ജേക്കബ് തോമസിന്റെ രാജിയില്‍ തീരുമാനമായില്ല; ചാലക്കുടിയില്‍ ട്വന്റി ട്വന്റി പിന്മാറി
കൊച്ചി: ചാലക്കുടി ലോക്‌സഭാമണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്വന്റി ട്വന്റി പിന്മാറി. മുന്‍ ഡി.ജി.പി ജേക്കബ് തോമസിനെ മത്സരിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ജേക്കബ് തോമസ് സര്‍ക്കാരിന് സ്വയം വിരമിക്കല്‍ അപേക്ഷ സമര്‍പ്പിച്ച് 10 ദിവസം കഴിഞ്ഞിട്ടും തീരുമാനമാകാത്ത സാഹചര്യത്തിലാണ് പിന്മാറ്റമെന്ന് ട്വന്റി ട്വന്റി പ്രസിഡന്റ് സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മറ്റൊരു സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനോ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനോ ഇനി സമയമില്ലാത്തതിനാലാണ് ചാലക്കുടിയില്‍ നിന്നു പിന്മാറുന്നത്.
ജേക്കബ് തോമസ് സസ്‌പെന്‍ഷനിലിരിക്കുന്നതുകൊണ്ടാണോ നടപടി വൈകുന്നതെന്ന ചോദ്യത്തിന്, സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ച് സസ്‌പെന്‍ഷനിലിരിക്കുന്നവരുടെ രാജി സ്വീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി.
ട്വന്റി ട്വന്റിയെ ഭയക്കുന്നതുകൊണ്ടായിരിക്കും രാജി സ്വീകരിക്കാന്‍ വൈകുന്നത്. ജേക്കബ് തോമസിനെതിരെ നിലനില്‍ക്കുന്ന വിജിലന്‍സ് അന്വേഷണം, സസ്‌പെന്‍ഷന്‍ എന്നിവയെല്ലാം വിശദമായി പഠിച്ചതിനു ശേഷമാണ് സ്ഥാനാര്‍ഥിത്വം തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ച പ്രമുഖ അഭിഭാഷകന്‍ പിന്മാറിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ജേക്കബ് തോമസിനെ മാത്രമേ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വന്റി ട്വന്റിയിലൂടെ കിഴക്കമ്പലം പഞ്ചായത്തില്‍ നിരവധി പദ്ധതി നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. സര്‍ക്കാരിന്റെ സര്‍വേകളിലല്ല വികസനം മറിച്ച്, ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതസൗകര്യം നല്‍കുമ്പോഴാണ് വികസനം യാഥാര്‍ഥ്യമാകുന്നത്. അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ഥികളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യ പ്രക്രിയയില്‍ സജീവമാകും: ജേക്കബ് തോമസ്
കൊച്ചി: ചാലക്കുടിയില്‍ ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ടാകില്ലെങ്കിലും ജനാധിപത്യ പ്രക്രിയയില്‍ സജീവമായിരിക്കുമെന്ന് മുന്‍ ഡി.ജി.പി ജേക്കബ് തോമസ്.
എറണാകുളം പ്രസ്‌ക്ലബ്ബില്‍ ട്വന്റി ട്വന്റി നടത്തിയ വാര്‍ത്താസമ്മേളനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരരംഗത്തുണ്ടാകുമെന്ന ഉറച്ച നിലപാടിലായിരുന്നു. എന്നാല്‍ സര്‍ക്കാരിന് രാജി സമര്‍പ്പിച്ച് പത്തു ദിവസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പിന്മാറ്റം. ട്വന്റി ട്വന്റിയുമായി ചേര്‍ന്നായിരിക്കും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വയം വിരമിക്കല്‍ അപേക്ഷയില്‍ നടപടി വൈകുന്നതില്‍ നിയമപോരാട്ടം നടത്തുമോ എന്ന ചോദ്യത്തിന്, ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."