ചവറയില്‍ വില്ലനായി കെ.എം.എം.എല്‍
ചവറ, കരുനാഗപ്പള്ളി നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. കെ.എം.എം.എല്‍ എന്ന പൊതുമേഖലാ സ്ഥാപനമാണ് ഇവിടെ ജനങ്ങളുടെ കുടവെള്ള ക്ഷാമത്തില്‍ പ്രതിസ്ഥാനത്തുള്ളത്. കെ.എം.എം.എല്ലിന് ആവശ്യമായ വെള്ളത്തിനായി പ്രത്യേക പദ്ധതി സുശീലാ ഗോപാലന്‍ മന്ത്രിയായിരുന്ന കാലത്ത് തയാറാക്കിയിരുന്നെങ്കിലും പിന്നീടുള്ള സര്‍ക്കാരുകള്‍ ഇതിന് പ്രാധാന്യം നല്‍കിയില്ല.
കോടികളുടെ പദ്ധതി ഇന്ന് കാടുകയറി നശിക്കുകയാണ്. കെ.എം.എം.എല്ലിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വെള്ളത്തിനായി സുശീലാ ഗോപാലന്‍ വ്യവസായ വകുപ്പ് മന്ത്രിയായിരിക്കെയാണ് 42 കോടിയുടെ പ്രത്യേക പദ്ധതി തയാറാക്കിയത്. പള്ളിക്കലാറ്റില്‍ നിന്നും വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച ശേഷം കെ.എം.എം.എല്ലിനും ഒപ്പം പരിസരവാസികള്‍ക്കും നല്‍കുക എന്നതായിരുന്നു പദ്ധതി. പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാരും പദ്ധതിയുമായി മുന്നോട്ട് പോയി. പക്ഷേ 2006ല്‍ വി.എസ് സര്‍ക്കാര്‍ എത്തിയതോടെ പദ്ധതി ഉപേക്ഷിച്ചു. ഭീമമായ അഴിമതി പദ്ധതിയില്‍ നടക്കുന്നെന്ന് കണ്ടെത്തിയായിരുന്നു നടപടി. എന്നാല്‍ പദ്ധതി ഉപേക്ഷിച്ചതിന്റെ പേരിലും സര്‍ക്കാരിന് കോടികളുടെ നഷ്ടം വന്നു. നിര്‍മാണ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ 20 കോടിയിലധികം രൂപയാണ് നടപ്പാകാതെ പോയ പദ്ധതിക്ക് കരാറുകാരന്‍ കോടതി ഉത്തരവിലൂടെ നേടിയെടുത്തത്. പദ്ധതിക്കായി കമ്പനി കോടികള്‍ കൊടുത്ത് ഏറ്റെടുത്ത സ്ഥലവും ഇതില്‍ സ്ഥാപിച്ച കുളവും ഇന്ന് കാടുകയറി നശിച്ച് കൊണ്ടിരിക്കുകയാണ്.
കെ.എം.എം.എല്ലിന്റെ പരിസര പ്രദേശത്തെ ജനങ്ങളാകട്ടെ ഇന്നും കുഴികുത്തിയാണ് കുടിവെള്ളം ശേഖരിക്കുന്നത്. അഴിമതിക്കാര്‍ക്കെതിരേ നടപടി എടുത്ത് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയിരുന്നെങ്കില്‍ കെ.എം.എം.എല്ലിന്റെ കുടിവെള്ള പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാകുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."