സാമൂഹിക വ്യാപനം അരികെ: മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി, ആറു ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നും മന്ത്രി
തിരുവനന്തപുരം: ഉറവിടം കണ്ടെത്താനാവാത്ത കോവിഡ് കേസുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നു. ഓരോ ദിവസവും കേസുകള്‍ ഇരട്ടിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത നിലനില്‍ക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. തിരുവനന്തപുരം അടക്കം ആറു ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ തിരുവനന്തപുരം ജില്ലയില്‍ കൂടുതലാണ്. കൂടുതല്‍ ശ്രദ്ധ ഇവിടെ വേണ്ടതുണ്ട്. ഒരുപാട് ആളുകള്‍ കൂട്ടത്തോടെ എത്തുമ്പോള്‍ ടെസ്റ്റ് പ്രയാസകരമാകുകയാണ്. ആന്റിബോഡി ടെസ്റ്റ് ചെയ്തെങ്കിലും പി.സി.ആര്‍ ടെസ്റ്റ് ചെയ്ത് ഉറപ്പിച്ചശേഷമേ കോവിഡ് ഉണ്ടെന്ന് ഉറപ്പിക്കാനാകൂ. എങ്കിലും രോഗബാധയുണ്ടോ എന്ന് പെട്ടെന്ന് മനസ്സിലാക്കാനാകും. റാപ്പിഡ് ടെസ്റ്റ് നെഗറ്റീവ് ആണെന്ന് കണ്ടാലും 14 ദിവസം കര്‍ശനമായി ക്വാറന്റൈനില്‍ കഴിയണമെന്നും ആമന്ത്രി ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. അവര്‍ക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കോവിഡ് രോഗിയുടെ സ്രവം എടുക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറും ആരോഗ്യവകുപ്പും തമ്മില്‍ പ്രശ്നങ്ങളില്ല. വിദേശത്തുനിന്നും വരുന്ന ആളുകള്‍ക്ക് റാപ്പിഡ് ടെസ്റ്റ് ചെയ്യാമെന്നാണ് ആലോചിക്കുന്നത്. കുറച്ച് ടെസ്റ്റ് കിറ്റുകള്‍ നമ്മുടെ പക്കലുണ്ട്. കൂടുതല്‍ കിറ്റുകള്‍ ശേഖരിച്ചുവരികയാണ്. റാപ്പിഡ് ടെസ്റ്റിന് ആവശ്യമുള്ള ഹെല്‍പ് ഡെസ്‌ക് അടക്കമുള്ള കാര്യങ്ങള്‍ എയര്‍പോര്‍ട്ടില്‍ ഏര്‍പ്പാട് ചെയ്യുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."