കരുനാഗപ്പള്ളിയിലും സ്ഥിതി തഥൈവ...!
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ തീരദേശ പഞ്ചായത്തായ കുലശേഖരപുരത്ത് കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. ഓച്ചിറയില്‍ നിന്നും വരുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ പഞ്ചായത്തിനെ ഉള്‍പ്പെടുത്താത്തതുമൂലം ഇവിടെ ജനങ്ങള്‍ കുടിവെള്ളത്തിനായി നട്ടം തിരിയുകയാണ്. പുത്തന്‍തെരുവില്‍ നിന്നും പമ്പിങ് ചെയ്ത് വരുന്ന കുടിവെള്ളമാണ് തീരദേശ വാസികളുടെ ഏക ആശ്രയം. ഇതാകട്ടെ എക്കല്‍ നിറഞ്ഞതും ഓരു ജലവും ആണ്. ഇത് അരിച്ചാണ് ഇപ്പോള്‍ ആളുകള്‍ ഉപയോഗിക്കുന്നത്. ഈ വെള്ളം കിട്ടണമെങ്കില്‍ മണിക്കൂറോളം പൈപ്പിന്‍ ചുവട്ടില്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ്.
തീരദേശ മേഖലയില്‍ ഉള്ള കിണറുകളിലെ ജലം ഉപ്പുരസം ആയതിനാല്‍ ഭക്ഷ്യഉപയോഗത്തിന് യോഗ്യമല്ല. ഇത് മൂലം ലൈന്‍ പൈപ്പിലെ ജലമേ ഉപയോഗിക്കാന്‍ നിവൃത്തിയുള്ളൂ. ഇതാകട്ടെ കലക്കവെള്ളവുമാണ്. ഇപ്പോള്‍ ജനങ്ങള്‍ ടാങ്കുകളിലും ബക്കറ്റുകളിലും ശേഖരിച്ച് വെള്ളം അരിച്ചാണ് ഉപയോഗിക്കുന്നത്. ഇവിടത്തെ കുടിവെള്ള ദൗര്‍ലഭ്യത്തിന് പരിഹാരം കാണാതെ വലയുകയാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."