HOME
DETAILS

ജനവും ജനപ്രതിനിധികളും

  
backup
June 25 2020 | 04:06 AM

todays-article-ap-kunjamu-25-06-2020

 


കൊവിഡ് റാണിയെന്നും നിപാ രാജകുമാരിയെന്നും വിളിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറെ അപമാനിച്ചുവോ? മുല്ലപ്പള്ളിയുടേത് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണെന്ന കാര്യത്തില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് യാതൊരു സംശയവുമില്ല. എന്നാല്‍, പറഞ്ഞതില്‍ കെ.പി.സി.സി പ്രസിഡന്റ് ഉറച്ചുനില്‍ക്കുന്നു. മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍കാല പരാമര്‍ശങ്ങള്‍ എടുത്തുകാട്ടി തങ്ങളുടെ നേതാവിനെ പ്രതിരോധിക്കുകയാണ് കോണ്‍ഗ്രസ്. നത്തിങ് ഡൂയിങ് എന്ന് മുല്ലപ്പള്ളി. കോണ്‍ഗ്രസ് ശക്തമായി അതിനെ പിന്തുണയ്ക്കുന്നു. ഈ വിവാദം അതിന്റെ വഴിക്ക് നീങ്ങി അസ്തമിക്കും. നേതാക്കന്മാരും അനുയായികളും നാക്കിന് നിയന്ത്രണമിടാനുള്ള സാധ്യത വളരെ പരിമിതം. ഈ തര്‍ക്കത്തില്‍ മറ്റൊരു വിഷയവും ഉന്നയിക്കപ്പെടുകയുണ്ടായി. നിപാ കാലത്ത് രോഗികളെ കൈമെയ് മറന്ന് ശുശ്രൂഷിക്കുകയും ഒടുവില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്ത നഴ്‌സ് ലിനിയെ മുല്ലപ്പള്ളി തിരിഞ്ഞുനോക്കിയില്ല എന്നായിരുന്നു ആക്ഷേപം. ലിനിയുടെ വീട് ഉള്‍ക്കൊള്ളുന്ന പ്രദേശത്തിന്റെ എം.പിയായിരുന്നു അദ്ദേഹം. ലിനിയുടെ വീട് സന്ദര്‍ശിക്കുന്നത് പോയിട്ട് ഒന്ന് ബന്ധുക്കളെ വിളിച്ചു നോക്കുക പോലും അദ്ദേഹം ചെയ്തില്ല എന്ന്. ഒരു ജനപ്രതിനിധിക്ക് ഭൂഷണമാണോ ഇത്? ഈ ആക്ഷേപത്തെ കോണ്‍ഗ്രസ് നിഷേധിച്ചു. വിളിച്ചതിന് തെളിവു നിരത്തി, സാക്ഷികളെ കൊണ്ടുവന്നു. ജനപ്രതിനിധിയെന്ന നിലയില്‍ താന്‍ തന്റെ ചുമതല നിറവേറ്റിയെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടേതും.

