കുടില്‍കെട്ടി സമരം അവസാനിപ്പിച്ചു
ഒറ്റപ്പാലം: ചോറോട്ടൂരിലെ അനിശ്ചിതകാല കുടില്‍കെട്ടി സമരം അവസാനിപ്പിച്ചു. ജനജീവിതം ദുസഹമാക്കിയ വാണിയംകുളം ചോറോട്ടൂരിലെ ജെ.എം.സി ഗ്രാനൈറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെയും സി.പി.എം മനിശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നടത്തിയിരുന്ന അനിശ്ചിതകാല കുടില്‍കെട്ടി സമരമാണ് അവസാനിപ്പിച്ചത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ വ്യവസ്ഥയില്ലാത്തതിനേ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിക്കുകയായിരുന്നു.
26 ദിവസം നീണ്ട സമരത്തിന്റെ വിജയപ്രഖ്യാപനം സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി എസ്. കൃഷ്ണദാസ് നിര്‍വഹിച്ചു. പ്രദേശത്ത് രണ്ട് ക്വാറികള്‍ നിലനില്‍ക്കെ മൂന്നാമതായി കഴിഞ്ഞ ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ജെ.എം.സി ക്വാറിക്കെതിരെയാണ് ശക്തമായ പ്രതിഷേധമുയര്‍ന്നത്. വീടുകളുടെ ചുമരുകള്‍ വിണ്ടുകീറിയും പൊടിശല്യവും ജലക്ഷാമവും രൂക്ഷമായും ജനജീവിതം ദുസഹമായ സാഹചര്യത്തിലാണ് മാര്‍ച്ച് ആറിന് കുടില്‍കെട്ടി സമരം ആരംഭിച്ചത്. പ്രദേശവാസികളുടെ പരാതിയെത്തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചതില്‍ അപാകതകള്‍ കണ്ടെത്തിയിരുന്നു. ഇതോടെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും തുടര്‍ അനുമതി ലഭ്യമായില്ല.
നിശ്ചയിച്ച പരിധിക്കപ്പുറം ക്വാറിയില്‍നിന്ന് പൊടിപടലം ഉയരുന്നതായും പൊടിപടലം അമര്‍ച്ച ചെയ്യാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ ജലസ്രോതസോ ജലസംഭരണിയോ ക്രമീകരിച്ചിട്ടില്ല. കൂട്ടിയിട്ട മണ്ണ് മൂലം ഉണ്ടാകുന്ന മണ്ണൊലിപ്പു തടയാന്‍ ആവശ്യമായ നടപടികള്‍ ക്വാറിയില്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ കണ്ടെത്തി. പൊടിപടലങ്ങള്‍ ഉയരാത്തവിധം ക്വാറിയിലേക്കുള്ള പാത ടാറിട്ടോ കോണ്‍ക്രീറ്റിട്ടോ ബലപ്പെടുത്തിയിട്ടില്ല എന്നീ ന്യുനതകളും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
പോരായ്മകള്‍ പരിഹരിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട് സമര്‍പ്പിക്കണമെന്ന ബോര്‍ഡിന്റെ നിര്‍ദേശവും ഉടമസ്ഥര്‍ പാലിക്കപ്പെട്ടിട്ടില്ല. ക്വാറിയുടെ നടത്തിപ്പിന് പഞ്ചായത്ത് അനുവദിച്ച ലൈസന്‍സ് കാലാവധിയും അവസാനിച്ച സാഹചര്യത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ ലൈസന്‍സ് പുതുക്കി നല്‍കാനും വ്യവസ്ഥയില്ല. ജിയോളജി വകുപ്പും പഞ്ചായത്തും നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ഇനിയും ക്വാറിയുടെ പ്രവര്‍ത്തനം തുടരാനാവില്ലെന്ന് സമരക്കാര്‍ പറഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് വിചാരണ ആരംഭിച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."