പൊതു കുളം കൈയേറി മതില് കെട്ടിയത് പൊലിസ് തടഞ്ഞു
കാക്കനാട്: പൊതുകുളം സ്വകാര്യ വ്യക്തി കൈയേറിയത് പൊലിസ് ഇടപെട്ട് തടഞ്ഞു. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിന് സമീപം അമ്പാടിമൂല കിഴക്കേക്കര റോഡില്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള പൊതുകുളത്തിലേക്ക് കോണ്‍ക്രീറ്റ് ഭിത്തികെട്ടി സ്വകാര്യ വ്യക്തി അധീനതയിലാക്കാനുള്ള ശ്രമം തൃക്കാക്കര പൊലീസ് തടഞ്ഞത്.
വര്‍ഷങ്ങളുടെ പഴക്കമുള്ള കുളം സംരക്ഷിക്കണമെന്ന് ആവശ്യം ശക്തമായിരിക്കെയാണ് സ്വകാര്യ വ്യക്തി പുരയിടത്തിലെ സ്ഥലത്തിനോട് ചേര്‍ന്നുള്ള പൊതുകുളം കൂടി കൈയേറിയത്.
തൃക്കാക്കര അസി.പൊലിസ് കമീഷണര്‍ ബിനോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തൃക്കാക്കര എസ്.ഐ എ.എന്‍.ഷാജുവിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രിയില്‍ പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
പൊതുകുളത്തിലേക്ക് രണ്ടര മീറ്റര്‍ സ്വകാര്യവ്യക്തി കൈയേറിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. കൈയേറ്റക്കാരനെതിരെ പൊലിസ് സ്വമേധയായ കേസെടുത്തു. കുളത്തിന്റെ നാല് വശങ്ങളിലും സ്വകാര്യ വ്യക്തികള്‍ കൈയേറിയിട്ടുണ്ട്. ഇവരുടെ കൈയേറ്റം ഉള്‍പ്പെടെ പരിശോധിക്കാന്‍ പൊലിസ് വില്ലേജ് അധികൃതരോട് ആവശ്യപ്പെടും. ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന അമ്പത് ദിനം നൂറ് കുളം സംരക്ഷണ പരിപാടിയുടെ ഭാഗമായാണ് പൊതുകുളം സംരക്ഷണം പൊലിസ് ഏറ്റെടുത്തിരിക്കുന്നത്. അടുത്തയിടെ കാക്കനാട് മീഡിയ അക്കാദമിക്ക് സമീപം സീപോര്‍ട്ട് റോഡില്‍ തൊട്ടടുത്തുള്ള പാറക്കുളം സമീപവാസികളുടെ കൈയേറ്റ ഭീഷണിയെ തുടര്‍ന്ന് റെവന്യു അധികൃതര്‍ പിടിച്ചെടുത്ത് സര്‍ക്കാര്‍ അധീനതയിലാണെന്ന് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഈ കുളം നവീകരിച്ച് പൊലിസിനും ഫയര്‍ഫോഴ്സിനും നിര്‍മാണ മേഖലകളിലേക്കും ആവശ്യമുള്ള വെള്ളം ശേഖരിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കടുത്ത വേനലില്‍ പ്രദേശത്തെ നീരുറവകള്‍ സംരക്ഷിക്കുന്ന കുളങ്ങളും തോടുകളും കൈയേറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റെവന്യു,പൊലിസ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."