അവകാശവും ചുമതലയും


ഇവിടെ ഒരു ചോദ്യം ഉയര്‍ന്നുവരുന്നു. സ്വന്തം മണ്ഡലത്തില്‍ സമ്മതിദായകര്‍ക്ക് പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ ഓടിയെത്തേണ്ടവരാണോ ജനപ്രതിനിധികള്‍? നാട്ടുകാരുടെ ആഹ്ലാദങ്ങളിലും ദുരിതങ്ങളിലും സുഖങ്ങളിലും ദുഃഖങ്ങളിലും അവരോടൊപ്പം ഉണ്ടാവേണ്ടവരാണോ എം.പിയും എം.എല്‍.എയും? വോട്ടര്‍മാര്‍ക്കൊപ്പം ഉണ്ടുമുറങ്ങിയും കഴിഞ്ഞു കൂടേണ്ടവരാണോ അവര്‍? പാര്‍ലമെന്റിലും അസംബ്ലികളിലും നിയമനിര്‍മാണങ്ങള്‍ നടക്കുമ്പോള്‍ അതില്‍ കാര്യമായതോതില്‍ ഇടപെടാത്ത ജനപ്രതിനിധികള്‍ പോലും വളരെ ജനസമ്മതരായിത്തീരുന്നത് ഇങ്ങനെയൊരു മനോഗതിയുള്ളത് കൊണ്ടാണ്. നിയമസഭയില്‍ സദാ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിക്കൊള്ളട്ടെ, സ്പീക്കറുടെ കസേര മറിച്ചിട്ടു കൊള്ളട്ടെ, മന്ത്രിയെ കൈയേറ്റം ചെയ്യട്ടെ, നിയമനിര്‍മാണ സഭകളില്‍ ഉത്തരവാദിത്വപൂര്‍വം പെരുമാറാതിരിക്കട്ടെ, അവിടെ വായ തുറക്കാതിരിക്കട്ടെ, പ്രശ്‌നമില്ല. നാട്ടില്‍ കല്യാണ വീടുകളിലും മരണ വീടുകളിലും കയറിയാല്‍ ആള്‍ നല്ല എം.എല്‍.എയായി, അല്ലെങ്കില്‍ നല്ല എം.പിയായി എന്നാണോ കരുതേണ്ടത്? മുല്ലപ്പള്ളി ലിനിയുടെ വീട്ടുകാരെ തിരിഞ്ഞുനോക്കിയില്ല എന്ന ആക്ഷേപത്തെ സൂക്ഷ്മതലത്തില്‍ വിലയിരുത്തുമ്പോള്‍ നാം ജനപ്രതിനിധികളില്‍നിന്ന് പ്രതീക്ഷിക്കുന്നത് നിയമനിര്‍മാണ സഭകളിലെ പ്രകടനങ്ങളേക്കാള്‍, ഒരു പക്ഷേ അതോടൊപ്പമെങ്കിലും, പൊതുജനങ്ങള്‍ക്കൊപ്പമുള്ള പ്രവര്‍ത്തനങ്ങളാണ് എന്ന് വരുന്നു. അതായത്, ജനപ്രതിനിധികള്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാവണം. ഇതു സൂചിപ്പിക്കുന്നത് നമ്മുടെ നാട്ടിലെ ജനാധിപത്യ ബോധത്തിന്റെ ദിശാമാറ്റമാണ്. പഴയ കാലത്ത് ഇത്തരത്തില്‍ ഗാഢമായി ജനങ്ങള്‍ ചിന്തിച്ചിരുന്നു എന്നു തോന്നുന്നില്ല.


