ഒമാനിലെ സൂര്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ ചാര്‍ട്ടേഡ് വിമാനം നാടണഞ്ഞു
മസ്‌കറ്റ്: കോവിഡ് പ്രതിസന്ധി മൂലം ലോക്ക് ഡൗണില്‍ പെട്ട് ഒമാനില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ആശ്വാസമായി സൂര്‍ കേരള മുസ്ലിം ജമാഅത്തിന്റെ കീഴില്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ചാര്‍ട്ടര്‍ ചെയ്ത വിമാനം 180 യാത്രക്കാരുമായി നാടണഞ്ഞു. ഇന്നലെ ബുധനാഴ്ച്ച രാവിലെ 9 മണിക്ക് മസ്‌കറ്റ് എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട സലാം എയര്‍ വിമാനം ഉച്ചക്ക് രണ്ട് മണിയോടെ കൊച്ചിയില്‍ ലാന്റ് ചെയ്തു. ഒമാനിലെ ആദ്യമായാണ് ഒരു പ്രാദേശിക സംഘടന വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് രോഗികള്‍, ഗര്‍ഭിണികള്‍, വിസ കാലാവധി കഴിഞ്ഞവര്‍,ജോലി നഷ്ടപ്പെട്ടവര്‍, തുടങ്ങിയവരായിരുന്നു യാത്ര സംഘത്തില്‍ ഉണ്ടായിരുന്നത്. 110 ഒമാനി റിയാലായിരുന്നു ടിക്കറ്റ് നിരക്ക്. മുഖ്യ രക്ഷ്യധികാരി മുഹിയുദ്ധീന്‍ മുസ്ലിയാര്‍ പ്രസി. അസ്വക്കറ്റ് സഈദ് കൂത്തുപറമ്പ് സെക്രട്ടറി ശിഹാബ് വാളക്കുളം വര്‍ക്കിംങ്ങ് പ്രസി. മുഹമ്മദ് വൈലത്തൂര്‍ ട്രഷറര്‍ സ്വാലിഹ് തലയാട്, ഓര്‍ഗനൈസര്‍ സഹല്‍ മലപ്പുറം ആബിദ് മുസ്ലിയാര്‍ എറണാകുളം, ബശീര്‍ സിസ്മ വടക്കാഞ്ചേരി നറീശ് കണ്ണൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യാത്രക്കാരെ മസ്‌ക്കത്ത് വിമാനതാവളത്തില്‍ യാത്രയയപ്പ് നല്‍കി.
അതേസമയം ഇന്നലെ ബുധനാഴ്ച്ച മാത്രം 13 വിമാനങ്ങള്‍ ആണ് മസ്‌കറ്റില്‍ നിന്നും കേരളത്തിലേക്ക് ചാര്‍ട്ടര്‍ ചെയ്തത്. ഇതിലൂടെ ഒറ്റ ദിവസം കൊണ്ട് 2600 മലയാളികള്‍ക്ക് നാടാണയാനായി. കെഎംസിസി മസ്‌കറ്റില്‍ നിന്നും സലാലയില്‍ നിന്നും രണ്ട് വീതം സര്‍വ്വീസ് നടത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍, വടകര സൗഹൃദ വേദി, സേവാഭാരതി തുടങ്ങിയവരും സര്‍വ്വീസ് നടത്തി.
ഒമാനില്‍ നിന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ് കയ്യുറ തുടങ്ങിയ സുരക്ഷ ഉപകരണങ്ങള്‍ ധരിച്ചാല്‍ മതിയെന്ന കേരള സര്‍ക്കാരിന്റെ തീരുമാനം പ്രവാസികള്‍ സ്വാഗതം ചെയ്യുന്നുവെങ്കിലും വിമാനം ചാര്‍ട്ടര്‍ ചെയ്യണമെങ്കില്‍ വ്യാഴായ്ച്ച മുതല്‍ വിമാന കമ്പനികള്‍ നേരിട്ട് എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓപറേറ്റര്‍ക്ക് (എ. ടി. ഒ )അപേക്ഷ നല്‍കണമെന്ന ഉത്തരവിറങ്ങിയത് തിരിച്ചടിയായി. സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ക്ലിയറന്‍സും എംബസിയില്‍ നിന്ന് എന്‍ഒസിയും ലഭിച്ച ശേഷം സിവില്‍ ഏവിയേഷന്‍ ഡയറക്ടേറ്റ് ജനറലിനെ സമീപിക്കുകയും ക്ലിയറന്‍സ് നേടുകയും വേണം.
കേരള ഗവണ്മെന്റിന്റെയും സിവില്‍ ഏവിയേഷന്റെയും ക്ലിയറന്‍സ് സംഘാടകര്‍ തന്നെ നേടണമെന്നത് സംഘടനകളെ സംബന്ധിച്ചിടത്തോളം വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നത് ഏറെ സംങ്കീര്‍ണ്ണമാക്കും. അതിനാല്‍ സര്‍വ്വീസ് നടത്തുന്ന സംഘടനകളും കമ്പനികളും ഇതില്‍ നിന്ന് പിന്മാറാനാണ് സാധ്യത എന്ന് ട്രാവല്‍സ് മേഖലയിലെ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."