുതല്‍ ശാസ്ത്രീയവും ഫലപ്രദമാക്കുന്നതിനുള്ള വൈദഗ്ധ്യം എല്ലാതലത്തിലുമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാകുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."