കരിഞ്ചോലമല ഉരുള്‍പൊട്ടലിന്റെ കാരണം കണ്ടെത്തി: അനധികൃത നിര്‍മാണങ്ങള്‍ തന്നെയെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: കട്ടിപ്പാറയിലെ കരിഞ്ചോലമലയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലിന്റെ കാരണം അതീവ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശത്തു നടന്ന അനധികൃത നിര്‍മാണമെന്ന് ഇതുസംബന്ധിച്ച് വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്. സി.ഡബ്ല്യു.ആര്‍.ഡി.എമ്മിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം തയാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിനു സമര്‍പ്പിച്ചു. സബ് കലക്ടര്‍ വി. വിഘ്‌നേശ്വരിക്കു കൈമാറിയ റിപ്പോര്‍ട്ട് അന്തിമ പരിശോധനയ്ക്കു ശേഷം അടുത്തദിവസം സര്‍ക്കാരിനു സമര്‍പ്പിക്കും. കരിഞ്ചോലമലയിലെ അനധികൃത നിര്‍മാണങ്ങളാണ് ദുരന്തത്തിലേക്കു നയിച്ചതെന്ന ശാസ്ത്രീയ സംഘത്തിന്റെ പ്രാഥമിക നിഗമനം ശരിവയ്ക്കുന്നതാണ് അന്തിമ റിപ്പോര്‍ട്ടും.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സി.ഡബ്ല്യു.ആര്‍.ഡി.എം ഡയരക്ടര്‍, ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍, ഭൂജലവകുപ്പ്, ഹൈഡ്രോളജിസ്റ്റ് റീജ്യനല്‍ ടൗണ്‍പ്ലാനര്‍, റൂറല്‍ എസ്.പി, തഹസില്‍ദാര്‍ എന്നിവരടങ്ങുന്ന സമിതി ദുരന്തത്തെക്കുറിച്ച് പഠിച്ചത്. ഉത്ഭവസ്ഥാനത്തുണ്ടായിരുന്ന കൂറ്റന്‍പാറക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂലം ഇളക്കം തട്ടിയത് ദുരന്തത്തിനിടയാക്കി. മലയിലേക്ക് അശാസ്ത്രീയമായി നിര്‍മിച്ച റോഡും മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തി ദുരന്തത്തിലേക്ക് നയിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലയിലെ പാറകള്‍ പാളികളായി കാണപ്പെടുന്നവയാണ്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇവിടെ മണ്ണുനീക്കിയതുമൂലം പാറകളുടെ അടിഭാഗത്ത് ഇളക്കം തട്ടി. മണ്ണൊലിപ്പ് തടയുന്നതിനു സഹായിച്ച മരങ്ങള്‍ മുറിച്ചുമാറ്റിയത് ഉരുള്‍പൊട്ടലിന് ആക്കംകൂട്ടി. യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണിടിച്ചതോടെ മണ്ണിന്റെ സ്വാഭാവിക ഘടനയില്‍ മാറ്റംവന്നു. മൂന്നുദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ പാറക്കു മുകളിലെ മണ്ണ് ഇളകിയതും ദുരന്തത്തിനു കാരണമായി.
ഉരുള്‍പൊട്ടലിന്റെ ഉത്ഭവസ്ഥാനത്തുണ്ടായിരുന്ന കൂറ്റന്‍പാറ താഴേക്കെത്തിയതാണ് ദുരന്തത്തിന്റെ ആക്കംകൂട്ടിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ജലസംഭരണിക്കായി കുന്നിടിച്ച് നിരത്തിയിട്ടുണ്ടെങ്കിലും ഇവിടെ ജലസംഭരണി ഉണ്ടായിരുന്ന കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ല. ഉപഗ്രഹചിത്രം പൂര്‍ണതോതില്‍ ലഭിക്കാത്തതിനാല്‍ ഇതു സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 80 ഡിഗ്രിയോളം ചെരിവുള്ള കുന്നിന്‍ മുകളിലേക്ക് നിര്‍മിച്ച റോഡ് അശാസ്ത്രീയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലയില്‍ എട്ടിടത്ത് ഉരുള്‍പൊട്ടലുണ്ടായെന്നും ഇവിടെ വീണ്ടും ഉരുള്‍പൊട്ടലിനു സാധ്യതയുണ്ടെന്നും പഠനസംഘം മുന്നറിയിപ്പു നല്‍കുന്നു. സി.ഡബ്ല്യു.ആര്‍.ഡി.എം സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വി.പി ദിനേശന്റെ നേതൃത്വത്തില്‍ ഡോ. ജയകുമാര്‍, ഡോ. സി.എം സുശാന്ത്, ഡോ. ദിനില്‍ സോണി, ഗിരീഷ് ഗോപിനാഥ്, ഡോ. അരുണ്‍ കുമാര്‍ എന്നിവരടങ്ങിയ സംഘം കരിഞ്ചോലമലയില്‍ സന്ദര്‍ശനം നടത്തിയാണു പഠനറിപ്പോര്‍ട്ട് തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."