കുണ്ടറ, ചാത്തന്നൂര്‍ പ്രദേശങ്ങളും വരള്‍ച്ചയില്‍
കുണ്ടറ, ചാത്തന്നൂര്‍, ശാസ്താംകോട്ട, പരവൂര്‍, അഞ്ചാലുമ്മൂട്, മേഖലകളിലും രൂഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. തൃക്കോവില്‍വട്ടം, കൊട്ടിയം മേഖലകളിലും കുടിവെള്ളം കിട്ടാക്കനിയായിരിക്കുകയാണ്. പ്രദേശത്ത് മിക്കവാറും തോടുകളും നീര്‍ത്തടങ്ങളും ചെറിയ കുളങ്ങളും വറ്റിവരണ്ടു. കൊട്ടിഘോഷിച്ച കണ്ണനല്ലൂര്‍ ഗ്രാമീണ ജല വിതരണ പദ്ധതി കോടികള്‍ ചെലവഴിച്ച് നിര്‍മാണം നടത്തിയിട്ടും പഴയ പൈപ്പ് ലൈനുകള്‍ മാറ്റാനാകാതെ ഉദ്ഘാടനം വൈകുന്നു. കണ്ണനല്ലൂര്‍, കൊട്ടിയം മേഖലകളില്‍ ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും വന്‍വില നല്കി വെള്ളം വാങ്ങി ഉപയോഗിക്കുകയാണ്. പലയിടങ്ങളിലും പണം നല്കിയാലും വെള്ളം ലഭിക്കാത്ത സാഹചര്യമാണെന്ന് ജനങ്ങള്‍ പറയുന്നു.
ഇത്തിക്കരയാറിന്റെ തീരപ്രദേശത്ത് താമസിക്കുന്നവരും ജലക്ഷാമത്തിന്റെ പിടിയിലാണ്. ഇത്തിക്കര ആറിലെ അനിയന്ത്രിതമായ മണല്‍വാരലിനെത്തുടര്‍ന്ന് ആറിന്റെ താഴ്ച കൂടിയതാണ് പ്രധാന കാരണം. മയ്യനാട് പഞ്ചായത്തിന്റെ തീരപ്രദേശങ്ങളിലും കൊട്ടിയത്തും സമീപ്രദേശങ്ങളായ പറക്കുളം, ഉമയനല്ലൂര്‍, കല്ലുകുഴി എന്നിവിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. കടുത്ത വേനലിനെ തുടര്‍ന്ന് കിണറുകളിലെ ജലനിരപ്പ് വളരെയധികം താഴുകയും പൂര്‍ണമായി വറ്റിവരളുകയും ചെയ്തിട്ടുണ്ട്. ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകള്‍ എല്ലാം വറ്റിവരണ്ടു. മൈലക്കാട് ഭാഗത്തും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. കുടിവെള്ള ക്ഷാമത്തിന് പരിഹാരമെന്നോണം നടപ്പാക്കിയ ജപ്പാന് പദ്ധതിയെക്കുറിച്ച് വ്യാപകമായ പരാതികളാണ് ഉയരുന്നത്. അധികൃതരോട് പരാതി പറഞ്ഞാല്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നുവെന്നാണ് അറിയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."