മെക്‌സിക്കോയില്‍ ഭൂചലനം; ആറു മരണം
മെക്‌സിക്കോ സിറ്റി: തെക്കന്‍ മെക്‌സിക്കോ റിസോര്‍ട്ടായ ഹുവാറ്റല്‍കോയ്ക്ക് സമീപമുണ്ടായ ശക്തമായ ഭൂചലനത്തില്‍ കുറഞ്ഞത് ആറുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പ്രാദേശിക സമയം രാവിലെ 10.30നായിരുന്നു സംഭവം. ഭൂചലനത്തെത്തുടര്‍ന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ വകുപ്പ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശക്തമായ പ്രകമ്പനത്തില്‍ മെക്‌സിക്കോ സിറ്റിയിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. വീടുകളുടെ ജനാലകളും മതിലുകളും തകര്‍ന്നുവീണു.
ചില സ്ഥലങ്ങളില്‍ വൈദ്യുതിബന്ധവും നിലച്ചു. ആയിരക്കണക്കിനാളുകളാണ് പരിഭ്രാന്തരായി വീടുകള്‍ ഉപേക്ഷിച്ച് തെരുവുകളിലേക്ക് ഓടിയത്. ഓക്‌സാക്കയിലെ ഹുവാറ്റല്‍കോയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി മെക്‌സിക്കോ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ അറിയിച്ചു. വീടു തകര്‍ന്നാണ് മറ്റൊരാള്‍ കൊല്ലപ്പെട്ടതെന്ന് ഓക്‌സാക്ക ഗവര്‍ണര്‍ അലജാന്‍ഡ്രോ മുറാറ്റ് പറഞ്ഞു. സര്‍ക്കാര്‍ എണ്ണക്കമ്പനിയായ പെമെക്‌സിലെ ഒരു തൊഴിലാളി റിഫൈനറിയിലുണ്ടായ അപകടത്തിലാണ് മരിച്ചത്.
ഓക്‌സാക്ക ഗ്രാമത്തില്‍ ഒരാള്‍ മതില്‍ വീണു മരിക്കുകയും ചെയ്തിട്ടുണ്ട്. ഫെഡറല്‍ സിവില്‍ ഡിഫന്‍സ് അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭൂചലനത്തെത്തുടര്‍ന്ന് പസഫിക് തീരനഗരമായ സാലിന ക്രൂസിലെ റിഫൈനറിയില്‍ തീപ്പിടിത്തമുണ്ടായി. ഭൂകമ്പത്തില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കും പാലങ്ങള്‍ക്കും ദേശീയപാതകള്‍ക്കും നാശനഷ്ടമുണ്ടായി. ശക്തമായ ഭൂചലനത്തിന് പിന്നാലെ 140ലധികം ചെറിയ ചലനങ്ങളുമുണ്ടായി.
ഗ്വാട്ടിമലയിലെ ദേശീയ ദുരന്തനിവാരണ ഏജന്‍സി തെക്കന്‍ പസഫിക് തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. ഒരു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളെത്തുമെന്നായിരുന്നു പ്രവചനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."