തെരഞ്ഞെടുപ്പു കാലത്ത് പോലും മണ്ഡലം ചവിട്ടാത്ത സ്ഥാനാര്‍ഥിയെ മഹാ ഭൂരിപക്ഷത്തോടെ ജയിപ്പിച്ചുവിട്ട ചരിത്രം കേരളത്തിനു പോലുമുണ്ട്. ഇപ്പോഴും അങ്ങനെ സംഭവിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി വളരെ കുറച്ചു ദിവസങ്ങള്‍ മാത്രമേ വയനാട്ടില്‍ പ്രചാരണത്തിന് എത്തിയിട്ടുള്ളൂ. ചില പ്രത്യേക ദൗത്യ ബോധങ്ങളുടെ ഫലമായി അദ്ദേഹത്തെ ജനങ്ങള്‍ തെരഞ്ഞെടുത്തയച്ചു. ഇങ്ങനെ തെരഞ്ഞെടുക്കുമ്പോള്‍ ജനങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത്? ഓരോ ജനകീയ പ്രശ്‌നത്തിന്റെ പരിഹാരത്തിന് വേണ്ടിയും അദ്ദേഹം മണ്ഡലത്തില്‍ ഓടിയെത്തണോ, നിയമനിര്‍മാണ സഭകളില്‍ സ്വന്തം ഉത്തരവാദിത്വം നിറവേറ്റുകയാണോ, നാട്ടുകാര്‍ക്കൊപ്പം വെള്ളത്തിലെ മത്സ്യത്തെപ്പോലെ കഴിയുകയാണോ ജനപ്രതിനിധികളുടെ മുന്‍ഗണനാ വിഷയം? രണ്ടാമത്തേതിന് മുന്‍ഗണന നല്‍കാത്തതിന് വലിയവില കൊടുക്കേണ്ടിവന്നിട്ടുണ്ട് പലര്‍ക്കും. രാഹുല്‍ ഗാന്ധി തന്നെയും അമേത്തിയില്‍ പരാജയപ്പെട്ടത് അങ്ങനെയാണെന്ന് പറഞ്ഞുകേള്‍ക്കുന്നു. എത്ര കേമനാണെങ്കിലും മണ്ഡലത്തില്‍ വേരുണ്ടാക്കുന്നില്ലെങ്കില്‍ തോല്‍ക്കും. അതുകൊണ്ടാണ് അസംബ്ലിയേക്കാളും പാര്‍ലമെന്റിനേക്കാളും, അല്ലെങ്കില്‍ അത്ര തന്നെയെങ്കിലും പ്രധാനമാണ് നാട്ടുകാരുടെ മരണവും വിവാഹവുമെന്ന് ജനപ്രതിനിധികള്‍ കരുതുന്നത്. അവര്‍ അങ്ങനെ കരുതണമെന്ന് ജനങ്ങള്‍ ശഠിക്കുന്നത്. മുല്ലപ്പള്ളിയുടെ കാര്യത്തിലുണ്ടായത് ഇതാണ്. അദ്ദേഹം ലിനിയുടെ വീട്ടുകാര്‍ക്ക് മതിയായ പരിഗണന നല്‍കിയോ ഇല്ലേ എന്ന കാര്യം വേറെ. ജനപ്രതിനിധികളുടെ കടമകളേയും ജനങ്ങളുടെ അവകാശങ്ങളേയും കുറിച്ചുള്ള മൗലികമായ ചില വിഷയങ്ങള്‍ അതില്‍ അടങ്ങിയിരിക്കുന്നു.

