ക്വാറിയില്‍ ഉഗ്രസ്‌ഫോടനം: വീടിന്റെ ഓടുകള്‍ തകര്‍ന്നു
ചെറുപുഴ: ക്വാറിയിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ കല്ലു തെറിച്ച് വീണ് വീടിന്റെ ഓടുകള്‍ തകര്‍ന്നു. ചെറുചൂരപ്പടവ് പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ നിന്നാണ് ഇന്നലെ രാവിലെയുണ്ടായ സ്‌ഫോടനത്തില്‍ കല്ലു തെറിച്ചുവീണത്. കുന്തന്‍മലയില്‍ ശ്രീദേവിയുടെ വീടിന്റെ ഓടുകളാണു തകര്‍ന്നത്.
ക്വാറിയും ക്രഷറും തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികള്‍ കലക്ടര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ജനങ്ങളുടെ പരാതി തള്ളി ക്വാറിയും ക്രഷറും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയാണ് അധികൃതര്‍ ചെയ്തതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനായി ചില നിബന്ധന വച്ചു ക്വാറി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഉടമയ്ക്കു അനുമതി നല്‍കുകയാണു സര്‍വകക്ഷി പ്രതിനിധി സംഘം ചെയ്തതെന്നു നാട്ടുകാര്‍ പറയുന്നു. പ്രതിനിധി സംഘം മുന്നോട്ടുവച്ച ഒറ്റ നിര്‍ദേശം പോലും പാലിക്കാതെയാണ് കഴിഞ്ഞ മാസത്തോളമായി ക്വാറിയുടമ ഖനനം നടത്തുന്നത്. അതിശക്തമായ സ്‌ഫോടനത്തെ തുടര്‍ന്നു ചൂരപ്പടവ് ഗ്രാമം നാശത്തിന്റെ വക്കിലാണ്. കടുത്ത വേനലിലും ജലസുദ്ധമായിരുന്ന പ്രദേശത്തു ഇന്നു കുടിവെള്ളം പോലും കിട്ടാനില്ലാത്ത സ്ഥിതിയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട രാഷ്ട്രീയ പാര്‍ട്ടികളും ഭരണാധികാരികളും ക്വാറിയുടമയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നു നാട്ടുകാര്‍ പറയുന്നു. ഇതിനു എതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. കല്ലുകള്‍ തെറിച്ചരുടെ വീടുകള്‍ സന്ദര്‍ശിച്ചു. ക്വാറിയുടെയും ക്രഷറിന്റെയും പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി. ഡെന്നി കാവാലം, അസി. സെക്രട്ടറി കൗസല്യ, കെ.കെ ജോയി, മനോജ് വടക്കന്‍, കെ.എം ഷാജി, എ. ബാലകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."