ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ചത് 547 അപേക്ഷകള്‍
അഞ്ചല്‍: പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഊര്‍ജിതമായ പങ്കാളിത്തംകൊണ്ട് കൊല്ലം ജില്ലാ കലക്ടറുടെ താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടി 'സമാശ്വാസം 2017'ന്റെ തുടക്കം ശ്രദ്ധേയമായി. അഞ്ചല്‍ മിനി സിവില്‍ സ്റ്റേഷനില്‍ നടത്തിയ പുനലൂര്‍ താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിനായി നേരത്തെ സമര്‍പ്പിക്കപ്പെട്ട 19 അപേക്ഷകളില്‍ അനുവദിച്ച 147500 രൂപയുടെ ചെക്കുകള്‍ വിതരണംചെയ്തു.
പുതിയതായി 579 അപേക്ഷകള്‍ ഇന്നലെ ലഭിച്ചു. ഇതില്‍ 77 അപേക്ഷകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിനു വേണ്ടിയാണ്. പുതിയായി ലഭിച്ച പരാതികളില്‍ തുടര്‍നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. വിവിധ വകുപ്പുകളില്‍നിന്നുള്ള 200 ഓളം ജീവനക്കാരാണ് പരിപാടിയുടെ നടത്തിപ്പില്‍ പങ്കാളികളായത്.
സബ് കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം ഐ.അബ്ദുല്‍സലാം, ഡെപ്യൂട്ടി കലക്ടര്‍(ആര്.ആര്) വര്‍ഗീസ് പണിക്കര്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) സി. സജീവ്, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്. അനില്‍കുമാര്‍, പുനലൂര്‍ തഹസില്‍ദാര്‍ ബി. ശശികുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ജനസമ്പര്‍ക്ക പരിപാടിയ്ക്കിടെ അഞ്ചല്ഗ്രാമപഞ്ചായത്തിന്റെ ഉദാസീന നടപടികള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാക്കള്‍ പ്രതിഷേധം നടത്തി. കലക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അവര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."