മരണവും വിവാഹവും


സഭയിലോ സഭക്കു പുറത്തോ എവിടെയാണ് തന്റെ പ്രധാന കര്‍മ്മമണ്ഡലം എന്ന കാര്യത്തില്‍ പല ജനപ്രതിനിധികള്‍ക്കും ആശയക്കുഴപ്പമുണ്ടെന്നാണ് തോന്നുന്നത്. പലരും സഭക്ക് പുറത്ത് തിളങ്ങാനാണ് കൂടുതല്‍ താല്‍പര്യപ്പെടുന്നത്. അതിനാല്‍ സഭാനടപടികള്‍ക്ക് വലിയ പ്രാധാന്യമൊന്നും അവര്‍ നല്‍കാറില്ല. നിയമനിര്‍മാണ സംബന്ധമായ ചര്‍ച്ചകളില്‍ അവര്‍ക്ക് ഉത്തരവാദിത്വ ബോധത്തോടു കൂടിയ പങ്കാളിത്വം ഉണ്ടാവാറില്ല. നിയമസഭയില്‍ എങ്ങനെ പെരുമാറിയാലും ശരി ജനകീയനായാല്‍ മതി എന്ന് കരുതുന്ന സാമാജികരുണ്ട്. ജനകീയതയിലെ ഈ ഊന്നല്‍ നിയമ നിര്‍മാണ സഭകളിലെ നടപടിക്രമങ്ങളുടെ അന്തസ്സും നിലവാരവും കുറയ്ക്കുന്നുമുണ്ട്.
ഇതേച്ചൊല്ലി കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ പലതവണ പരാതിപ്പെടുകയുണ്ടായി. തന്റെ ഭരണകാലത്ത് പ്രതിപക്ഷ നിരയിലായിരുന്ന ടി.എം ജേക്കബിനെ മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് വിശേഷിപ്പിക്കാന്‍ അദ്ദേഹത്തിന്ന് മടിയേതുമുണ്ടായില്ല. അത്രയൊന്നും ജനകീയനല്ലായിരുന്നു മുസ്‌ലിം ലീഗ് നേതാവ് ഇ. അഹമ്മദ്. എന്നാല്‍ നിയമനിര്‍മാണ സഭകളില്‍ അദ്ദേഹത്തിന്റേത് ഏറെ മികച്ച പ്രകടനമായിരുന്നു. തെരഞ്ഞെടുപ്പ് വേളകളില്‍ ജനകീയതയുടെ അഭാവം എതിര്‍ കക്ഷികള്‍ ആയുധമാക്കാറുണ്ട്. ശശി തരൂരും ഇ.ടി മുഹമ്മദ് ബഷീറുമെല്ലാം ഇത്തരം പ്രചാരണങ്ങള്‍ നേരിടേണ്ടി വന്നവരാണ്. ഈ പ്രചരണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ചോദ്യം പ്രസക്തമാണ്, ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളും നാടിന്റെ പൊതുപ്രശ്‌നങ്ങളും പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടുകയാണോ മുസ്‌ലിം ലീഗിന്റെ എം.പി എന്ന നിലയില്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെ ഉത്തരവാദിത്വം, അതോ പൊന്നാനി മണ്ഡലത്തിലെ കല്യാണം, മരണ വീടുകള്‍ കയറിയിറങ്ങുകയോ? താനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാളുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുകയും തന്നെ ഒരു നിലക്കും ക്ഷണിക്കാന്‍ സാധ്യതയില്ലാത്ത വിവാഹത്തില്‍ സദ്യയുണ്ണുകയുമാണ് തന്റെ ദുര്‍വിധിയെന്ന് ഒരിക്കല്‍ ജനപ്രതിനിധി പറഞ്ഞതാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. ഇത് ഏറെക്കുറെ സമൂഹത്തില്‍ സ്വീകാര്യമായിത്തീരുകയും ചെയ്തിരിക്കുന്നു. അതിന്റെ പരിണതിയാണ് ഒരര്‍ഥത്തില്‍ മുല്ലപ്പള്ളിയെക്കുറിച്ചുള്ള ആക്ഷേപവും.

