എല്ലാവര്‍ക്കും വീട് പദ്ധതി നടപ്പാക്കുന്നു
നിലമ്പൂര്‍: പ്രധാനമന്ത്രി ആവാസ് യോജനയില്‍ (പി.എം.എ.വൈ) കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവര്‍ക്കും വീട് പദ്ധതി നിലമ്പൂര്‍ നഗരസഭ നടപ്പിലാക്കുന്നു. ഇതിനു മുന്നോടിയായി ഇന്നലെ പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപയും, കുറഞ്ഞ വരുമാനമുള്ളവര്‍ക്ക ആറു ലക്ഷം രൂപയുമാണ് ഭവന നിര്‍മാണത്തിനായി നല്‍കുക. ഗുണഭോക്താവിന് 6.5 ശതമാനം പലിശ സബ്‌സീഡിയിലാണ് വീട് നിര്‍മാണത്തിന് ദേശസാല്‍കൃത ബാങ്കുകള്‍ വായ്പ നല്‍കുക. വാര്‍ഷിക വരുമാനത്തിനനുസരിച്ച് 24 ലക്ഷം രൂപ വരെ വായ്പ കിട്ടും.
ആറു ലക്ഷം രൂപയുടെ വായ്പക്കേ സബ്‌സിഡി ലഭിക്കുകയുള്ളു. മൂന്നു സെന്റ് സ്ഥലം സ്വന്തമായുള്ള നഗരസഭാ പരിധിയിലുള്ളവര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. മൂന്നു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 30ഉം ആറു ലക്ഷം രൂപ വരെ വരുമാനക്കാര്‍ക്ക് 60ഉം ചതരശ്ര മീറ്റര്‍ തറ വിസ്തീര്‍ണമുള്ള വീടിന് ആനുകൂല്യം ലഭിക്കും.
2.5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ സ്വന്തം സത്യാവാങ്മൂലം രേഖയായി നല്‍കിയാല്‍ മതി. വായ്പക്ക് ഭൂമിയും വീടും ബാങ്കിന് ഈട് നല്‍കണം. 15 വര്‍ഷമാണ് തിരച്ചടവ് കാലാവധി. ഒന്നരവര്‍ഷത്തിനു ശേഷമാണ് തിരിച്ചടവ് ആരംഭിക്കുക. ഗുണഭോക്താക്കളെ കണ്ടത്താന്‍ കുടുംബശ്രീ മുഖേന വിവര ശേഖരണം നടത്തും. 100പേര്‍ക്ക് ഒരു ഫെസിലിറ്റേറെ നിയമിക്കും. ഗുണഭോക്താക്കള്‍ക്ക് ബോധവത്കരണവും നടത്തും. ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയായി. കനറാ ബാങ്ക് നിലമ്പൂര്‍ ശാഖ സീനിയര്‍ മാനേജര്‍ സി. ഗോകുല്‍ദാസ്, മെമ്പര്‍ സെക്രട്ടറി കൃഷ്ണകുമാര്‍, നഗരസഭ ഉപാധ്യക്ഷന്‍ പി.വി ഹംസ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."