പ്രവാസികളോട് സര്‍ക്കാര്‍ നന്ദികേട് കാണിക്കരുത്: ഹൈദരലി തങ്ങള്‍
കോഴിക്കോട്: കേരളം ഇന്നനുഭവിക്കുന്ന സുഖസൗകര്യങ്ങളില്‍ പ്രവാസികളുടെ വിയര്‍പ്പിന്റെ അംശമുണ്ടെന്നത് സര്‍ക്കാര്‍ മറക്കരുതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പ്രവാസികളോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്. അവരും മനുഷ്യരാണെന്നു സര്‍ക്കാര്‍ മനസിലാക്കണം. അവരുടെ കണ്ണീരിന്റെ ഫലം സര്‍ക്കാര്‍ അനുഭവിക്കേണ്ടിവരുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 'പ്രവാസികളും മനുഷ്യരാണ്, സര്‍ക്കാരിന്റെ ക്രൂരത അവസാനിപ്പിക്കുക' എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അധ്യക്ഷനായി.
പ്രവാസികളെ ബുദ്ധിമുട്ടിക്കാന്‍ പഠിച്ചപണി നോക്കിയെങ്കിലും അതൊന്നും നടക്കാതെ വന്നപ്പോഴാണ് സര്‍ക്കാരിനു പിന്മാറേണ്ടി വന്നതെന്നും ഇതു പ്രതിപക്ഷത്തിന്റെ വിജയമാണെന്നും ഉദ്ഘാടന ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പകല്‍സമയങ്ങളില്‍ നടന്ന സംഭവങ്ങള്‍ ശേഖരിച്ച് വൈകിട്ട് പത്രസമ്മേളനത്തില്‍ പറയുന്നതല്ല ഭരണം. ഇപ്പോള്‍ സമൂഹവ്യാപനം പറഞ്ഞ് ജനത്തെ ഭയപ്പെടുത്തുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് പറഞ്ഞതിനെ ട്രോളാന്‍ വേണ്ടി കുറേപ്പേരെ വച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ചെയ്യുന്ന മണ്ടത്തരങ്ങള്‍ തിരുത്താന്‍ ഇപ്പോള്‍ ലീഗിന്റെ നിര്‍ദേശമാണു നടപ്പാക്കുന്നതെന്നു പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു.
സമാപനം വൈകിട്ട് അഞ്ചിനു ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നജീബ് കാന്തപുരം അധ്യക്ഷനായി.
മുനവ്വറലി ശിഹാബ് തങ്ങള്‍ സമാപന പ്രസംഗം നടത്തി. ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദീഖ്, പി.എം.എ സലാം, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, എം.എ സമദ്, യൂത്ത് ലീഗ് അഖിലേന്ത്യാ ജന. സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, ഫിറോസ് കുന്നുംപറമ്പില്‍, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷ്‌റഫ്, പി.പി അന്‍വര്‍ സാദത്ത്, അഡ്വ. വി.കെ ഫൈസല്‍ ബാബു, യൂത്ത് കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് വിദ്യാ ബാലകൃഷ്ണന്‍ സംസാരിച്ചു. പി.ജി മുഹമ്മദ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."