അടുപ്പവും അകല്‍ച്ചയും


നിയമനിര്‍മാണ പ്രക്രിയയില്‍ പങ്കുവഹിക്കുമ്പോള്‍ തന്നെ ജനങ്ങളുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്യുക എന്നത് ജനപ്രതിനിധികളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ജനങ്ങളില്‍നിന്ന് അകന്നു കൊണ്ടായിരിക്കരുത് അവരുടെ ജീവിതം. അതിന്റെ അര്‍ഥം ജനപ്രതിനിധികളുടെ ജീവിതം കുടുംബ സന്ദര്‍ശനങ്ങള്‍ പോലെയുള്ള ഉപചാരങ്ങളില്‍ ഒതുങ്ങിപ്പോവുക എന്നതല്ല, ജനകീയ പ്രശ്‌നങ്ങളില്‍ അവര്‍ ഇടപെടുക എന്നതാണ്. വിവാഹത്തിനും മരണത്തിനും ഹാജര്‍ കൊടുക്കുന്ന എം.എല്‍.എയും എം.പിയും എന്നതിലേറെ സ്വന്തം സമ്മതിദായകരുടെ ജീവിത പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്ന ജനപ്രതിനിധി എന്നതിനായിരിക്കണം ഊന്നല്‍. ഒരു ദേശത്ത് കുന്നിന്‍മുകളില്‍ ദരിദ്രര്‍ താമസിക്കുന്ന കോളണിയില്‍ കുടിവെള്ള പ്രശ്‌നമുണ്ടെന്നുവയ്ക്കുക. രാവിലെ തന്നെ കുളിച്ചുമാറ്റി വിവാഹത്തിനും ശവമടക്കിനും ഹാജരാവുന്നതിനു പകരം ആ കോളണിയിലാവട്ടെ എം.എല്‍.എയുടെ പകല്‍. ഇത്തരം ധാരാളം ജനകീയ ബദലുകള്‍ അയാള്‍ക്ക് മുമ്പില്‍ തുറന്നിടപ്പെട്ടു കിടക്കുന്നു. നാട്ടുവിദ്യാലയങ്ങള്‍, ഗ്രാമീണ ആശുപത്രികള്‍, കുണ്ടും കുഴിയും നിറഞ്ഞ നിരത്തുകള്‍, യാത്രക്കാര്‍ തിങ്ങിനിറഞ്ഞ ബസുകള്‍, വൃത്തിയും വെടുപ്പുമില്ലാത്ത ഹോട്ടലുകള്‍, മാലിന്യങ്ങള്‍ നിറഞ്ഞ വഴിയോരങ്ങള്‍, മലിനമായ പുഴകള്‍ ഇങ്ങനെ ജനകീയ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ പറ്റിയ എത്രയെത്ര സാധ്യതകള്‍. പാലിയേറ്റീവ് ക്ലിനിക്കിന് ആംബുലന്‍സ് വാങ്ങിക്കൊടുത്താല്‍ എം.എല്‍.എയുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്വം വഹിക്കുകയാണ് വേണ്ടത്. ജനകീയതക്ക് ഇങ്ങനെയൊരു തിരിച്ചിടല്‍ ആവശ്യമാണ്. ലിനിയുടെ വീട്ടില്‍ ഉപചാരമെന്ന നിലയില്‍ മുല്ലപ്പള്ളി സന്ദര്‍ശനം നടത്തുകയോ ഫോണ്‍ വിളിക്കുകയോ ചെയ്യുന്നതല്ല വിഷയം. അത്തരമൊരു പ്രതിസന്ധിയില്‍ ഒരു ജനപ്രതിനിധിക്ക് എങ്ങനെ കൈത്താങ്ങാകാന്‍ കഴിയും എന്നതാണ്.
വാല്‍ക്കഷണം: ജനവും ജനപ്രതിനിധികളും തമ്മിലുള്ള പാരസ്പര്യം എങ്ങനെയാണ് സാര്‍ഥകമാവുക? ഇംഗ്ലണ്ടില്‍ നടന്നതായി പറയപ്പെടുന്ന ഒരു സംഭവത്തെപ്പറ്റി പറയാം. ഒരിക്കല്‍ കുറേയാളുകള്‍ ഒരു ക്യൂവില്‍ നില്‍ക്കുകയാണ്. അവിടെയെത്തിയ ജനപ്രതിനിധി വരി തെറ്റിച്ച് മുന്നില്‍ കയറിനിന്നു. ജനപ്രതിനിധി എന്ന പ്രത്യേകാവകാശം ഉപയോഗപ്പെടുത്തിയായിരുന്നു ഈ കയറിനില്‍പ്പ്. പിന്നില്‍ നില്‍ക്കുന്ന ആളുകള്‍ ബഹളം കൂട്ടിയപ്പോള്‍ ജനപ്രതിനിധി പറഞ്ഞു ഞാന്‍ ജനപ്രതിനിധിയാണ്. അപ്പോള്‍ വരിയിലുണ്ടായിരുന്നവര്‍ ചോദിച്ചു: താങ്കള്‍ ജനപ്രതിനിധി മാത്രമല്ലേ? ഞങ്ങളുടെ പ്രതിനിധി. പക്ഷേ ഞങ്ങളാണ് ജനം. അതോര്‍ക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  13 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago